ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകന്‍ സഞ്‌ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യആസൂത്രകനായ സ്‌കൂള്‍ അധ്യാപകന്‍ അറസ്‌റ്റില്‍

0

പാലക്കാട്‌: ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകന്‍ സഞ്‌ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യആസൂത്രകനായ സ്‌കൂള്‍ അധ്യാപകന്‍ അറസ്‌റ്റില്‍ . ആലത്തൂര്‍ പള്ളിപ്പറമ്പ്‌ ദാറുസലാം വീട്ടില്‍ ബാവ (ബാവ മാസ്‌റ്റര്‍ – 59)യാണ്‌ അറസ്‌റ്റിലായത്‌. ആലത്തൂര്‍ ഗവണ്‍മെന്റ്‌ ജി.എം.എല്‍.പി. സ്‌കൂളിലെ അധ്യാപകനായിരുന്ന ഇയാള്‍ വിരമിക്കുന്നതിന്‌ തൊട്ടുമുമ്പേ കൊലക്കേസില്‍ ഉള്‍പ്പെട്ടതിനാല്‍ സസ്‌പെന്‍ഷനിലായി. പോപ്പുലര്‍ ഫ്രണ്ടിന്റെ പുതുനഗരം ഡിവിഷന്‍ പ്രസിഡന്റാണ്‌.
കഴിഞ്ഞ നവംബര്‍ 15-നാണു ഭാര്യയോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സഞ്‌ജിത്തിനെ മമ്പറത്തുവച്ച്‌ അക്രമിസംഘം കൊലപ്പെടുത്തിയത്‌. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത അഞ്ചുപേര്‍ ഉള്‍പ്പെടെ 12 പേര്‍ അറസ്‌റ്റിലായി. എട്ടോളം പേരെ പിടികൂടാനുണ്ട്‌. സംഭവശേഷം ഒളിവില്‍ പോയ ബാവ മുഖ്യ ഗൂഢാലോചനകളില്‍ പങ്കെടുത്തയാളും ആസൂത്രകനുമാണെന്നു പോലീസ്‌ പറഞ്ഞു.
വ്യാഴാഴ്‌ച ഇയാള്‍ തൃശൂര്‍ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സ്‌റ്റാന്‍ഡ്‌ പരിസരത്തുണ്ടെന്ന്‌ രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന്‌ പോലീസ്‌ സ്‌ഥലത്തെത്തി കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിനുശേഷം അറസ്‌റ്റ്‌ രേഖപ്പെടുത്തി. സഞ്‌ജിത്ത്‌ വധക്കേസ്‌ സി.ബി.ഐ. അന്വേഷിക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. സഞ്‌ജിത്തിന്റെ കൊലപാതകത്തിനു പകരമായാണ്‌ പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകന്‍ സുബൈറിനെ കഴിഞ്ഞ 15-ന്‌ വകവരുത്തിയത്‌. ഇതിനു പകരംവീട്ടാന്‍ 24 മണിക്കൂര്‍ തികയും മുമ്പേ ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയിരുന്നു.

Leave a Reply