നെടുമങ്ങാടുള്ള ഹോട്ടലിൽനിന്നു ഭക്ഷണം പൊതിഞ്ഞു നൽകിയ പേപ്പറിൽ പാമ്പിന്റെ തൊലിയുടെ അവശിഷ്ടം കണ്ടെത്തി

0

തിരുവനന്തപുരം∙ നെടുമങ്ങാടുള്ള ഹോട്ടലിൽനിന്നു ഭക്ഷണം പൊതിഞ്ഞു നൽകിയ പേപ്പറിൽ പാമ്പിന്റെ തൊലിയുടെ അവശിഷ്ടം കണ്ടെത്തി. ചന്തമുക്കിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽനിന്നു പൊറോട്ട വാങ്ങിയ പൊതിയിലാണ് അവശിഷ്ടം കണ്ടെത്തിയത്. ഭക്ഷണം വാങ്ങിയ കുടുംബത്തിന്റെ പരാതിയെ തുടർന്ന് ഹോട്ടലിൽ പരിശോധന നടത്തിയ ഭക്ഷ്യ സുരക്ഷാ വിഭാഗം ഹോട്ടൽ തൽക്കാലത്തേക്ക് അടയ്ക്കാൻ നിർദേശിച്ചു.

ശുചീകരണ ജോലികൾ നടത്തിയശേഷം ഹോട്ടലിനു പ്രവർത്തിക്കാനാണു നിർദേശം നൽകിയിരിക്കുന്നത്. പൂവത്തൂർ സ്വദേശി പ്രിയയാണ് പത്താം ക്ലാസ് വിദ്യാർഥിയായ മകൾക്കുവേണ്ടി പൊറോട്ട വാങ്ങിയത്. ഭക്ഷണം കഴിക്കുന്നതിനിടെയാണ് അവശിഷ്ടം ശ്രദ്ധയിൽപ്പെട്ടത്. പൊറോട്ട പൊതിഞ്ഞിരുന്ന പ്ലാസ്റ്റിക് പേപ്പറിനെ പൊതിഞ്ഞിരുന്ന ന്യൂസ് പേപ്പറിലാണ് അവശിഷ്ടം കണ്ടത്.

തുടർന്ന്, നെടുമങ്ങാട് പൊലീസിനെ വിവരം അറിയിച്ചു. അവർ ഭക്ഷ്യസുരക്ഷാ വിഭാഗത്തെ ബന്ധപ്പെടാൻ നിർദേശിച്ചു. പരാതിയെ തുടർന്നു സ്ഥലത്തെത്തിയ ഭക്ഷ്യ സുരക്ഷാ വിഭാഗം ഭക്ഷണം പൊതിഞ്ഞ പേപ്പർ‌ പരിശോധനയ്ക്കായി കൊണ്ടുപോയി. ഹോട്ടലിലും പരിശോധന നടത്തി. ഇഴജന്തുവിന്റെ അവശിഷ്ടമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണു ഹോട്ടൽ വൃത്തിയാക്കാൻ നിർദേശം നൽകിയത്.

Leave a Reply