ജയ്ഷെ മുഹമ്മദ്, ലഷ്കറെ തയിബ അടക്കം പാക്കിസ്ഥാൻ ആസ്ഥാനമായ ഭീകരസംഘടനകൾക്ക് അഫ്ഗാനിസ്ഥാനിൽ പരിശീലന ക്യാംപുകളുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന റിപ്പോർട്ട്

0

ന്യൂയോർക്ക് ∙ ജയ്ഷെ മുഹമ്മദ്, ലഷ്കറെ തയിബ അടക്കം പാക്കിസ്ഥാൻ ആസ്ഥാനമായ ഭീകരസംഘടനകൾക്ക് അഫ്ഗാനിസ്ഥാനിൽ പരിശീലന ക്യാംപുകളുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന റിപ്പോർട്ട്. ഇതിൽ താലിബാനുമായി ആശയപരമായ അടുപ്പമുള്ള ജയ്ഷെ മുഹമ്മദിന്റെ 8 ക്യാംപുകളിൽ മൂന്നെണ്ണം താലിബാന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണെന്നും താലിബാൻ ഉപരോധ സമിതി തയാറാക്കിയ 13–ാം റിപ്പോർട്ടിൽ പറയുന്നു.

യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂർത്തിയാണ് ഉപരോധ സമിതിയുടെ അധ്യക്ഷൻ. അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചശേഷമുള്ള ആദ്യ റിപ്പോർട്ടാണിത്.

അഫ്ഗാനിസ്ഥാനിലെ വിദേശ ഭീകരപ്രവർത്തകരിലേറെയും തെഹ്‌രികെ താലിബാൻ പാക്കിസ്ഥാൻ അംഗങ്ങളാണ്. അഫ്ഗാൻ–പാക്കിസ്ഥാൻ അതിർത്തി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘടനയിൽ 3,000–4,000 അംഗങ്ങളുണ്ടെന്നാണ് യുഎൻ റിപ്പോർട്ട്.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ഖായിദ വിഭാഗത്തിന് (എക്യൂഐഎസ്) 400 ൽ താഴെ അംഗങ്ങളേയുള്ളുവെങ്കിലും അവരുടെ പ്രവർത്തനം അഫ്ഗാനിൽനിന്നു കശ്മീരിലേക്ക് കേന്ദ്രീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഭീകരസംഘടനയുടെ മാഗസിന്റെ പേര് നവായി അഫ്ഗാൻ ജിഹാദ് എന്നതിൽനിന്ന് നവായി ഗസ്‌വാഹി ഹിന്ദ് എന്നാക്കി 2020 ൽ മാറ്റിയത് കശ്മീരിലേക്കു ശ്രദ്ധ മാറ്റിയതുമൂലമാണെന്നും വിലയിരുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here