കോട്ടയം ജില്ലയിലും ഓൺലൈൻ വായ്പ തട്ടിപ്പുകൾ പെരുകുന്നതായി റിപ്പോർട്ട്

0

കോട്ടയം: കോട്ടയം ജില്ലയിലും ഓൺലൈൻ വായ്പ തട്ടിപ്പുകൾ പെരുകുന്നതായി റിപ്പോർട്ട്. ഒരു വർഷത്തിനിടെ നൂറോളം കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. നിരവധിപേർ ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങിയെന്നും സൈബർ സെൽ വിഭാഗത്തിൻറെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. തട്ടിപ്പിനിരയാകുന്നവരിൽ അധികവും വീട്ടമ്മമാരാണ്. 40 വയസ്സിന് താഴെയുള്ളവരാണ് കെണിയിൽ വീണതിൽ അധികവും. ഇടത്തരം കുടുംബങ്ങളെ ലക്ഷ്യവെച്ചാണ് ഓൺലൈൻ തട്ടിപ്പ് ലോബി പ്രവർത്തിക്കുന്നത്. മാസത്തിൽ മൂന്നുമുതൽ 10 വരെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും മലയാളികളടക്കമുള്ളവർ തട്ടിപ്പുസംഘത്തിലുണ്ടെന്നുമാണ് ജില്ല സൈബർ വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.

അതേസമയം സംസ്ഥാനത്ത് ഓൺലൈൻ ലോൺ ആപ്പുകൾ വീണ്ടും ഭീഷണിയുമായി രം​ഗത്ത് എത്തിയിട്ടുണ്ട്. നേരത്തേ, പണം നൽകിയ ശേഷം തിരിച്ചടക്കാതിരുന്നാലാണ് ഭീഷണിയുമായി ഇക്കൂട്ടർ എത്തിയിരുന്നതെങ്കിൽ ഇപ്പോൾ ലോൺ പാസായെന്നും അതിന്റെ പ്രോസസിം​ഗ് ഫീസ് അടക്കണമെന്നും പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നത്. കൊല്ലം ജില്ലയിലെ ബിജെപി നേതാവായ ബിനോയ് ജോർജ്ജ് ഇത് സംബന്ധിച്ച് പൊലീസിന് പരാതി നൽകി. ബിനോയ് ജോർജ്ജിനെ ഈ മാസം അ‍ഞ്ചാം തീയതിയാണ് തട്ടിപ്പ് സംഘം ബന്ധപ്പെട്ടത്. സമാനമായ രീതിയിൽ പരാതിയുമായി ഒന്നിലധികം പേരും പൊലീസിനെ സമീപിച്ചിട്ടുണ്ട്.

മിനിറ്റുകൾക്കുള്ളിൽ ആവശ്യമുള്ള പണം ലോണായി അക്കൗണ്ടിൽ നൽകുന്ന ഓൺലൈൻ ലോൺ ആപ്പുകളും അവ നടത്തുന്ന തട്ടിപ്പുകളുമെല്ലാം കേരളത്തിൽ വ്യാപകമാവുകയാണ്. ലളിതമായ വ്യവസ്ഥയിൽ മിനിറ്റുകൾക്കുള്ളിൽ ലോൺ എന്ന പരസ്യവാചകത്തിൽ ആകൃഷ്ടരായി ഒരുപാട് സാധാരണക്കാർ കെണിയിൽ പെട്ടിരുന്നു. വായ്പ ആയി ലഭിച്ച പണം തിരിച്ച് അടയ്ക്കാൻ സാധിക്കാത്ത അവസ്ഥയിൽ നഗ്ന ഫോട്ടോകൾ ഉൾപ്പെടെ പ്രചരിപ്പിക്കുകയാണ് അവർ ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ഓൺലൈൻ ആപ്പുകൾ വഴി ഇനി പണം എടുത്തില്ലെങ്കിലും പണി കിട്ടുമെന്ന അവസ്ഥയാണ്. ഓൺലൈൻ ആപ്പുകളുടെ തട്ടിപ്പ് പുതിയ രീതിയിലേക്ക് മാറുകയാണ്. ലോൺ പാസായെന്ന് ഇങ്ങോട്ട് മെസേജ് അയച്ച് അങ്ങോട്ട് പണം ആവശ്യപ്പെടുകയും പണമടച്ചില്ലെങ്കിൽ നഗ്ന ഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപെടുത്തുകയും ചെയ്യുന്നുവെന്ന് വ്യാപക പരാതികളാണ് ഉയരുന്നത്.
തട്ടിപ്പിന്റെ പുതിയ രീതി
ഓൺലൈൻ ലോൺ സെന്ററിൽ നിന്നും വാട്സാപ്പിൽ കൂടി മെസ്സേജ് വരും നിങ്ങൾക്ക് 75000രൂപ ലോൺ പാസായി എന്നും അതിന്റെ സർവീസ് ചാർജ് ആയ 7000രൂപ ഇപ്പോൾ തന്നെ അടക്കണമെന്നും. എന്നാൽ ഏതെങ്കിലും കാരണവശാൽ ആ പണം അടച്ചില്ലെങ്കിൽ നിങ്ങളുടെ വാട്സാപ്പിലെ പ്രൊഫൈലും ഫേസ് ബുക്കിൽ നിന്നും ഉള്ള ഫോട്ടോയും എടുത്ത് മോർഫ് ചെയ്ത് യുട്യൂബിൽ ഇടുമെന്ന ഭീഷണിയാണ് മെസ്സേജായി ലഭിക്കുന്നത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കാണ് ഇങ്ങനെ മെസ്സേജ് വരുന്നത്. സ്ത്രീകളെയും പുരുഷന്മാരെയും മാനസിക സമ്മർദ്ദത്തിലാക്കി ലക്ഷങ്ങൾ കൈക്കലാക്കി ആത്മഹത്യയിലേക്ക് വരെ എത്തിക്കുന്ന തരത്തിലാണ് ഓൺലൈൻ ലോൺ ആപ്പുകൾ വ്യാപകമാവുന്നത്.

Leave a Reply