പണം വാങ്ങിയതിന്റെ തെളിവുണ്ടെങ്കിൽ കാണിക്കണം; 43 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെങ്കിൽ അതിനുള്ള മീന്‍ കൊടുത്തിട്ടുണ്ട് ‘; വഞ്ചനാക്കേസില്‍ പ്രതികരിച്ച് ധര്‍മജന്‍

0

കൊച്ചി: തനിക്കെതിരേ ഉയര്‍ന്ന വഞ്ചനാക്കേസില്‍ പ്രതികരിച്ച് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. മൂവാറ്റുപുഴ സ്വദേശിയുടെ പരാതിയിലാണ് നടൻ ധർമജനെതിരെ കേസെടുത്തിരിക്കുന്നത്. 43 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതിയിൽ പറയുന്നത്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള മത്സ്യക്കടയുടെ ഫ്രാഞ്ചൈസി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയെന്നും അതിന്റെ പേരില്‍ ഗഡുക്കളായി പണം വാങ്ങിയെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. എന്നാല്‍ വാക്ക് നല്‍കിയത് പ്രകാരം ധര്‍മജന്‍ മത്സ്യം എത്തിച്ചില്ലെന്നും ഒടുവില്‍ കബളിക്കപ്പെട്ടതായി മനസ്സിലായെന്നും ഇയാള്‍ പരാതിയില്‍ പറയുന്നു.

താന്‍ ആരെയും വഞ്ചിച്ചിട്ടില്ലെന്നും 43 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെങ്കില്‍ അതിനുള്ള മീന്‍ പരാതിക്കാരന് നല്‍കിയിട്ടുണ്ടെന്ന് ധര്‍മജന്‍ പറഞ്ഞു.
താന്‍ ആരെയും പണംവാങ്ങി വഞ്ചിച്ചിട്ടില്ലെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി പറഞ്ഞു. തനിക്കെതിരേയുള്ളത് വ്യാജ പരാതിയാണ്. ഇതുവരെ ഒരാളുടെയെങ്കിലും കൈയില്‍നിന്ന് പണം വാങ്ങിയതിന്റെ തെളിവോ ചെക്കോ എന്തെങ്കിലുമുണ്ടെങ്കില്‍ തെളിവുസഹിതം കാണിക്കാന്‍ തയ്യാറാകണം. ഒരുപാട് പേര്‍ക്ക് തൊഴില്‍നല്‍കാനായി ആരംഭിച്ച സംരംഭമാണിത്.

ആര്‍ക്കും അഞ്ചുരൂപ പോലും താന്‍ നല്‍കാനില്ല. 43 ലക്ഷം രൂപ സ്ഥാപനത്തിന് പരാതിക്കാരന്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അതിനുള്ള മീന്‍ പരാതിക്കാരന്‍ വാങ്ങിയിട്ടുണ്ട്. അതിനുള്ള തെളിവുകള്‍ കൈവശമുണ്ട്. ധര്‍മൂസ് ഫിഷ് ഹബ്ബിന്റെ പാര്‍ട്ണര്‍മാരില്‍ 11-ാമത്തെ ആളാണ് ഞാന്‍. പക്ഷേ, പരാതിവന്നപ്പോള്‍ താന്‍ ഒന്നാം പ്രതിയായതെങ്ങനെയെന്ന് അറിയില്ലെന്നും ധര്‍മജന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here