രാജ്യദ്രോഹക്കുറ്റത്തിന്റെ നിയമ സാധുത: വിശാല ബെഞ്ചിനു വിടുന്നതില്‍ ചൊവ്വാഴ്ച വാദം

0

 
ന്യൂഡല്‍ഹി: ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124 എ വകുപ്പ് അനുസരിച്ചുള്ള രാജ്യദ്രോഹക്കുറ്റം റദ്ദാക്കണമെന്ന ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ വിശാല ബെഞ്ചിനു വിടണോയെന്ന കാര്യത്തില്‍ സുപ്രീം കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും. 1962ലെ കേദാര്‍നാഥ് കേസില്‍ അഞ്ചംഗ ബെഞ്ച് ഇതേ വകുപ്പു ശരിവച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണിത്.

ചീഫ് ജസ്റ്റിസ് എന്‍വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോലി എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്. വിശാല ബെഞ്ചിനു വിടുന്ന കാര്യത്തില്‍ വാദങ്ങള്‍ എഴുതി നല്‍കാന്‍ ഹര്‍ജിക്കാരോടും സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു. 

രാവിലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ മറുപടി സത്യവാങ്മൂലം നല്‍കാന്‍ സമയം വേണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. മറുപടി തയാറാണെന്നും ബന്ധപ്പെട്ട അധികാരിയുടെ അനുമതി തേടേണ്ടതുകൊണ്ടാണ് വൈകുന്നതെന്നും മേത്ത അറിയിച്ചു. പത്തു മാസം മുമ്പ് നോട്ടീസ് നല്‍കിയതാണെന്നു കോടതി ചൂണ്ടിക്കാട്ടിയപ്പോള്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ വാദിക്കുന്നത് ഉചിതമാവില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. 
രാജ്യദ്രോഹക്കുറ്റം നിലനില്‍ത്തണമെന്നും എന്നാല്‍ ദുരുപയോഗം തടയാന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ വേണമെന്നും അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ പറഞ്ഞു. രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് കോടതിക്ക് അറിയാം. കഴിഞ്ഞ ദിവസം ഹനുമാന്‍ ചാലിസ ചൊല്ലിയതിന് ഈ വകുപ്പ് പ്രകാരം ആരെയോ അറസ്റ്റ് ചെയ്തു. അതുകൊണ്ട് ദുരുപയോഗം തടയാന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ഉണ്ടായേ തീരൂ. കേദാര്‍ നാഥ് വിധി വിശാലബെഞ്ചിനു വിടേണ്ടതില്ലെന്ന് എജി അഭിപ്രായപ്പെട്ടു. 
കേദാര്‍നാഥ് വിധി പരാമര്‍ശിക്കാതെ തന്നെ ഹര്‍ജികളില്‍ വാദം കേള്‍ക്കാവുന്നതാണെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ കപില്‍ സിബല്‍ പറഞ്ഞു.

Leave a Reply