കെ.എസ്.ആർ.ടി.സി. ഡിപ്പോകളിലും ഡമ്പിങ് യാർഡുകളിലും ഉപേക്ഷിച്ച ബസുകളുടെ വിവരങ്ങൾതേടി ഹൈക്കോടതി

0

കൊച്ചി: കെ.എസ്.ആർ.ടി.സി. ഡിപ്പോകളിലും ഡമ്പിങ് യാർഡുകളിലും ഉപേക്ഷിച്ച ബസുകളുടെ വിവരങ്ങൾതേടി ഹൈക്കോടതി. എത്ര ബസുകളാണ് ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ടു കിടക്കുന്നത്, എത്രനാളായി ഇങ്ങനെ ഇട്ടിരിക്കുന്നു, എത്ര കിലോമീറ്റർ ഒാടിയവയാണ് ഇവ, എത്ര വർഷമായ ബസുകളാണ്, ഇവ എന്തുചെയ്യാനാണ് പദ്ധതി തുടങ്ങിയ വിഷയങ്ങളിലാണ് വിശദീകരണം തേടിയിരിക്കുന്നത്.

2800 കെ.എസ്.ആർ.ടി.സി. ബസുകൾ തുരുമ്പെടുത്തു നശിക്കുന്നെന്ന് ആരോപിച്ച് കാസർകോട് സ്വദേശി എൻ. രവീന്ദ്രൻ നൽകിയ പൊതുതാത്പര്യ ഹർജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

കാലാവധി കഴിഞ്ഞതിനാൽ ഉപേക്ഷിക്കപ്പെട്ട 600-ഒാളം ബസുകളാണ് യാർഡുകളിൽ കിടക്കുന്നതെന്നായിരുന്നു കെ.എസ്.ആർ.ടി.സി.യുടെ വിശദീകരണം. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെ.എസ്.ആർ.ടി.സി.ക്ക് ഇക്കാര്യത്തിലടക്കം കൂടുതൽ കാര്യക്ഷമത ആവശ്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

Leave a Reply