ശമ്പള പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ കെ.എസ്‌.ആര്‍.ടി.സി. ജീവനക്കാര്‍ നടത്തിയ 24 മണിക്കൂര്‍ സമരം യാത്രക്കാരെ വലച്ചു

0

തിരുവനന്തപുരം : ശമ്പള പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ കെ.എസ്‌.ആര്‍.ടി.സി. ജീവനക്കാര്‍ ഇന്നലെ നടത്തിയ 24 മണിക്കൂര്‍ സമരം യാത്രക്കാരെ വലച്ചു. ഭൂരിപക്ഷം ബസുകളും ഓടിയില്ല. ഭൂരിപക്ഷം ഡിപ്പോകളിലും സര്‍വീസുകള്‍ മുടങ്ങി.
അപ്പോഴും 3097 സ്‌ഥിരം ജീവനക്കാരും 359 താല്‍ക്കാലിക ജീവനക്കാരുമടക്കം 3456 ജീവനക്കാര്‍ ജോലിക്കെത്തിയെന്നാണ്‌ അധികൃതര്‍ പറയുന്നത്‌. സൂപ്പര്‍ ക്ലാസുകളിലും സിറ്റി അവശ്യ സര്‍വീസുകളിലും ബസ്‌ ഓടിച്ചെന്ന്‌ സി.എം.ഡി: ബിജു പ്രഭാകര്‍ അറിയിച്ചു.
സി.ഐ.ടി.യു. ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ്‌ പണിമുടക്ക്‌ പ്രഖ്യാപിച്ചത്‌. അതേസമയം, സമരത്തിനു പിന്തുണ നല്‍കി കെ.എസ്‌.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു) യിലെ ഒട്ടേറെ ജീവനക്കാരും ഹാജരായില്ല. 4641 ജീവനക്കാരില്‍ 1318 പേരേ ജോലിക്കെത്തിയുള്ളൂവെന്ന്‌ സമരാനുകൂലികള്‍ പറയുന്നു. ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ്‌ ഭരണക്ഷി സംഘടനയായ എ.ഐ.ടി.യു.സി, കോണ്‍ഗ്രസ്‌ സംഘടനയായ ടി.ഡി.എഫ്‌, ബി.ജെ.പി. അനുകൂല സംഘടനയായ ബി.എം.എസ്‌. എന്നിവ പണിമുടക്കിയത്‌.
എല്ലാ മാസവും അഞ്ചിനു മുമ്പ്‌ ശമ്പളം നല്‍കുമെന്ന്‌ ശമ്പളക്കരാര്‍ ഒപ്പിട്ടപ്പോള്‍ യൂണിയനുകളുമായി ധാരണ ഉണ്ടാക്കിയിരുന്നു. പത്താം തീയതി ശമ്പളം നല്‍കാമെന്ന സര്‍ക്കാര്‍ നിലപാടിനോട്‌ യോജിക്കാനാകില്ലെന്നും അഞ്ചിനകം നല്‍കണമെന്നും പണിമുടക്കിനിറങ്ങിയ സംഘടനകള്‍ നിലപാടെടുത്തു. അടുത്ത മാസം മുതല്‍ അഞ്ചിനു ശമ്പളം കിട്ടുമെന്ന്‌ ഉറപ്പ്‌ ലഭിച്ചതിനാലാണ്‌ സമരത്തില്‍ പങ്കെടുക്കാതിരുന്നതെന്നു സി.ഐ.ടി.യു നേതൃത്വം പറയുന്നു.
കെ.എസ്‌.ആര്‍.ടി.സി- സ്വിഫ്‌റ്റ്‌ ഇന്നലെ അധിക സര്‍വീസുകള്‍ നടത്തി. പ്രതിദിനം 25 സര്‍വീസുകളാണ്‌ സ്വിഫ്‌റ്റ്‌ നടത്തിവന്നത്‌. ഇതിനു പുറമേ ഇന്നലെ തിരുവനന്തപുരത്തുനിന്നും കോഴിക്കോട്‌ (2), കോട്ടയം (2), കൊട്ടാരക്കര (1), ബംഗളുരു (1) എന്നിവിടങ്ങളിലേക്ക്‌ അധിക സര്‍വീസുകളും നടത്തിയതായി സി.എം.ഡി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here