സൈക്കിളിൽ നിന്ന് വീണ് പരിക്ക്; വഴക്ക് കേൾക്കാതിരിക്കാൻ കുട്ടിയുണ്ടാക്കിയ കള്ളക്കഥയിൽ പെട്ടുപോയത് അയൽവാസി; നെടുങ്കണ്ടം സ്വദേശി പിടിച്ച പുലിവാലിന്റെ കഥ ഇങ്ങനെ..

0

തൊടുപുഴ: സൈക്കിളിൽ നിന്ന് വീണ് പരിക്കേറ്റ കുട്ടി വീട്ടിൽ നിന്ന് വഴക്ക് കേൾക്കാതിരിക്കാൻ ഉണ്ടാക്കിയ കള്ളക്കഥയിൽ ബലിയാടായത് അയൽവാസി. ഇടുക്കി നെടുങ്കണ്ടതാണ് സംഭവം. സൈക്കിളിൽനിന്ന് തള്ളിത്താഴെയിട്ട് സന്തോഷ് തന്നെ കോൺക്രീറ്റ് റോഡിലൂടെ വലിച്ചിഴച്ചെന്നായിരുന്നു കുട്ടിയുടെ പരാതി.

ഈ പരാതി വ്യാജമാണെന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. ആരോപണ വിധേയനായിരുന്ന നെടുങ്കണ്ടം സ്വദേശി പുളിക്കപ്പറമ്പിൽ സന്തോഷ് നിരപരാധിയാണെന്ന് തെളിഞ്ഞു. വ്യാജ പരാതിയിൽ സന്തോഷിനെതിരേ എടുത്ത കേസ് അടിസ്ഥാനമില്ലാത്തതാണെന്ന് കാട്ടി കോടതിയിലേക്ക് റഫർ ചെയ്യുമെന്ന് നെടുങ്കണ്ടം പൊലീസ് അറിയിച്ചു.

സൈക്കിളിൽനിന്ന് വീണ് പരിക്ക് പറ്റിയതിന് വീട്ടിൽനിന്ന് വഴക്ക് കേൾക്കാതിരിക്കാൻ കുട്ടി ഉണ്ടാക്കിയ കള്ളക്കഥയാണിത്. പരാതി വ്യാജമാണെന്ന് സംശയം ഉണ്ടായിരുന്നെങ്കിലും കുട്ടി മൊഴിയിൽ ഉറച്ചുനിന്നതോടെയാണ് പൊലീസ് കേസെടുത്തത്.

പരാതി നൽകി വീട്ടിൽ മടങ്ങിയെത്തിയപ്പോൾ മാതാപിതാക്കൾ വിശദമായി ചോദിച്ചപ്പോഴാണ് സം​ഗതി കള്ളക്കഥയാണെന്ന് കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് ഇവർ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തി സത്യാവസ്ഥ അറിയിച്ചു.

Leave a Reply