‘എനിക്ക് ചാവണം’, നിലത്തു കിടന്നു ഉരുണ്ടു, അമ്മയെ അസഭ്യം വിളിച്ചു

0

 
കൊച്ചി; മലമ്പുഴയിലെ മലയിടുക്കിൽ കുടുങ്ങിയാണ് ബാബു വാർത്ത താരമാകുന്നത്. രണ്ടു ദിവസം വെള്ളം പോലുമില്ലാതെ കഴിച്ചുകൂട്ടിയ ബാബുവിനെ ഇന്ത്യൻ സൈന്യം എത്തിയാണ് രക്ഷപ്പെടുത്തുന്നത്. അതിനു പിന്നാലെ സിനിമാ താരങ്ങൾ ഉൾപ്പടെ നിരവധി പേർ ബാബുവിനെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരുന്നു. ഇപ്പോൾ വീണ്ടും വൈറലാവുകയാണ് ബാബു. എന്നാൽ നല്ല കാര്യത്തിനല്ല വാർത്തയിൽ നിറയുന്നത്. 

സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ബാബുവിന്റെ പുതിയൊരു വിഡിയോ ആണ്. ബഹളം വയ്ക്കുകയും അസഭ്യം വിളിച്ചു പറയുകയും ചെയ്യുന്ന ബാബുവിനെയാണ് വിഡിയോയിൽ കാണുന്നത്. തനിക്ക് മരിക്കണമെന്ന് സുഹൃത്തുക്കളോട് പറഞ്ഞുകൊണ്ട് മണ്ണിൽ കിടന്ന് ഉരുളുകയും ഒച്ചവയ്ക്കുകയുമാണ്. അനുനയിപ്പിക്കാൻ ശ്രമിക്കുന്ന അമ്മയെ അസഭ്യം പറയുന്നതും കാണാം. ബലം പ്രയോ​ഗിച്ച് സുഹൃത്തുക്കൾ ബാബുവിനെ അടക്കി നിർത്താൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇവരിൽ നിന്നെല്ലാം കുതറിയോടുകയാണ് ഈ 23 കാരൻ. 

സുഹൃത്തുക്കളിൽ ഒരാൾ പകർത്തിയ വിഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബാബുവിനെ അപകീർത്തിപ്പെടുത്താനാണ് സുഹൃത്തുക്കൾ വിഡിയോ സോഷ്യൽ മീ‍ഡിയയിൽ പങ്കുവച്ചത് എന്നാണ് സഹോദരൻ ഷാജി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിനു ശേഷം ഒരാഴ്ച വിശ്രമിക്കണമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. എന്നാൽ ആവശ്യത്തിന് വിശ്രമം ലഭിക്കാത്തത് ബാബുവിന്റെ മാനസിക നിലയെ ബാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
മലമുകളിൽ കുടുങ്ങിയ സംഭവത്തിന് ശേഷം സുഹൃത്തുക്കൾ ബാബുവിനെ അധിക്ഷേപിച്ചിരുന്നു. ബാബുവിനെ പണം കിട്ടിയെന്ന് ആരോപിക്കുകയും അവനെ പണം ചോദിച്ച് ശല്യപ്പെടുത്തുകയും ചെയ്തിരുന്നു എന്നാണ് ഷാജി പറയുന്നത്. ബുധനാഴ്ചയാണ് വിഡിയോയ്ക്ക് ആസ്പദമായ സംഭവമുണ്ടായത്. അതിന്റെ കുറച്ചുഭാ​ഗം എടുത്താണ് സുഹൃത്തുക്കൾ പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും ബാബുവിനെ മോശക്കാരനാക്കാൻ വേണ്ടിയാണിതെന്നും ഷാജി കൂട്ടിച്ചേർത്തു. 
ഫെബ്രുവരി 7 നാണ് ബാബു ആയിരം അടി ഉയരമുള്ള കുറുമ്പാച്ചി മലയിൽ മൂന്നു സുഹൃത്തുക്കൾക്കൊപ്പം കയറുന്നത്. സുഹൃത്തുക്കൾ തിരിച്ച് ഇറങ്ങിയെങ്കിലും ബാബു പാറക്കെട്ടിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. 45 മണിക്കൂറിനു ശേഷമാണ് ബാബുവിനെ രക്ഷിക്കുന്നത്. രക്ഷാദൈത്യത്തിനുള്ള പല വഴികൾ അടഞ്ഞതോടെ സംസ്ഥാന സർക്കാർ ഇന്ത്യൻ സൈന്യത്തെ സഹായത്തിനായി വിളിക്കുകയായിരുന്നു. അതിനു ശേഷം ദിവസങ്ങളോളമാണ് ബാബു സോഷ്യൽ മീഡിയ താരമായി നിറഞ്ഞു നിന്നത്. 

Leave a Reply