കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടത് പിറന്നാൾ കഴിഞ്ഞ് രണ്ടാഴ്ച്ച പിന്നിടുമ്പോൾ; ദുരൂഹതയിൽ മൂടി പെൺകുട്ടിയുടെ മരണം

0

വാഷിങ്ടൻ: പ്രശസ്ത ടിവി ഷോ താരം കൈലിയ പോസി എന്ന പതിനാറുകാരിയുടെ മരണത്തിൽ ദുരൂഹത. കനേഡിയൻ അതിർത്തിക്കു സമീപം വാഷിങ്ടനിലെ ബിർച്ച് ബേ സ്റ്റേറ്റ് പാർക്കിലാണ് പതിനാറുകാരിയായ കൈലിയയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ എങ്കിലും കൈലിയ എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന ചോദ്യത്തിന് ഉത്തരം നൽകാൻ വീട്ടുകാർക്കോ കൂട്ടുകാർക്കോ അന്വേഷണ ഉദ്യോ​ഗസ്ഥർക്കോ കഴിയുന്നില്ല. ‘‘അന്വേഷണം തുടരുന്നതിനാൽ മരണത്തെപ്പറ്റിയുളള ഒരു വിവരവും ഞങ്ങൾ പുറത്തുവിടില്ല’’ കേസ് അന്വേഷിക്കുന്ന വാട്ട്കോം കൗണ്ടി ഷെറിഫിന്റെ ഓഫിസ് വ്യക്തമാക്കുന്നത് ഇങ്ങനെയാണ്.

മെയ് രണ്ടിന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് വാഷിങ്ടനിലെ ബിർച്ച് ബേ സ്റ്റേറ്റ് പാർക്കിൽ നിന്ന് കൈലിയയുടെ മൃതദേഹം കണ്ടെത്തിയത്. പാർക്കിൽ നിർത്തിയിട്ട കാറിനകത്തായിരുന്നു ഈ പതിനാറുകാരിയുടെ മൃതദേഹം. കൈലിയയുടെ കുടുംബം താമസിക്കുന്ന ലിൻഡനിലെ വസതിയിൽനിന്ന് ഏതാനും കിലോമീറ്ററേയുള്ളൂ പാർക്കിലേക്ക്. കാർ അപകടത്തിൽ കൊല്ലപ്പെട്ടുവെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. അതിനു പിന്നാലെയാണു, താരത്തിന്റെ മ‍ൃതദേഹം കാറിൽ കണ്ടെത്തിയെന്ന വാർത്തയെത്തിയത്. എന്നാൽ വാഹനാപകടത്തിന്റെ സാധ്യതകളൊന്നും കണ്ടെത്താനായില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.

ലിൻഡനിലെ കൈലിയയുടെ വീട്ടിൽനിന്ന് ഏകദേശം അരമണിക്കൂർ നേരത്തെ ഡ്രൈവുണ്ട് ബിർച്ച് ബേ പാർക്കിലേക്ക്. അവിടെ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന വിവരം കുടുംബാംഗങ്ങൾ തന്നെയാണ് പുറത്തുവിട്ടത്. നേരത്തെ ലാസ് വേഗസിൽ ഒരു കാറപകടവുമായി ബന്ധപ്പെട്ടും കൈലിയയുടെ പേര് ഉയർന്നു കേട്ടിരുന്നു. അവിടെ വച്ചു നടന്ന അപകടത്തിലാണ് കൈലിയ കൊല്ലപ്പെട്ടതെന്നായിരുന്നു വാർത്ത. എന്നാൽ മേഖലയിൽ അത്തരമൊരു അപകടം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ബിർച്ച് ബേ സ്റ്റേറ്റ് പാർക്കിലാകട്ടെ ഒരു ‘ജുവനൈൽ’ മരിച്ച സംഭവം പൊലീസ് രേഖപ്പെടുത്തിയിട്ടുമുണ്ട്.

വാട്ട്കോം ഷെറിഫ് ഡിപാർട്മെന്റിൽനിന്ന് ആവശ്യപ്പെട്ടതനുസരിച്ച് മേയ് രണ്ടിന് ഉച്ചയ്ക്ക് ഒന്നരയോടെ ബിർച്ച് ബേ പാർക്കിലേക്ക് എത്തിയതായി വാഷിങ്ടൻ സ്റ്റേറ്റ് പട്രോളും സ്ഥിരീകരിച്ചിട്ടുണ്ട്. പാർക്കിൽ നടന്ന ഒരു മരണത്തെത്തുടർന്നാണ് ഇതെന്നും പട്രോൾ സംഘം പറയുന്നു. മരണം വിവിധ ഏജൻസികൾ ചേർന്നാണ് അന്വേഷിക്കുന്നത്. വാഷിങ്ടൻ സ്റ്റേറ്റ് പാർക്ക്സ് ഡിപാർട്മെന്റ്, പാർക്ക് സ്ഥിതി ചെയ്യുന്ന മേഖലയിലെ ബ്ലെയിൻ പൊലീസ് ഡിപാർട്മെന്റ് എന്നിവയും അന്വേഷണത്തിൽ പങ്കു ചേർന്നിട്ടുണ്ട്. സംഭവത്തിൽ ഫൊറൻസിക് പരിശോധന ഉൾപ്പെടെ നടക്കുകയാണ്.

മകളുടെ മരണവിവരം ആദ്യം പുറത്തുവിട്ടത് അമ്മ മാർസി പോസിയാണ്. ആത്മഹത്യയെന്നാണ് കുടുംബം പറയുന്നത്. ‘പറയാൻ വാക്കുകളില്ല, സുന്ദരിയായ എന്റെ മകൾ വിടപറഞ്ഞിരിക്കുന്നു. അവളുടെ വിയോഗത്തിൽ ഞങ്ങൾ ദുഃഖിതരാണ്. സ്വകാര്യത മാനിക്കണം.’–മാതാവ് സമൂഹമാധ്യമത്തിൽ കുറിച്ചു. ഏവിയേഷനിൽ പഠനം പൂർത്തിയാക്കി കമേഴ്സ്യൽ പൈലറ്റാവുക എന്നതായിരുന്നു കൈലിയയുടെ ഏറ്റവും വലിയ സ്വപ്നമെന്നും എന്നാൽ എല്ലാം അവസാനിപ്പിച്ച് അവൾ യാത്രയായെന്നും രണ്ടാനച്ഛൻ സ്റ്റീവ് ഗേറ്റർമാൻ കുറിച്ചു.
മരണത്തിനും രണ്ടു ദിവസം മുമ്പ് കൈലിയ ഹൈസ്കൂൾ പ്രോമിൽ പങ്കെടുത്തിരുന്നു. അതിനും രണ്ടാഴ്ച മുൻപായിരുന്നു അവളുടെ പതിനാറാം പിറന്നാൾ–ഏപ്രിൽ 19ന്. പ്രോമും പിറന്നാളുമെല്ലാം സുഹൃത്തുക്കൾക്കും വീട്ടുകാർക്കുമെല്ലാം ഒപ്പം ഗംഭീരമായി ആഘോഷിക്കുകയും ചെയ്തു. ഇതിന്റെ ഏറെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. സ്കൂളിലെ ഫുട്ബോൾ ചിയർലീഡിങ് ടീമിലും അംഗമായിരുന്നു കൈലിയ.

ഏകദേശം 194 ഏക്കർ പരന്നു കിടക്കുന്നതാണ് ബിർച്ച് ബേ സ്റ്റേറ്റ് പാർക്ക്. ജോർജിയ കടലിടുക്കിനോടു ചേർന്നു സ്ഥിതി ചെയ്യുന്ന പാർക്കിന് 9 മൈൽ അപ്പുറത്ത് കനേഡിയൻ അതിർത്തിയാണ്. പാറക്കെട്ടുകൾ നിറഞ്ഞ ബീച്ചുകളുടെ സൗന്ദര്യവും ക്യാംപിങ് സൗകര്യങ്ങളുമെല്ലാമായി പ്രശസ്തമാണ് ഈ പാർക്ക്. ഇവിടേക്ക് കൈലിയ എന്തിനു വന്നു എന്നതിലും വ്യക്തതയില്ല.
ഏപ്രിൽ 23നായിരുന്നു കൈലിയയുടെ അവസാനത്തെ ഇൻസ്റ്റഗ്രാം പോസ്റ്റ്. അതിൽ പറഞ്ഞിരുന്നത് താനൊരു ആഡംബര കപ്പലിലാണെന്നാണ്. സുഹൃത്തുക്കൾക്കൊപ്പമാണെന്നു വ്യക്തമാക്കുന്ന ഹാഷ്ടാഗുകളും ഉണ്ടായിരുന്നു. ഏപ്രിലിൽ ജമൈക്കയിൽനിന്നുള്ള ചിത്രവും കൈലിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഒരു വെള്ളച്ചാട്ടത്തിനു സമീപം തലകീഴായി മറിയുന്ന ‘സ്റ്റണ്ട്’ പ്രകടനവും പോസ്റ്റ് ചെയ്തു. കൈലിയയുടെ ഈ അസാധാരണ പ്രകടനം കണ്ട് സുഹൃത്തുക്കളും ആരാധകരും കയ്യടിച്ചപ്പോൾ അവളുടെ കുട്ടിക്കാലം തൊട്ടുള്ള സൗന്ദര്യ മത്സര പരിശീലക മാത്രം പറഞ്ഞു–‘ഈ ചിത്രം കണ്ട് ടെൻഷനാകുന്നു, സൂക്ഷിക്കണം’. ചിരിയോടെയായിരുന്നു പരിശീലക അതു പറഞ്ഞത്, ഒരു ഇമോജിയിട്ടായിരുന്നു കൈലിയയുടെ മറുപടി.
സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വഴികാട്ടിയായിരുന്നു കൈലിയയെന്ന് സ്കൂളിലെ സഹപാഠികൾ പറയുന്നു. സുഹൃത്തുക്കളെ അക്കാര്യത്തിൽ സഹായിക്കുകയും ചെയ്തിരുന്നു. ഇടയ്ക്കെപ്പോഴൊക്കെയോ കൈലിയ മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി സുഹൃത്തുക്കളെ ഉദ്ധരിച്ച് ‘ഡെയ്‌ലി മെയിൽ’ റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ അത് ആത്മഹത്യയിലേക്ക് എത്തുംവിധം മോശമായ അവസ്ഥയിലായിരുന്നില്ലെന്നും അവർ പറയുന്നു. സുഹൃത്തുക്കൾ പലപ്പോഴും ഈ വിഷയത്തിൽ കൈലിയയെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. കൈലിയയുടെ മരണത്തിനു പിന്നാലെ അവരുടെ പേരിൽ ‘ടീൻ ക്രൈസിസ് ഇന്റർവെൻഷൻ ഫണ്ടും’ ഏർപ്പാടാക്കിയിരിക്കുകയാണ് കുടുംബം. സഹായം ആവശ്യമുള്ള കൗമാരക്കാരെ സഹായിക്കുകയാണു ലക്ഷ്യം.
റിയാലിറ്റി ഷോയിലൂടെ ‘ജിഫ്’ ഗേളിലേക്ക്
അമേരിക്കൻ ടിവി ചാനലായ ടിഎൽസിയിൽ സംപ്രേക്ഷണം ചെയ്ത ‘ടോഡ്‌ലേഴ്സ് ആൻഡ് ടിയാരാസ്’ എന്ന കുട്ടികളുടെ സൗന്ദര്യമത്സര ഷോയിലൂടെയാണ് കൈലിയ പോസി ലോക പ്രശസ്തയായത്. 2009 മുതൽ 2013 വരെ ഏഴു സീസണുകളിൽ അമ്മയ്ക്കൊപ്പം കൈലിയ ഈ റിയാലിറ്റി ഷോയിൽ പങ്കെടുത്തു. സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികളുടെ കുടുംബത്തിന്റെ വിശേഷങ്ങളും കൂടി ഉൾപ്പെടുത്തിയായിരുന്നു ഈ ഷോ. അതിലെ ഒരു എപ്പിസോഡിലെ അവളുടെ കള്ളച്ചിരി മീം ആയി പ്രചരിച്ചതോടെ ആഗോളതലത്തിൽ ആരാധകരും ഏറെയായി.
പിന്നീട് നിരവധി ബ്യൂട്ടി പേജന്റുകളിൽ മത്സരിക്കുകയും കിരീടം ചൂടുകയും ചെയ്തു. മൂന്നാം വയസ്സു മുതൽ തന്നെ സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു കൈലിയ. അഞ്ചാം വയസ്സിലാണ് ടോഡ്‌ലേഴ്സ് ആൻഡ് ടിയാരാസിലേക്ക് എത്തുന്നത്. ഈ റിയാലിറ്റി ഷോ ഇടയ്ക്ക് ചാനലിന് നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. കുട്ടികളെ മോശം വസ്ത്രം ധരിപ്പിക്കുന്നു എന്ന പരാതിയെ തുടർന്നായിരുന്നു അത്. പിന്നീട് ഏതാനും വർഷത്തിനു ശേഷം ഷോ 2016ൽ വീണ്ടും ആരംഭിക്കുകയായിരുന്നു.
ലിൻഡൻ ഹൈസ്കൂളിലെ വിദ്യാർഥിയായിരുന്ന കൈലിയ, മിസ് വാഷിങ്ടൻ ടീൻ യുഎസ്എ മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു മത്സരം. അതിൽ വിജയിക്കാനായില്ലെങ്കിലും 2021ൽ മിസ് ലിൻഡൻ ടീൻ യുഎസ്എ പട്ടം കൈലിയയ്ക്കായിരുന്നു. 2019ൽ ‘ഇലൈ (Eli)’ എന്ന ഹൊറർ ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്കും കടന്നുവന്നു. ചിത്രത്തിൽ ആഗ്നസ് എന്ന കഥാപാത്രത്തെയായിരുന്നു കൈലിയ അവതരിപ്പിച്ചത്. ചെറിയ പ്രായത്തിൽത്തന്നെ ഒട്ടേറെ പുരസ്കാരങ്ങളാണ് കൈലിയ സ്വന്തമാക്കിയത്.
ഇൻസ്റ്റഗ്രാമിൽ രണ്ട് ആക്കൗണ്ടുകളുണ്ട് ഇവർക്ക്. അതിലൊന്ന് സ്വന്തം ‘കന്റോർഷൻ’ പ്രകടനത്തിനു വേണ്ടി മാത്രമായി അടുത്തിടെ ആരംഭിച്ചതാണ്. ശരീരം പ്രത്യേക രീതിയിൽ വളച്ചു നടത്തുന്ന, ജിംനാസ്റ്റിക്സിനു സമാനമായ പ്രകടനമാണിത്. അപാരമായ മെയ്‌വഴക്കമുള്ളവർക്കു മാത്രമേ ഇതു സാധ്യമാകൂ. കുട്ടിക്കാലം മുതൽ കൈലിയ ഇതിൽ പരിശീലനവും നേടിയിരുന്നു. കനേഡിയൻ എന്റർടെയ്ൻമെന്റ് കമ്പനിയായ ‘സർക്കസ് ഓഫ് ദ് സണുമായും’ കൈലിയ സഹകരിച്ചിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ ഉൾപ്പെടെ കൈലിയയെ ഫോളോ ചെയ്യുന്നവരും ഏറെയാണ്.

Leave a Reply