തിരുവനന്തപുരം : ഹൈക്കോടതിയുടെ നിരന്തരവിമര്‍ശനത്തേത്തുടര്‍ന്ന്, പാതയോരങ്ങളില്‍ കൊടിതോരണങ്ങളും പരസ്യങ്ങളും സ്‌ഥാപിക്കാന്‍ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്.
ജനത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ഇവ സ്‌ഥാപിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു. അനധികൃതമായി സ്‌ഥാപിച്ച കൊടിതോരണങ്ങള്‍ നീക്കംചെയ്യുന്നതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അടിയന്തരമായി പ്രാബല്യത്തില്‍ വരുമെന്നു മന്ത്രി എം.വി. ഗോവിന്ദന്‍ വ്യക്‌തമാക്കി.
ഹൈക്കോടതി വിധിയേത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലെ തീരുമാനപ്രകാരമാണു മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
ഉത്തരവിലെ പ്രധാന നിര്‍ദേശങ്ങള്‍:
സഞ്ചാരസ്വാതന്ത്ര്യത്തെ ബാധിക്കാത്ത രീതിയിലേ കൊടിതോരണങ്ങള്‍ സ്‌ഥാപിക്കാവൂ.
സ്വകാര്യമതിലുകളിലും വളപ്പുകളിലും ഉടമയുടെ അനുവാദത്തോടെ സ്‌ഥാപിച്ചാലും ഗതാഗതത്തെ ബാധിക്കാത്ത രീതിയിലായിരിക്കണം.
സമ്മേളനങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയോടനുബന്ധിച്ച്, മാര്‍ഗതടസമുണ്ടാക്കാതെ, നിശ്‌ചിത സമയപരിധി തീരുമാനിച്ച് കൊടിമരങ്ങളും തോരണങ്ങളും സ്‌ഥാപിക്കാന്‍ അനുമതി നല്‍കാം.
ഗതാഗതത്തിനും കാല്‍നടയ്‌ക്കും തടസമുണ്ടാക്കുന്ന രീതിയില്‍ കൊടിമരങ്ങള്‍/തോരണങ്ങള്‍/പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കരുത്. അപ്രകാരം സ്‌ഥാപിച്ചവ അടിയന്തരമായി നീക്കംചെയ്യാന്‍ തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ക്കു നിര്‍ദേശം.
കൊടിമരങ്ങള്‍/തോരണങ്ങള്‍ സ്‌ഥാപിക്കാന്‍ തദ്ദേശസ്വയംഭരണ സെക്രട്ടറിമാരില്‍നിന്നു മുന്‍കൂര്‍ അനുവാദം വാങ്ങണം.
കൊടിമരങ്ങള്‍/തോരണങ്ങള്‍/പരസ്യങ്ങള്‍ സ്‌ഥാപിക്കുന്നതും നീക്കംചെയ്യുന്നതും രാഷ്‌ട്രീയ-സാമുദായികസ്‌പര്‍ദ്ധയ്‌ക്ക് ഇടയാക്കാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണം.
തര്‍ക്കങ്ങളുണ്ടായാല്‍ ജില്ലാ കലക്‌ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും സേവനം തേടി, തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ പരിഹാരം കാണണം.
ജില്ലാ കലക്‌ടര്‍/പോലീസ് മേധാവിമാര്‍ സുരക്ഷാക്രമീകരണങ്ങള്‍ക്കു നടപടി സ്വീകരിക്കണം.