മുംബൈ: ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മുന്നില്‍ 193 റണ്‍സ് വിജയ ലക്ഷ്യം വച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ടോസ് നേടി ബാംഗ്ലൂര്‍ ബാറ്റിങിന് ഇറങ്ങുകയായിരുന്നു. നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് അവര്‍ കണ്ടെത്തിയത്.
ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി പുറത്താകാതെ നേടിയ അര്‍ധ സെഞ്ച്വറിയും ദിനേഷ് കാര്‍ത്തിക്, ഗ്ലെന്‍ മാക്‌സ്‌വെല്‍, രജത് പടിദാര്‍ എന്നിവരുടെ മികച്ച ബാറ്റിങുമാണ് ബാംഗ്ലൂരിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണറായി ഇറങ്ങിയ ഡുപ്ലെസി 50 പന്തുകള്‍ നേരിട്ട് എട്ട് ഫോറും രണ്ട് സിക്‌സും സഹിതം 73 റണ്‍സുമായി പുറത്താകാതെ നിന്നു.
ബാറ്റിങിന് ഇറങ്ങിയ ബാംഗ്ലൂരിന് മികച്ച തുടക്കമല്ല കിട്ടിയത്. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ മുന്‍ നായകന്‍ വിരാട് കോഹ്‌ലി ഗോള്‍ഡന്‍ ഡക്കായി മടങ്ങിയത് ബാഗ്ലൂരിന് ഞെട്ടല്‍ സമ്മാനിച്ചു. ജഗദീശ സുചിത് എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ കോഹ്‌ലി കെയ്ന്‍ വില്ല്യംസന് പിടി നല്‍കി കൂടാരം കയറി.
എന്നാല്‍ പിന്നീട് ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയും രജത് പടിദാറും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ബാംഗ്ലൂരിന് രക്ഷയായി. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 105 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു.
13ാം ഓവറിന്റെ രണ്ടാം പന്തില്‍ പടിദാറിനെ മടക്കി സുചിത് തന്നെ ഈ കൂട്ടുകെട്ട് പൊളിച്ചു. 38 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം പടിദാര്‍ 48 റണ്‍സ് കണ്ടെത്തി.
പിന്നാലെ എത്തിയ മാക്‌സ്‌വെല്‍ 24 പന്തില്‍ 33 റണ്‍സാണ് മാക്‌സ്‌വെല്‍ കണ്ടെത്തിയത്. രണ്ട് സിക്‌സും മൂന്ന് ഫോറും ഓസീസ് താരം അടിച്ചെടുത്തു.
അഞ്ചാമനായി ക്രീസിലെത്തിയ ദിനേഷ് കാര്‍ത്തിക് ഒരിക്കല്‍ കൂടി മിന്നല്‍ പിണറായി മാറി. വെറും എട്ട് പന്തുകള്‍ മാത്രം നേരിട്ട ഡികെ നാല് സിക്‌സും ഒരു ഫോറും സഹിതം 30 റണ്‍സുമായി പുറത്താകാതെ നിന്നു. ഫസ്‌ലാഖ് ഫാറൂഖി എറിഞ്ഞ അവസാന ഓവറില്‍ 25 റണ്‍സാണ് പിറന്നത്. തുടരെ മൂന്ന് സിക്‌സുകളും ഒരു ഫോറും ഈ ഓവറില്‍ കാര്‍ത്തിക് അടിച്ചെടുത്തു.
ഹൈദരാബാദ് നിരയില്‍ ജഗദീശ സുചിത് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. കാര്‍ത്തിക് ത്യാഗി ഒരു വിക്കറ്റെടുത്തു.