യുവാവിന്റെ ജീവനെടുത്ത് ഡി ജെ പാർട്ടി..! പതിനെട്ടുകാരൻ കുഴഞ്ഞ് വീണ് മരിച്ചത് വിവാഹപാർട്ടിയിൽ നൃത്തം ചെയ്യുന്നതിനിടെ; ഡിജെ പാർട്ടിയും ശബ്‍ദവും മരണകാരണമാകുന്നത് ഇങ്ങനെ..

0

ഭോപാൽ: യുവാവിന്റെ ജീവനെടുത്തത് ഡി ജെ പാർട്ടി. വിവാഹപാർട്ടി നൃത്തം ചെയ്യുന്നതിനിടെ പതിനെട്ടുകാരൻ കുഴഞ്ഞ് വീണ് മരിച്ചു. യുവാവിന്റെ മരണകാരണമായത് ഡി ജെ പാർട്ടി ആണെന്നാണ് ഡോക്ടർമാർ പറയുന്നത്. മധ്യപ്രദേശിലെ ഉജ്ജയിൻ സ്വദേശി ലാൽ സിങ് ആണ് മരിച്ചത്.

താജ്പൂറിൽ നടന്ന സുഹൃത്തിന്റെ വിവാഹാഘോഷത്തിനിടെയായിരുന്നു മരണം. വിഡിയോ ചിത്രീകരിച്ചും നൃത്തം ചെയ്തുമെല്ലാം ഡി ജെ പാർട്ടി ആസ്വദിക്കുകയായിരുന്നു ലാൽ. ഇതിനിടെ അപ്രതീക്ഷിതമായി ലാൽ ബോധരഹിതനായി നിലത്ത് വീണു. ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവിടേനിന്ന് കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഇവിടെ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞു.

കുട്ടിയുടെ ഹൃദയത്തിൽ രക്തം കട്ടപിടിച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഹൃദയത്തിൽ രക്തം കട്ടപിടിച്ച് ക്ലോട്ട് രൂപപ്പെടാൻ കാരണം ഉച്ചത്തിലുള്ള ശബ്ദമാണെന്ന് ഉജ്ജെയിൻ ആശുപത്രിയിലെ ഡോ. ജിതേന്ദർ ശർമ്മ പറഞ്ഞു. ഡി ജെ അല്ലെങ്കിൽ മറ്റേതെങ്കിലും വലിയ ശബ്ദ സംവിധാനത്തിൽ നിന്ന് ഉച്ചത്തിൽ സംഗീതം കേൾക്കുമ്പോൾ, അത് ശരീരത്തിൽ അസാധാരണമായ പ്രതികരണങ്ങൾക്ക് കാരണമാകുമെന്നാണ് ഡോക്ടർ പറയുന്നത്. ഒരു നിശ്ചിത അളവിന് മുകളിലുള്ള ശബ്ദം മനുഷ്യർക്ക് ഹാനികരമാകുമെന്നും ഹൃദയം, തലച്ചോറ് തുടങ്ങിയ ആന്തരികാവയവങ്ങളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply