കുടുംബപ്രശ്നത്തെ തുടർന്ന് ഭർത്താവുമായി പിരിഞ്ഞു; അമ്മയും മൂന്ന് പെൺമക്കളും ഏലച്ചെടികളിൽ കെട്ടിയ സാരിമറയ്ക്കുള്ളിൽ കഴിഞ്ഞത് ഒരാഴ്ച; നാടിനെ നടുക്കിയ സംഭവം

0

കട്ടപ്പന: ഏലച്ചെടികളില്‍ കെട്ടിയ സാരിമറയ്ക്കുള്ളിൽ അമ്മയും മൂന്ന് പെണ്‍മക്കളും കഴിഞ്ഞത് ഒരാഴ്ച്ച. നാടിനെ നടുക്കിയ സംഭവം അറിഞ്ഞ മണിക്കൂറുകൾക്കുള്ളിൽ കുട്ടികളെയും അമ്മയെയും സുരക്ഷിതമാക്കി ജില്ല ചൈൽഡ്‌ലൈൻ. കട്ടപ്പന നഗരസഭയും നാട്ടുകാരും ചൈൽഡ് ലൈനും ചേർന്ന് കുട്ടികൾക്കും അമ്മക്കും വീടൊരുക്കാനുള്ള ശ്രമത്തിലാണ്.

കട്ടപ്പന മുനിസിപ്പാലിറ്റി 34 ആം വാർഡിലെ വാഴവരയിലാണ്‌ അമ്മ ഏഴു വയസ്സിൽ താഴെയുള്ള മൂന്നു പെൺമക്കളുമായി ഒരാഴ്ച രാത്രിയും പകലും ഏലത്തോട്ടത്തിൽ കഴിഞ്ഞത്. കുടുംബപ്രശ്നത്തെ തുടർന്ന് ഭർത്താവുമായി പിരിഞ്ഞു നിൽക്കുന്ന ഇവർ ഒരാഴ്ചയായി മൂന്ന് കുട്ടികളെ പറമ്പിൽ കിടത്തിയിട്ടാണ് പണിക്ക് പോയിരുന്നത്.

ഏലത്തോട്ടത്തിലെ കുരിരുട്ടിൽ ഏലച്ചെടികളിൽ സാരി മറച്ചുകെട്ടിയാണ് കഴിച്ചു കൂട്ടിയത്. കുട്ടികളുടെ കരച്ചിൽ കേട്ട അയൽവാസികളാണ്‌ വിവരം ചൈൽഡ്‌ ലൈനിൽ അറിയിച്ചത്. സംഭവം കേട്ട മാത്രയിൽ ചൈൽഡ്‌ലൈൻ പ്രവർത്തകർ സ്ഥലത്തെത്തി കുട്ടികളെയും അമ്മയെയും സുരക്ഷിത സ്‌ഥലത്തേക്ക് മാറ്റി. തുടർന്ന് നഗരസഭ വാർഡ് കൗൺസിലർ ബിനു കേശവന്‍റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ഇവർക്ക് നാട്ടുകാരുടെയും നഗരസഭയുടെയും സഹായത്തോടെ ഈ മാസം വീട് വെച്ചു കൊടുക്കാനും ധാരണയായി.

ചൈൽഡ്‌ലൈൻ സെന്റർ കോഓഡിനേറ്റർ പ്രിന്റോ മാത്യു, ഓഫിസർ ജെസി ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ്‌ രക്ഷപ്പെടുത്തിയത്. ഇടുക്കി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും ഡി.സി.പി.യുവിനും റിപ്പോർട്ട്‌ കൊടുത്തശേഷം കുട്ടികളുടെ പഠനവും താമസവും സൗജന്യമായി ചെയ്തുകൊടുക്കുമെന്ന് ചൈൽഡ്‌ലൈൻ അറിയിച്ചു.

Leave a Reply