കെഎസ്ആർടിസിയെ മോട്ടോർ വാഹന വകുപ്പിൽ ലയിപ്പിക്കാനുള്ള ഇടപെടലുമായി എഐടിയുസി

0

തിരുവനന്തപുരം: കെഎസ്ആർടിസിയെ മോട്ടോർ വാഹന വകുപ്പിൽ ലയിപ്പിക്കാനുള്ള ഇടപെടലുമായി എഐടിയുസി. മുഖ്യമന്ത്രി അമേരിക്കയിൽ നിന്നും മടങ്ങിയെത്തിയാലുടൻ എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെപി രാജേന്ദ്രനും സിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രനും ഇത് സംബന്ധിച്ച നിർദ്ദേശം കൈമാറും. ഇതിനായി കേരള ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ (എഐടിയുസി) വിശദമായ റിപ്പോർട്ട് എഐടിയുസി സംസ്ഥാന നേതൃത്വത്തിന് നൽകി എന്നാണ് വിവരം. നിലവിൽ കെഎസ്ആർടിസിയിലെ പ്രതിസന്ധിക്ക് ശ്വാശതമായ പരിഹാരം നിർദ്ദേശിക്കാൻ സർക്കാരിനോ മാനേജ്മെന്റിനോ അംഗീകൃത ട്രേഡ് യൂണിയനുകൾക്കോ കഴിയാത്ത സാഹചര്യത്തിലാണ് എഐടിയുസി പുതിയ നിർദ്ദേശവുമായി സർക്കാരിനെ സമീപിക്കുന്നത്.

നഷ്ടത്തിലോടുന്ന വ്യവസായമല്ല കെഎസ്ആർടിസി എന്ന് എഐടിയുസി നേതാക്കൾ സർക്കാരിന് മുന്നിൽ കണക്കുകൾ നിരത്തി വ്യക്തമാക്കും. കെഎസ്ആർടിസിയിലെ മുഴുവൻ വാഹനങ്ങളും സർവീസ് നടത്തിയാൽ പ്രതിമാസം 200 കോടി രൂപ സമാഹരിക്കാൻ കഴിയുമെന്ന് എഐടിയുസി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. മാർച്ച് മാസത്തിലെ വരുമാനം 158 കോടി രൂപയും ഏപ്രിൽ മാസത്തെ വരുമാനം 163 കോടി രൂപയുമാണ്. ടിക്കറ്റേതര വരുമാനമായി ഇപ്പോൾ തന്നെ പ്രതിമാസം 50 കോടി രൂപയിലേറെ ലഭിക്കുന്നുണ്ട്. ഇതിൽ പരസ്യവും കെട്ടിട വാടകയും ഉൾപ്പെടും. ഇത്തരത്തിൽ പ്രതിമാസം 250 കോടി രൂപ വരുമാനമുണ്ടാക്കാൻ നിലവിൽ കോർപ്പറേഷന് കഴിയും. ബസ് ചാർജ്ജ് വർധനവ് നിലവിൽ വരുന്നതോടെ വരുമാനത്തിൽ വീണ്ടും വർധനവുണ്ടാകും.

കോർപ്പറേഷനിലെ ജീവനക്കാർക്ക് ഒരുമാസത്തെ ശമ്പളത്തിനായി വേണ്ടിവരുന്നത് 82 കോടി രൂപയാണ്. പെൻഷൻ നൽകാൻ 70 കോടി രൂപ വേണം. ഡീസലിനായി 87 കേടി രൂപയും ആക്സിഡന്റ് ക്ലെയിമിനും കറണ്ട് ചാർജ്ജും വെള്ളക്കരവും മറ്റുമായി അഞ്ച് കോടിയും സ്പെയർ പാർട്സിനായി 1.6 കോടി രൂപയും പ്രതിമാസം ചിലവ് വരും. ഇതെല്ലാം കൂടി 245.6 കോടി രൂപയേ കെഎസ്ആർടിസിക്ക് ഒരുമാസം പ്രവർത്തിക്കാൻ വേണ്ടു. എന്നാൽ, നിലവിൽ കെഎസ്ആർടിസിയെ കെണിയിലാക്കിയിരിക്കുന്നത് വായ്പകളാണ്. ഒരു ദിവസം വായ്പാ തിരിച്ചടവിന് മാത്രമായി 69 ലക്ഷം രൂപ വേണം. പ്രതിമാസം 20കോടി ഏഴുപതുലക്ഷം രൂപ. പതിനഞ്ച് വർഷമാണ് ബാങ്കുകളുടെ കൺസോർഷ്യത്തിന് ഇത്തരത്തിൽ പണം തിരിച്ചടക്കേണ്ടത്. കെഎസ്ആർടിസിയുടെ ആദ്യം മുതലുള്ള കടങ്ങളെല്ലാം ചേർത്ത് 3,3000 കോടി രൂപയുടെ വായ്പയാണ് ഇപ്പോൾ കൺസോർഷ്യത്തിന് തിരിച്ചടക്കേണ്ടത്.

ഈ വസ്തുതകളെല്ലാം നിരത്തിയാകും എഐടിയുസി നേതാക്കൾ മുഖ്യമന്ത്രിയെ കാണുക. നിലവിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന മോട്ടോർ വാഹന വകുപ്പിൽ കെഎസ്ആർടിസിയെ ലയിപ്പിച്ചാൽ സർക്കാരിനും അധിക ബാധ്യതയുണ്ടാകില്ലെന്ന് കണക്കുകൾ നിരത്തി എഐടിയുസി പറയുന്നു. മോട്ടോർ വാഹന നികുതി ഇനത്തിലും പിഴയിനത്തിലും വലിയ തുകയാണ് ഓരോ വർഷവും മോട്ടോർ വാഹന വകുപ്പ് സർക്കാർ ഖജനാവിലേക്ക് എത്തിക്കുന്നത്. വായ്പാ തിരിച്ചടവ് മോട്ടോർ വാഹന വകുപ്പ് ഏറ്റെടുക്കയോ കടബാധ്യത മൊത്തത്തിൽ സർക്കാർ തീർക്കുകയോ ചെയ്താൽ മോട്ടോർ വാഹന വകുപ്പിന് കെഎസ്ആർടിസി ഒരു ബാധ്യതയാകില്ലെന്നും നേതാക്കൾ പറയുന്നു.

നിലവിൽ ട്രാൻസ്പോർട്ട് സെക്രട്ടറി തന്നെയാണ് കെഎസ്ആർടിസി എംഡിയും. അതുകൊണ്ട് തന്നെ നിലവിൽ ഇരു വകുപ്പുകളും തമ്മിൽ ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. മോട്ടോർ വാഹന വകുപ്പിലേക്ക് കെഎസ്ആർടിസിയെ ലയിപ്പിച്ചാൽ 26,000ത്തിലേറെ വരുന്ന ജീവനക്കാരുടെ തൊഴിൽ സുരക്ഷ ഉറപ്പുവരുത്താനാകുമെന്നും നേതാക്കൾ സർക്കാരിനെ ബോധ്യപ്പെടുത്തും.

Leave a Reply