പ്രവാസികളെ ദുരിതത്തിലാക്കി വിമാനക്കമ്പനികൾ; അവധിക്കാലത്ത് നാട്ടിലെത്തണമെങ്കിൽ ആറിരട്ടി പണം

0

അബുദാബി: അവധിക്കാലമായിട്ടും പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ വില്ലനാകുന്നത് ഉയർന്ന വിമാന ടിക്കറ്റ് നിരക്ക്. വിമാനക്കമ്പനികൾ മത്സരിച്ചാണ് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കുന്നത്. നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റ് കിട്ടാനില്ലാതായതോടെ കണക്ഷൻ ഫ്ലൈറ്റുകളിൽ സാധാരണയെക്കാൾ ആറിരട്ടി തുക ടിക്കറ്റ് ചാർജ്ജിനത്തിൽ നൽകേണ്ട സാഹചര്യമാണ്.

യുഎഇയിൽനിന്ന് കേരളത്തിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന വിമാനങ്ങളിൽ സീറ്റില്ല. ചില വിദേശ എയർലൈനിൽ പരിമിത സീറ്റ് ലഭ്യമാണെങ്കിലും ആറിരട്ടി തുക നൽകണം. മറ്റു രാജ്യങ്ങൾ വഴി കണക്​ഷൻ വിമാനത്തിൽ പോകുകയാണെങ്കിലും‍ ഏതാണ്ട് ഇതേ നിരക്ക് നൽകേണ്ടിവരും. യുഎഇയിൽ പെരുന്നാളിന് ഒൻപത് ദിവസത്തെ അവധി പ്രഖ്യാപിച്ചതോടെ നാട്ടിലേക്കു പോകാനായി ടിക്കറ്റ് ബുക്ക് ചെയ്ത് പലരുടെയും കൈ പൊള്ളി. അഞ്ചിരട്ടി വരെയായിരുന്നു കഴിഞ്ഞ ആഴ്ചത്തെ വർധന.

ഇന്നലെ ടിക്കറ്റിനായി സമീപിച്ചവരോട് 2550 ദിർഹം (53126 രൂപ) മുടക്കാനുണ്ടെങ്കിൽ ഒരു വൺവേ ടിക്കറ്റ് ഒപ്പിക്കാമെന്നായിരുന്നു ട്രാവൽ ഏജന്റുമാരുടെ മറുപടി. പത്തു ദിവസം മുൻപ് 350 ദിർഹത്തിന് (7291 രൂപ) ലഭിച്ചിരുന്നു. മുംബൈ, ഡൽഹി, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, കൊളംബൊ തുടങ്ങി സ്ഥലങ്ങൾ വഴി കണക്​ഷൻ വിമാനത്തിന് 2100 ദിർഹത്തിനു (43751 രൂപ) മുകളിലാണ് ശരാശരി നിരക്ക്. കോവിഡ് മൂലം നാട്ടിലേക്ക് പോകാൻ കഴിയാതെ വിഷമിച്ച പലരും ഈദ് ആഘോഷിക്കാനെങ്കിലും നാട്ടിൽ പോകാമെന്ന് കരുതിയെങ്കിലും അതിനും കഴിയാതെ വിഷമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here