നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരേ വഞ്ചനാക്കുറ്റത്തിനു കേസെടുത്തു

0

കൊച്ചി: മത്സ്യവില്‍പന കേന്ദ്രം ഫ്രാഞ്ചൈസിയുടെ പേരില്‍ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരേ വഞ്ചനാക്കുറ്റത്തിനു കേസെടുത്തു. മൂവാറ്റുപുഴ മാനാറി ആസിഫ്‌ അലിയാര്‍ പുതുക്കാട്ടിലിന്റെ പരാതിയിലാണു കൊച്ചി സെന്‍ട്രല്‍ പോലീസ്‌ കേസ്‌ എടുത്തിരിക്കുന്നത്‌.
ധര്‍മജനാണ്‌ കേസില്‍ ഒന്നാം പ്രതി. മറ്റു 10 പേര്‍ കൂടി പ്രതിപ്പട്ടികയിലുണ്ട്‌. ധര്‍മൂസ്‌ ഫിഷ്‌ ഹബ്‌ എന്ന ധര്‍മജന്റെ ബ്രാന്‍ഡ്‌ മത്സ്യവില്‍പന ശാല മൂവാറ്റുപുഴയില്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ്‌ പരാതി. അമേരിക്കന്‍ കമ്പനിയില്‍ ഡാറ്റാ സയന്റിസ്‌റ്റായി ജോലി ചെയ്‌തുവരികയായിരുന്നു ആസിഫ്‌. എറണാകുളത്തുവച്ചാണ്‌ ധര്‍മജനുമായി പരിചയപ്പെടുന്നത്‌. തുടര്‍ന്ന്‌ ഫഷ്‌ ഹബ്‌ ഫ്രാഞ്ചൈസി തുടങ്ങാന്‍ 10000 രൂപ മുന്‍കൂര്‍ നല്‍കി. പിന്നീട്‌ പലപ്പോഴായി ബാങ്കുവഴിയും 43.30 ലക്ഷം നല്‍കി എന്നാണു പരാതിയില്‍ പറയുന്നത്‌. ബാങ്ക്‌ ഇടപാടുകളുടെ രേഖ സമര്‍പ്പിച്ചിട്ടുണ്ട്‌. കിഷോര്‍ കുമാര്‍,താജ്‌ കടേപ്പറമ്പില്‍, ലിജേഷ്‌, ഷിജില്‍, ജോസ്‌, ഗ്രാന്‍ഡി, ഫിജോള്‍, ജയന്‍, നിബിന്‍, ഫെബിന്‍ എന്നിവര്‍ ആണ്‌ മറ്റ്‌ പ്രതികള്‍.
2019 ല്‍ നവംബറില്‍ ഫിഷ്‌ ഹബ്‌ ആരംഭിച്ചു. എന്നാല്‍, 2020 മാര്‍ച്ചുമാസത്തോടെ നിര്‍ത്തേണ്ടിവന്നു. ധര്‍മജന്‍ മത്സ്യവിതരണം നിര്‍ത്തിയതാണ്‌ കട പൂട്ടാനിടയാക്കിയതെന്നാണ്‌ ആസിഫിന്റെ പരാതി. ബിസിനസ്‌ താറുമാറായതിനു പിന്നാലെ പണവും നഷ്‌ടമായ അവസ്‌ഥയിലാണെന്നും പണം തിരികെചോദിച്ചപ്പോള്‍ തന്നില്ലെന്നും പരാതിയിലുണ്ട്‌. വഞ്ചനാക്കുറ്റമാണ്‌ ചുമത്തിയിട്ടുള്ളതെന്നും പ്രതികളെ സ്‌റ്റേഷനില്‍ വിളിപ്പിച്ച്‌ ചോദ്യം ചെയ്യുമെന്നും പോലീസ്‌ പറഞ്ഞു. എന്നാല്‍, പരാതി വ്യാജമാണെന്ന്‌ നിലപാടിലാണ്‌ ധര്‍മജന്‍. ഇതുവരെ ഒരാളുടെ കൈയില്‍ നിന്നും പണം വാങ്ങിയതിന്റെ തെളിവോ ചെക്കോ എന്തെങ്കിലുമുണ്ടെങ്കില്‍ പലിശ സഹിതം തിരിച്ചു നല്‍കുമെന്നും തനിക്കെതിരേ വ്യാജപ്പരാതി നല്‍കിയ ആള്‍ക്കെതിരേയും കൂട്ടുകാര്‍ മനപ്പൂര്‍വം ചതിച്ചതാണെങ്കില്‍ അവര്‍ക്കെതിരേയും കേസ്‌ കൊടുക്കുമെന്നും ധര്‍മജന്‍ ഒരു ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
എറണാകുളം സി.ജെ.എം. കോടതി മുഖേനെയാണ്‌ കേസ്‌ എടുത്തിട്ടുള്ളത്‌. ആദ്യം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടും കേസ്‌ എടുക്കാതിരുന്നതിനെ തുടര്‍ന്നാണ്‌ കോടതിയെ സമീപിച്ചത്‌. തുടര്‍ന്ന്‌ കോടതിയുടെ നിര്‍ദേശപ്രകാരമാണ്‌ സെന്‍ട്രല്‍പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌.

Leave a Reply