ഉമ തോമസിനെ ഫേസ്ബുക്കിൽ അധിക്ഷേപിച്ച് സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥൻ; സ്ത്രീത്വത്തെ അവഹേളിച്ചതിന് പരാതി നൽകുമെന്ന് കോൺഗ്രസ്

0

തിരുവനന്തപുരം: തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന് അധിക്ഷേപിച്ച് സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു ആക്ഷേപം. നടത്തിയ പരാമര്‍ശത്തിനെതിരെ പരാതി നൽകാനൊരുങ്ങുകയാണ് കോൺഗ്രസ് അനുകൂല സംഘടന.

സെക്രട്ടേറിയറ്റിലെ പ്ലാനിംഗ് ആന്റ് എക്ണോമിക് അഫയേഴ്സിൽ ഡെപ്യൂട്ടി സെക്രട്ടറിയുടെ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് തൃക്കാക്കര യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസിനെതിരെ അധിക്ഷേപ കുറിപ്പ് ഇട്ടത്. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കിടയിലെ ഇടത് പ്രൊഫൈലുകളിൽ ഫേസ്ബുക്ക് പോസ്റ്റ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു. പിന്നാലെ സ്ത്രീത്വത്തെ അവഹേളിച്ചെന്ന് പല കോണിൽ നിന്ന് വിമര്‍ശനം ഉയര്‍ന്നതോടെ ഡെപ്യൂട്ടി സെക്രട്ടറി പോസ്റ്റ് പിൻവലിച്ചു. പക്ഷെ പ്രശ്നം അവിടെ തീരില്ലെന്നാണ് കോണഗ്രസ് അനുകൂല സംഘടനകളുടെ നിലപാട്.

സര്‍വ്വീസ് സംഘടനയുടെ സജീവ പ്രവര്‍ത്തകനായ ഉദ്യോഗസ്ഥനെതിരെ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നൽകാനാണ് സെക്രട്ടേറിയറ്റ് അസോസിയേഷൻ വനിതാ വിഭാഗത്തിന്റെ തീരുമാനം. ദേശീയ സംസ്ഥാന വനിതാ കമ്മീഷനുകളെ സമീപിക്കാനും പദ്ധതിയുണ്ട്. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും സ്ത്രീത്വത്തോടുള്ള അഹവേളനത്തിലാണ് പ്രതിഷേധമെന്നും തുടര്‍ തീരുമാനം നാളെ എടുക്കുമെന്നും സംഘടനാ നേതാക്കൾ പറയുന്നു. മുഖ്യമന്ത്രിക്കെതിരായ പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരിൽ പൊതു ഭരണ വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനെതിരെ നടപടിയെടുത്ത സംഭവവും കോൺഗ്രസ് അനുകൂല സംഘടനകൾ ചൂണ്ടിക്കാട്ടുന്നു

തൃക്കാക്കരയിൽ ട്വൻ്റി ട്വൻ്റിയും മത്സരിക്കില്ല

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ട്വൻ്റി ട്വൻ്റിയും മത്സരിക്കില്ല. എഎപി മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്വൻ്റി ട്വൻ്റിയും നിലപാട് അറിയിച്ചത്. നേരത്തെ തൃക്കാക്കരയിൽ മുന്നണികൾക്കെതിരെ ആപ്-ട്വൻ്റി ട്വൻ്റി സംയുക്ത സ്ഥാനാർത്ഥിയുണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും പതെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന് ഇരു പാര്‍ട്ടികളും തീരുമാനിക്കുകയായിരുന്നു.

ആംആദ്മി പാര്‍ട്ടിയുമായി ചേര്‍ന്നാണ് തീരുമാനമെടുത്തതെന്ന് ട്വൻ്റി ട്വൻ്റി ചെയര്‍മാൻ സാബു എം ജേക്കബ് അറിയിച്ചു. ‘സംസ്ഥാന ഭരണത്തെ നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പല്ല തൃക്കാക്കരയില്‍ നടക്കുന്നത്. രാഷ്ട്രീയമായി ഒട്ടും പ്രധാന്യമില്ലാത്ത ഉപതെരഞ്ഞെടുപ്പിന്‍റെ മത്സര രംഗത്ത് നിന്നും വിട്ടു നില്‍ക്കാനും സംഘടനാ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ഇരു പാര്‍ട്ടികളുടേയും തീരുമാനം. ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കണ്‍വീനറുമായ അരവിന്ദ് കജ്രിവാള്‍ ഈ മാസം 15 ന് കൊച്ചിയിലെത്തുന്നുണ്ട്’. അന്ന് വൈകിട്ട് കിഴക്കമ്പലത്ത് നടക്കുന്ന മഹാസമ്മേളനം വിജയിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ക്കാണ് ഈ അവസരത്തില്‍ ട്വന്‍റി ട്വന്‍റിയും ആം ആദ്മിയും പ്രധാന്യം നല്‍കുന്നതെന്നും ഇരു പാര്‍ട്ടികളും അറിയിച്ചു.

അധികാരത്തിൽ ഇല്ലാത്ത സംസ്ഥാനങ്ങളിൽ സാധാരണ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാറില്ലെന്നാണ് എഎപി വിശദീകരണം. ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ വലിയ ഗുണം ഉണ്ടാകുമെന്ന് കരുതുന്നില്ല. അതേസമയം അടുത്ത നിയമസഭാ, പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ എല്ലാ സീറ്റിലും ആം ആദ്മി പാർട്ടി മത്സരിക്കുമെന്നും എൻ.രാജ വ്യക്തമാക്കി. പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച് വാഗ്ദാനങ്ങൾ നടപ്പാക്കാനാണ് ആം ആദ്മി പാർട്ടിയുടെ ശ്രമം.

തൃക്കാക്കരയിൽ ആർക്ക് വോട്ട് ചെയ്യണം എന്ന് അണികളെ പിന്നീട് അറിയിക്കുമെന്നും ഈ മാസം 15ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കേരളം സന്ദർശിക്കുമെന്നും എഎപി നിരീക്ഷൻ പറഞ്ഞു. വിജയസാധ്യത സംബന്ധിച്ച് എഎപി നടത്തിയ സർവേയിൽ അനൂകൂല സൂചനകളല്ല ലഭിച്ചത്. ഈ സാഹചര്യത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്ന കാര്യങ്ങൾക്ക് ഊന്നൽ നൽകാനാണ് തീരുമാനം. തൃക്കാക്കരയിൽ ആർക്കെങ്കിലും പിന്തുണ നൽകണോ എന്ന കാര്യം 15ന് ശേഷം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും എൻ.രാജ പറഞ്ഞു.

അതേസമയം അടിത്തറ ശക്തമാക്കിയതിന് ശേഷം തെരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക് ഇറങ്ങിയാൽ മതിയെന്ന നിലപാടാണ് ആംആദ്മി പാർട്ടി കേന്ദ്ര നേതൃത്വത്തിനുള്ളത്. ട്വന്റി 20 ആംആദ്മി പാർട്ടി സ്ഥാനാർത്ഥിയെ പിന്തുണക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതോടെ മണ്ഡലത്തിൽ ചതുഷ്കോൺ മത്സരത്തിനുള്ള സാധ്യത തന്നെ ഇല്ലാതായി. തൃക്കാക്കര മണ്ഡലത്തിൽ ട്വന്റി 20 പ്രവർത്തകരുടെ എണ്ണം കുറവാണ്. കഴിഞ്ഞ തവണ കിഴക്കമ്പലത്ത് നിന്നുള്ള പ്രവർത്തകരെത്തിയാണ് മണ്ഡലത്തിൽ പ്രചരണം നടത്തിയത്.

ഈ സാഹചര്യത്തിലാണ് സ്ഥാനാർത്ഥി വേണ്ടെന്ന തീരുമാനം. കിഴക്കമ്പലത്ത് സ്ഥാനാർത്ഥിയെ നിർത്തുന്നത് ഗുണം ചെയ്യുമെന്നായിരുന്നു കേരളത്തിലെ നേതാക്കളുടെ വിലയിരുത്തൽ. ഇവിടെ നടത്തിയ സർവ്വേയും മുന്നേറ്റം പ്രവചിച്ചു. എന്നാൽ കേരളത്തിലെ സാഹചര്യങ്ങൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നേരിട്ട് മനസ്സിലാക്കി. അവർ പ്രത്യേക സർവ്വേയും നിർത്തി. ഒരു ജയസാധ്യതയും ഇല്ലെന്ന് മനസ്സിലാക്കി. അതുകൊണ്ടാണ് സ്ഥാനാർത്ഥി വേണ്ടെന്ന തീരുമാനം.

ബിജെപി സ്ഥാനാർഥി എ എൻ രാധാകൃഷ്ണൻ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ കൂടി പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് ചിത്രം കൂടുതൽ വ്യക്തമാവുകയാണ്. സംസ്ഥാന വൈസ് പ്രസിഡണ്ട് എഎൻ രാധാകൃഷ്ണൻ ബിജെപി സ്ഥാനാർത്ഥിയായി നേതൃത്വം തെരഞ്ഞെടുത്തത്. സ്ഥാനാർത്ഥി ചർച്ചയുടെ ആദ്യഘട്ടത്തിൽ തന്നെ ഉയർന്നു വന്ന പേരായിരുന്നു രാധാകൃഷ്ണന്റേത്. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് രാധാകൃഷ്ണനെ പ്രഖ്യാപിച്ചത്.

വർഷങ്ങളായി എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന മുതിർന്ന നേതാവാണ് എഎൻ രാധാകൃഷ്ണൻ. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പികളിൽ പാർട്ടിക്കായി മികച്ച പ്രകടനം അദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്. മണ്ഡലത്തിൽ വ്യക്തിപരമായ സ്വാധീനവും ദൗത്യം അദേഹത്തെ തന്നെ ഏൽപ്പിക്കാൻ കാരണമായി.

കോൺഗ്രസ് സ്ഥാനാർത്ഥി ഉമ തോമസിനേയും എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനേയുമാണ് എ.എൻ രാധാകൃഷ്ണൻ നേരിടുന്നത്. തിരഞ്ഞെടുപ്പിൽ ശക്തനായ സ്ഥാനാർത്ഥിയെ തന്നെ രംഗത്തിറക്കുമെന്ന് പാർട്ടി സംസ്ഥാന നേതാക്കൾ വെളിപ്പെടുത്തിയിരുന്നു. കേരളത്തിൽ ഇരട്ട നീതിയാണെന്ന വിഷയം ഉയർത്തിയായിരിക്കും ബിജെപി തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനെ നേരിടുക എന്ന് ഇതിനോടകം തന്നെ ബിജെപി നേതാക്കൾ വ്യക്തമാക്കിയിരുന്നു.

തൃക്കാക്കരയിൽ ഇനി രണ്ടു കൂട്ടരുടേയും നീക്കങ്ങൾ കരുതലോടെ

ലിസി ആശുപത്രിയിലെ സ്ഥാനാർത്ഥി പ്രഖ്യാപനം ഒരുപാട് വിവാദങ്ങൾക്ക് വഴിവെച്ചത് നാം കണ്ടതാണ്. തൃക്കാക്കരയിലെ ഓരോ വോട്ടും ഉറപ്പിക്കാനുള്ള സിപിഎംന്റെ കരുനീക്കങ്ങളുടെ ഭാഗമായിരുന്നോ അതിനു പിന്നിലും ? ഡോ ജോസഫ് സഭാ സ്ഥാനാർഥി ആണെന്ന യുഡിഎഫ് ചർച്ചകൾ അവർക്ക് തന്നെ വിനയാവുകയാണ്. ഇത് കോൺഗ്രസ് തിരിച്ചറിയുകയാണ്. അതുകൊണ്ട് തന്നെ ഡോ ജോ ജോസഫിനെ ഇനി സഭാ സ്ഥാനാർത്ഥിയായി അവർ ചർച്ചയാക്കില്ല. സഭയ്ക്ക് സ്ഥാനാർത്ഥി നിർണ്ണായത്തിൽ പങ്കില്ലെന്നും സഭയെ സിപിഎം ദുരുപയോഗപ്പെടുത്തിയെന്നുമുള്ള നിലപാടിലേക്ക് അവർ കാലം മാറ്റി ചവിട്ടും. കർദിനാൾ ആലഞ്ചേരിയെ അടക്കം വിമർശിക്കുന്നത് ഒഴിവാക്കും.

ക്രൈസ്തവർക്ക് നിർണ്ണായക സ്വാധീനം തൃക്കാക്കരയിലുണ്ട്. എന്നാൽ ക്രൈസ്തവ സഭ തന്നെ രണ്ടു തട്ടിലാണ്. ഇതിന്റെ സാധ്യതകളാണ് ഇടതുപക്ഷം പരീക്ഷിക്കാൻ ശ്രമിച്ചത്. ഔദ്യോഗിക പക്ഷം എന്നും യുഡിഎഫ് അനുലൂകലരാണ്. അത് മാറിയെന്ന് സ്ഥാപിക്കാനായിരുന്നു സിപിഎം ശ്രമം. തൃക്കാക്കരയിൽ ക്രൈസ്തവർക്കപ്പുറത്തുള്ള വോട്ട് ബാങ്കിൽ കോൺഗ്രസും കണ്ണുവച്ചു. എന്നാൽ മധ്യകേരളത്തിൽ കോൺഗ്രസിന് ത് ഗുണം ചെയ്യില്ല. ഈ സാഹചര്യത്തിലാണ് സഭയിലെ കരുതലോടെ നീങ്ങാനുള്ള കോൺഗ്രസ് തീരുമാനം. ജോ ജോസഫ് സഭാ സ്ഥാനാർത്ഥിയാണെന്ന വാദം കോൺഗ്രസ് ഒരിടത്തും ഇനി ഉയർത്തില്ല.

തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച വിവാദങ്ങൾ കൊഴുക്കുന്നതിനിടെ കത്തോലിക്കാ സഭയെ വിവാദത്തിലേക്കു വലിച്ചിഴയ്ക്കരുതെന്ന അഭിപ്രായവുമായി മുതിർന്ന കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും ഡൊമിനിക് പ്രസന്റേഷനും രംഗത്ത് വന്നിരുന്നു. രമേശിന്റെ അഭിപ്രായം കോൺഗ്രസ് നേതൃത്വം പെട്ടെന്ന് ഉൾക്കൊണ്ടു. തിരുത്തലുകളും വരുത്തി. അതിനിടെ എൽഡിഎഫ് ചെലവിൽ സഭാ നേതൃത്വത്തെ അപമാനിക്കാനാണു പ്രതിപക്ഷം ശ്രമിക്കുന്നതെന്നു മന്ത്രി പി.രാജീവ് ആരോപിച്ചിരുന്നു. അതേസമയം, മന്ത്രി പി.രാജീവാണ് എൽഡിഎഫ് സ്ഥാനാർത്ഥി സഭയുടെ സ്ഥാനാർത്ഥിയാണെന്നു വരുത്തിത്തീർക്കാൻ സഭയുടെ വേദി ദുരുപയോഗിച്ചതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു.

രമേശ് ചെന്നിത്തലയാണ് ഇതിൽ നിർണ്ണായക ഇടപെടൽ നടത്തിയത്. സഭയെ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുത്. സഭ എൽഡിഎഫ് സ്ഥാനാർത്ഥിയെ നിശ്ചയിക്കുമെന്നു കരുതുന്നില്ല. നിക്ഷിപ്ത താൽപര്യക്കാരുടെ വെറും പ്രചാരണം മാത്രമാണത്. കത്തോലിക്കാ സഭ ജനാധിപത്യവും മതനിരപേക്ഷതയും ഉയർത്തിപ്പിടിക്കുന്ന വിശാല ചിന്താഗതിയുള്ള സഭയാണ്. അവർ ഒരിക്കലും ഒരു സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ ഇടപെടുമെന്ന വിശ്വാസം ഞങ്ങൾക്കില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു. പിന്നാലെ കെപിസിസിയും രംഗത്തു വന്നു. ഡോ. ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥി ആണെന്ന് കോൺഗ്രസ് പറഞ്ഞിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചു കഴിഞ്ഞു. കത്തോലിക്കാ സഭയുടെ സ്ഥാനാർത്ഥിയാണെന്ന് വരുത്തിത്തീർക്കാൻ സിപിഎം ശ്രമിക്കുകയാണ്. ഇക്കാര്യത്തിൽ രമേശ് ചെന്നിത്തലയും ഞാനും പറഞ്ഞത് ഒരേ കാര്യമാണെ്ന്ന് സുധാകരൻ വിശദീകരിച്ചു.

തൃക്കാക്കരയിൽ രാഷ്ടീയ പോരാട്ടത്തിനാണു ഞങ്ങൾ തയാറായത്. പക്ഷേ, സിപിഎം രാഷ്ടീയ പോരാട്ടത്തിനു തയാറല്ല. രാഷ്ട്രീയ മത്സരത്തിനു ഞാൻ സിപിഎമ്മിനെ വെല്ലുവിളിക്കുകയാണ്. അവർക്ക് അതിനു കഴിയുമായിരുന്നെങ്കിൽ നേരത്തെ നിശ്ചയിച്ച കെ.എസ്.അരുൺ കുമാറിനെയാണു സ്ഥാനാർത്ഥിയാക്കേണ്ടിയിരുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം ‘കൊല’ റെയിലിനുള്ള താക്കീതാകുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു. ബ്രൂവറി അഴിമതി അടക്കം ഇനി തൃക്കാക്കരയിൽ യുഡിഎഫ് ചർച്ചയാക്കും.

അതിനിടെ ലിസി ആശുപത്രിയിലെ പത്ര സമ്മേളനത്തെ സിപിഎം ന്യായീകരിക്കുന്നുണ്ട്. എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതു ലെനിൻ സെന്ററിലാണ്. തീരുമാനം പ്രഖ്യാപിച്ചശേഷം ഞങ്ങൾ ആശുപത്രിയിൽ ഡോക്ടറെ അറിയിക്കാൻ ചെന്നപ്പോൾ അവരാണ് ഞങ്ങളോട് ഇരിക്കാൻ പറഞ്ഞത്. സ്വന്തം സ്ഥാപനത്തിലെ ഡോക്ടർക്കു ലഭിച്ച അംഗീകാരത്തിൽ സന്തോഷം തോന്നി ആശുപത്രി ഡയറക്ടറായ ഫാ. പോൾ കരേടൻ ഡോക്ടർക്കു പൂച്ചെണ്ടു നൽകി സംസാരിച്ചതിൽ എന്താണു തെറ്റ്? വൈദികൻ എന്ന നിലയിലല്ല, ആശുപത്രി ഡയറക്ടർ എന്ന നിലയിലാണ് അദ്ദേഹം ഡോ.ജോയെക്കുറിച്ചു സംസാരിച്ചതെന്ന് മന്ത്രി രാജീവ് പറയുന്നു.

സിപിഎം ജില്ലാ സെക്രട്ടറിയും മന്ത്രി രാജീവും തമ്മിലുള്ള തർക്കമാണ് ഈ അവസ്ഥയിൽ സിപിഎമ്മിനെ എത്തിച്ചത് എന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. സഭയിൽ ഒരു വിഭാഗം സഭയുടെ സ്ഥാനാർത്ഥിയല്ല എന്നു പറഞ്ഞു രംഗത്തു വന്നു. ഞങ്ങൾ അതിൽ കക്ഷി പിടിച്ചില്ല. വാ തുറന്നാൽ വിഷം മാത്രം തുപ്പുന്ന പി.സി.ജോർജിനെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചിട്ടു വന്നയാളെയാണോ സിപിഎം സ്ഥാനാർത്ഥിയാക്കേണ്ടത്? ബിജെപി പ്രസിഡന്റ് ജെ.പി.നഡ്ഡയെ സന്ദർശിച്ചു തിരിച്ചെത്തിയ ജോർജ് പറഞ്ഞതു തൃക്കാക്കരയിൽ ബിജെപിക്കു കാര്യമായ വോട്ടു കിട്ടില്ലെന്നാണ്. എന്നിട്ട് എൽഡിഎഫ് സ്ഥാനാർത്ഥി സ്വന്തം പയ്യനാണെന്നു പറയുന്നു. അതിന്റെ അർഥമെന്താണ് എന്നും സതീശൻ ചോദിക്കുന്നു.

സഭയുടെ പേരിൽ രാഷ്ട്രീയക്കളി നടത്താനുള്ള ശ്രമത്തിലാണ് മുന്നണികൾ. സഭയിൽത്തന്നെയുള്ള ഉൾപ്പിരിവുകൾ പോലും രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കാനാണ് ശ്രമം. ഇടതുസ്ഥാനാർത്ഥിയായി ഒരാളുടെ പേര് ഉയർന്നുവരുകയും ചുവരെഴുത്തുകൾക്കിടെ അദ്ദേഹത്തെ മാറ്റുകയും ചെയ്തപ്പോൾമുതൽ വരാൻപോകുന്ന സ്ഥാനാർത്ഥി സഭയുടെ ആളായിരിക്കുമെന്ന പ്രചാരണം ശക്തമായി. സഭയുടെ ആളെന്ന് മറ്റുള്ളവർ പറയുന്നതിൽ ഗൂഢമായി സന്തോഷിച്ച ഇടതുപക്ഷം പിന്നെയാണ് അതിലെ കുരുക്ക് മനസ്സിലാക്കിയത്. സഭയുടെ ആളായി മുദ്രകുത്തപ്പെട്ടാൽ അത് മറ്റു വോട്ടുകൾ നഷ്ടപ്പെടുന്നതിന് ഇടയാക്കുമോ എന്ന ചിന്തയുണ്ടായി. സഭയിലെ ഒരുവിഭാഗം ആദ്യം എതിർപ്പുമായി വന്നതും പിന്നാലെ സഭാനേതൃത്വംതന്നെ പ്രസ്താവനയുമായി വന്നതും ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കി.

ഇടതുസ്ഥാനാർത്ഥിയെ വിവാദത്തിൽനിർത്തി വോട്ടുകളുടെ ഏകീകരണം യു.ഡി.എഫും ആദ്യം ലക്ഷ്യംവെച്ചിരുന്നു. അതിന് ഉപകരിക്കുംവിധമുള്ള വാക്പ്രയോഗമാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശനിൽനിന്ന് ആദ്യം ഉണ്ടായത്. എന്നാൽ, രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുന്നതിലുള്ള പ്രതിഷേധം വ്യക്തമാക്കി സഭതന്നെ വന്നതോടെ യു.ഡി.എഫിനും കളംമാറ്റിച്ചവിട്ടേണ്ടിവന്നു.

പിടി തോമസിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന തൃക്കാക്കര നിയോജകമണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് 31നാണ്. മെയ് നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മെയ് പതിനൊന്ന് വരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം, 12-നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിൻവലിക്കാനും സമയം അനുവദിക്കും. ജൂണ് മൂന്നിന് വോട്ടെണ്ണൽ നടക്കും. യുഡിഎഫിന്റെ ഉറച്ച മണ്ഡലമായിട്ടാണ് തൃക്കാക്കര എന്നാണ് പൊതുവിലയിരുത്തലെങ്കിലും ഇക്കുറി കടുത്ത മത്സരം തന്നെ നടക്കാനാണ് സാധ്യത.

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം നടക്കുന്ന ആദ്യത്തെ ഉപതെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്. ഈ തെരഞ്ഞെടുപ്പ് ജയിക്കാനായാൽ നിയമസഭയിലെ എൽഡിഎഫ് അംഗബലം നൂറാവും. നൂറ് സീറ്റുകളോടെ സർക്കാരിന്റെ ഒന്നാം വാർഷികം ആഘോഷിക്കാനുള്ള സുവർണാവസരമായിട്ടാണ് സിപിഎം തെരഞ്ഞെടുപ്പിനെ കാണുന്നത്. അതേസമയം സിൽവർ ലൈൻ വിഷയം വലിയ ചർച്ചയായ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് എന്നതും രാഷ്ട്രീയമായ വെല്ലുവിളിയായി സർക്കാരിന് മുന്നിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here