തക്കലയിൽ നിന്ന് യുവതിയുടെ 11പവന്റെ മാല പൊട്ടിച്ച് കേരളത്തിലേക്ക് കടന്ന രണ്ടുപേർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് ഒരാൾ മരിച്ചു

0

തക്കലയിൽ നിന്ന് യുവതിയുടെ 11പവന്റെ മാല പൊട്ടിച്ച് കേരളത്തിലേക്ക് കടന്ന രണ്ടുപേർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് ഒരാൾ മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന തിരുവനന്തപുരം കഠിനംകുളം ചാന്നാങ്കര തോപ്പിൽ വീട്ടിൽ സജാദ് ഖാനാണ് (17) മരിച്ചത്. കൂടെയുണ്ടായിരുന്ന കോട്ടയം സ്വദേശി അമലിനെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ആറരയോടെയാണ് സംഭവം.അമലിന്റെ മൊഴിയെടുക്കാൻ എത്തിയ നരുവാമൂട് പൊലീസ് ഇയാളുടെ കൈവശം കൊളുത്തില്ലാത്ത മാല കണ്ടെത്തിയതാണ് കവർച്ചയുടെ ചുരുളഴിച്ചത്. തമിഴ്നാട് പൊലീസിനെ വിവരമറിയിച്ചതോടെ തക്കലയിലെ മോഷ്‌ടാക്കളാണ് അപകടത്തിൽപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. മോഷണക്കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് മൂന്നു ദിവസം മുമ്പാണ് സജാദ് പുറത്തിറങ്ങിയത്. അമലിനെതിരെയും നിരവധി മോഷണക്കേസുകളുണ്ട്. അമലിനെ നാട്ടുകാരാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.ഇന്നലെ പുലർച്ചെ അഞ്ചോടെ അരുമന സ്വദേശി ജോസ്ലിന്റെ ഭാര്യയും നാഗർകോവിൽ കളക്‌ടറേറ്റിലെ പൊതുമരാമത്ത് വകുപ്പ് ജീവനക്കാരിയുമായ പ്രേമികയുടെ (35) മാലയാണ് കവർന്നത്.നൈറ്റ് ഡ്യൂട്ടിക്ക് ശേഷം ആക്ടീവ സ്‌കൂട്ടറിൽ മടങ്ങവേ മേക്കാമണ്ഡപത്തിനു സമീപം തടഞ്ഞുവച്ചായിരുന്നു കവർച്ച. ഉറക്കെ നിലവിളിച്ചെങ്കിലും പുലർച്ചെയായതിനാൽ ആരും കേട്ടില്ല. മാലയുടെ കൊളുത്ത് തറയിൽ നിന്നു പ്രേമിക‌യ്‌ക്ക് കിട്ടി. കഴുത്തിന് പരിക്കേറ്റ പ്രേമിക തക്കല സ്റ്റേഷനിലെത്തിയാണ് പരാതി നൽകിയത്. മൊഴിയെടുക്കാൻ എത്തിയ തക്കല പൊലീസ് അമലിനെ കസ്റ്റഡിയിൽ വാങ്ങാൻ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും നിയമപരമായ കാരണങ്ങളാൽ പ്രതിയെ വിട്ടുനൽകിയില്ല.ബൈക്കും മോഷ്‌ടിച്ചത്പ്രേമികയെ 15 മിനിട്ടോളം പിന്തുടർന്നാണ് പ്രതികൾ മാല കവർന്നത്. വിജനമായ സ്ഥലത്തെത്തിയപ്പോൾ യുവതി സഞ്ചരിച്ചിരുന്ന ആക്ടിവയ്‌ക്ക് മുന്നിലേക്ക് ബൈക്ക് കയറ്റി നിറുത്തിയാണ് പിന്നിലിരുന്ന അമൽ മാല വലിച്ചുപൊട്ടിച്ചത്. ഇവർ സഞ്ചരിച്ച നമ്പർപ്ലേറ്റില്ലാത്ത ആഡംബര ബൈക്കും മോഷ്‌ടിച്ചതാണെന്നാണ് തക്കല പൊലീസിന് ലഭിച്ച വിവരം.

Leave a Reply