ഇരകളെ കണ്ടെത്താനും ആവശ്യമുള്ള ലഹരി വസ്തുക്കള്‍ എത്തിച്ചു നല്‍കാനും ചെറുപ്പക്കാർ; എംഡിഎംഎ മുതല്‍ കഞ്ചാവ് വരെ ലഭിക്കുന്നത് ഒറ്റ മെസേജിലും; മയക്കുമരുന്ന് മാഫിയകൾ മലയോരമേഖലകൾ താവളമാക്കുന്നു

0

ആലക്കോട്: മലയോരമേഖലയില്‍ മയക്കുമരുന്ന് മാഫിയ വലിയ തോതിൽ വളരുന്നതായി റിപ്പോർട്ട്. എംഡിഎംഎ മുതല്‍ കഞ്ചാവ് വരെയുള്ള എല്ലാ ലഹരിവസ്തുക്കളും മലയോരത്ത് സുലഭമായി ലഭിക്കുന്ന അവസ്ഥയാണ് ഇത്തരം പ്രദേശങ്ങളിൽ കാണപ്പെടുന്നതെന്നാണ് പോലീസ് പറയുന്നത്. വലിയതോതിലുള്ള മയക്കുമരുന്ന് വിപണനമാണ് മലയോരമേഖല കേന്ദ്രീകരിച്ച് നടന്നുവരുന്നത്.

ഇരകളെ കണ്ടെത്താനും ആവശ്യമുള്ള ലഹരി വസ്തുക്കള്‍ എത്തിച്ചു നല്‍കുവാനും മാത്രം നൂറുകണക്കിന് ചെറുപ്പക്കാരാണുള്ളത്. ബാംഗ്ലൂര്‍, മംഗലാപുരം തുടങ്ങിയ നഗരങ്ങളില്‍ നിന്നും ഇടുക്കിയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമാണ് വന്‍തോതില്‍ മാരകമയക്കുമരുന്നുകളും കഞ്ചാവും മലയോരത്ത് എത്തിക്കൊണ്ടിരിക്കുന്നത്. ഇതിനു പുറമേ നിരോധിത പാന്‍മസാലകളുടെയും, ഹാന്‍സിന്റെയും വില്‍പ്പനയും പൊടിപൊടിക്കുന്നുണ്ട്.

അതിനിടെ ബെംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യഇടനിലക്കാരനായ യുവാവിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വെള്ളാട് മാവുംചാല്‍ സ്വദേശി ജിന്‍സ് ബാബുവിനെയാണ് (23) ആലപ്പുഴ എസ്പി ജി. ജയദേവിന്റെയും ആലപ്പുഴ ആന്റിനാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എം.കെ. ബിനുകുമാറിന്റെയും ചേര്‍ത്തല ഡി.വൈ.എസ്.പി ടി.സി. വി. വിജയന്റെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ബെംഗളുരുവില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

ആലപ്പുഴ പൂച്ചകാലില്‍ 140 ഗ്രാം എംഡിഎംഎയുമായി എറണാകുളം സ്വദേശി ബിജുവിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഷിന്‍സ് ബാബു അറസ്റ്റിലായത്. ബെംഗളുരുവിൽ ഹോസ്റ്റല്‍ നടത്തി വരികയായിരുന്നു ഇയാള്‍ മയക്കുമരുന്ന് സംഘത്തിന്റെ മുഖ്യ ഇടനിലക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ബെംഗളുരുവിലെ ഹോസ്റ്റലുകളില്‍ താമസിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്നെത്തിച്ചു നല്‍കുന്നതായും ബോധ്യപ്പെട്ടതായി പോലീസ് പറയുന്നു.

ഒരുമാസമായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. ആലപ്പുഴയ്ക്ക് പുറമേ മലയോരമേഖലയിലേക്കും മയക്കുമരുന്നുകളെത്തിക്കുന്നതില്‍ ഇയാള്‍ ഉള്‍പ്പെട്ട സംഘത്തിന് ബന്ധമുള്ളതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇത്തരത്തില്‍ ഒട്ടേറെ സംഘങ്ങളാണ് വന്‍തോതില്‍ എംഡിഎംഎയും, കഞ്ചാവും അടക്കമുള്ള ലഹരി വസ്തുക്കള്‍ മലയോരങ്ങളിലെത്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ദിനംപ്രതി നിരവധി കേസുകളും അറസ്റ്റും നടക്കുന്നുണ്ടെങ്കിലും അധികൃതരെ വെല്ലുവിളിച്ചുകൊണ്ട് മലയോരം കേന്ദ്രീകരിച്ച് മയക്കുമരുന്നു മാഫിയ കൂടുതല്‍ പിടിമുറുക്കി വരികയാണ്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളെയും യുവതി- യുവാക്കളെയും ഇരകളാക്കി വലയില്‍ വീഴ്ത്തികൊണ്ടാണ് മയക്കുമരുന്ന് മാഫിയകളുടെ വിളയാട്ടം നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here