ജനങ്ങളുടെ ഭക്ഷണക്രമം നിശ്‌ചയിക്കുക സര്‍ക്കാരിന്റെ ജോലിയല്ലെന്നു കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്‌താര്‍ അബ്ബാസ്‌ നഖ്‌വി

0

ജനങ്ങളുടെ ഭക്ഷണക്രമം നിശ്‌ചയിക്കുക സര്‍ക്കാരിന്റെ ജോലിയല്ലെന്നു കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്‌താര്‍ അബ്ബാസ്‌ നഖ്‌വി. സ്വന്തം വിശ്വാസത്തിന്‌ അനുസൃതമായി ജീവിക്കാന്‍ ജനങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ടെന്നും വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ രാജ്യത്ത്‌ സ്‌പര്‍ധ വളരുന്ന സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
ഡല്‍ഹിയില്‍ ഉള്‍പ്പെടെ വിവിധ സംസ്‌ഥാനങ്ങളില്‍ വര്‍ഗീയസംഘര്‍ഷങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാരും മൗനം പാലിക്കുന്നത്‌ ആശങ്കപ്പെടുത്തുന്നുവെന്ന പ്രതിപക്ഷ ആരോപണം ശക്‌തമാകുന്നതിനിടെയാണു പ്രതികരണം.
രാജ്യം കൈവരിച്ച സമാധാനവും പുരോഗതിയും ദഹിക്കാത്ത ഒരുവിഭാഗം പ്രതിലോമശക്‌തികളാണ്‌ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു പിന്നില്‍. മുഴുവന്‍ ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ പ്രതിബദ്ധതയും പ്രൗഢപാരമ്പര്യവും സംസ്‌കാരവും ലോകത്തിനു മുന്നില്‍ വികൃതമാക്കുകയാണ്‌ ഇവരുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. രാമനവമി വേളയില്‍ ഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെ.എന്‍.യു)യില്‍ മാംസഭക്ഷണം വിളമ്പിയതിനെച്ചൊല്ലി ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ സംഭവത്തിലും നഖ്‌വി നിലപാടു വ്യക്‌തമാക്കി. എന്തു കഴിക്കണമെന്നും കഴിക്കരുതെന്നും ജനങ്ങളോടു നിര്‍ദേശിക്കുകയെന്നതു സര്‍ക്കാരിന്റെ ജോലിയല്ല. സ്വന്തം ഇഷ്‌ടപ്രകാരമുള്ള ഭക്ഷണം തെരഞ്ഞെടുക്കാനും കഴിക്കാനും രാജ്യത്തെ ഓരോ പൗരനും സ്വാതന്ത്ര്യമുണ്ട്‌. അതില്‍ ഇടപെടാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല- നഖ്‌വി പറഞ്ഞു.
രാജ്യത്ത്‌ ഹിജാബ്‌ നിരോധനമില്ലെന്നു കര്‍ണാടകയിലെ ഹിജാബ്‌ വിവാദത്തില്‍ മന്ത്രി വ്യക്‌തമാക്കി. പൊതുഇടങ്ങളില്‍ താല്‍പര്യമുള്ളവര്‍ക്കു ഹിജാബ്‌ ധരിക്കാം. എന്നാല്‍, വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ അതല്ല സ്‌ഥിതി. ഓരോ വിദ്യാലയത്തിനും അതിന്റേതായ യൂണിഫോമും അച്ചടക്കവുമുണ്ട്‌. അത്‌ നാം അംഗീകരിക്കണം. വിരുദ്ധാഭിപ്രായമുള്ളവര്‍ക്ക്‌ ഇതര സ്‌ഥാപനങ്ങള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും നഖ്‌വി പറഞ്ഞു

Leave a Reply