ഒരാൾ ആവശ്യപ്പെടാതെ അയാളുടെ പേരിൽ ബാങ്കുകൾ ക്രെഡിറ്റ് കാർഡുകൾ ഇഷ്യു ചെയ്യുകയും പണം ഈടാക്കാൻ ശ്രമിക്കുകയും ചെയ്താൽ തുകയുടെ രണ്ടിരട്ടി പിഴയായി തിരിച്ചുകൊടുക്കണമെന്ന് റിസർവ് ബാങ്കിന്റെ ഉത്തരവ്

0

ന്യൂഡൽഹി∙ ഒരാൾ ആവശ്യപ്പെടാതെ അയാളുടെ പേരിൽ ബാങ്കുകൾ ക്രെഡിറ്റ് കാർഡുകൾ ഇഷ്യു ചെയ്യുകയും പണം ഈടാക്കാൻ ശ്രമിക്കുകയും ചെയ്താൽ തുകയുടെ രണ്ടിരട്ടി പിഴയായി തിരിച്ചുകൊടുക്കണമെന്ന് റിസർവ് ബാങ്കിന്റെ ഉത്തരവ്. പലപ്പോഴും ആളുകൾ ആവശ്യപ്പെടാതെ തന്നെ ചില ബാങ്കുകൾ ക്രെഡിറ്റ് കാർഡുകൾ അടിച്ചേൽപ്പിക്കുന്നുവെന്ന് പരാതികൾ ഉയർന്നിരുന്നു.

പിഴയ്ക്കു പുറമേ വ്യക്തിക്ക് ആർബിഐ ഓംബുഡ്സ്മാന് പരാതി നൽകാം. വ്യക്തിയുടെ സമയനഷ്ടം, ചെലവ്, മാനസികസമ്മർദം എന്നിവ പരിഗണിച്ച് കൂടുതൽ നഷ്ടപരിഹാരവും ആവശ്യപ്പെടാം. ഒരു ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യാൻ ഉപയോക്താവിൽ നിന്ന് അപേക്ഷ ലഭിച്ചാൽ, അത് കുടിശികയില്ലാത്ത അക്കൗണ്ട് എങ്കിൽ 7 ദിവസത്തിനുള്ളിൽ നടപടി പൂർത്തിയാക്കണം. ഇതിനുള്ള അപേക്ഷ ഓൺലൈൻ/ഫോൺ അടക്കമുള്ള മാർഗങ്ങൾക്ക് പകരം തപാലായി നൽകണമെന്ന് ബാങ്കുകൾക്ക് നിർബന്ധം പിടിക്കാനാവില്ല. 7 ദിവസത്തിനുള്ളിൽ ക്ലോസ് ചെയ്തില്ലെങ്കിൽ അധികമുള്ള ഓരോ ദിവസവും 500 രൂപ പിഴയായി ബാങ്ക് ഉപയോക്താവിനു നൽകണം.

ഒരു വർഷത്തിനു മുകളിൽ ഒരു ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചിട്ടില്ലെങ്കിൽ ബാങ്കിന് ഉപയോക്താവിനെ മുൻകൂട്ടി അറിയിച്ച ശേഷം അക്കൗണ്ട് ക്ലോസ് ചെയ്യുന്ന നടപടി ആരംഭിക്കാം. 30 ദിവസത്തിനുള്ളിൽ വ്യക്തിയിൽ നിന്ന് മറുപടി ലഭിച്ചില്ലെങ്കിൽ ബാങ്കിനു സ്വമേധയാ അക്കൗണ്ട് ക്ലോസ് ചെയ്യാം. കുടിശിക തുകയുടെ ബാധ്യത വ്യക്തിക്കായിരിക്കും. കാർഡ് ക്ലോസ് ചെയ്യുമ്പോൾ അതിൽ ക്രെഡിറ്റ് ബാലൻസ് ഉണ്ടെങ്കിൽ വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റണം

Leave a Reply