വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയക്ക് രക്ഷപെടാൻ വേണ്ടത് ഒന്നരകോടിയിലേറെ രൂപ

0

പാലക്കാട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയെ മോചിപ്പിക്കണമെങ്കിൽ റംസാൻ മാസം അവസാനിക്കും മുമ്പ് ഒന്നര കോടിയോളം ഇന്ത്യൻ രൂപയാണ് യുവതിയുടെ കുടുംബം കണ്ടെത്തേണ്ടി വരിക. ദയാധനം നൽകിയാൽ നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച ചർച്ചയ്ക്ക് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം തയ്യാറാണെന്ന് യെമൻ അധികൃതരാണ് അറിയിച്ചത്. റംസാൻ അവസാനിക്കും മുമ്പ് ഇതുസംബന്ധിച്ച് തീരുമാനം അറിയിക്കണമെന്നാണ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.

50 മില്യൺ യെമൻ റിയാൽ (92,000 ഡോളർ) ഏതാണ്ട് ഒന്നരക്കോടി രൂപയാണ് ദയാധനമായി തലാലിന്റെ കുടുംബം ആവശ്യപ്പട്ടിട്ടുള്ളത്. കൂടാതെ 10 മില്യൺ യെമൻ റിയാൽ കോടതി ചെലവും പെനാൽട്ടിയും കെട്ടിവെയ്ക്കേണ്ടതുണ്ട്. ജയിലിൽ കഴിയുന്ന നിമിഷയെ നേരിട്ട് കാണുന്നതിനും ഇവരുടെ മോചനം സംബന്ധിച്ച് തലാലിന്റെ കുടുംബത്തെ നേരിട്ട് കണ്ട് മാപ്പ് അപേക്ഷിക്കുന്നതിനുമായി ഇവരുടെ അമ്മയും എട്ട് വയസ്സുള്ള മകളും യെമനിലേക്ക് പോകുന്നതിനുള്ള അനുമതിക്കായി അപേക്ഷ നൽകിയിരിക്കവേയാണ് ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിരിക്കുന്നത്.
റംസാൻ അവസാനിക്കും മുമ്പ് ദയാധനം സംബന്ധിച്ചുള്ള നടപടി സ്വീകരിക്കണമെന്നാണ് യെമൻ അധികൃതരുടെ നിർദ്ദേശം. ഇക്കാര്യം യെമനിലെ ജയിലിൽ കഴിയുന്ന നിമിഷയെ അധികൃതർ അറിയിച്ചു കഴിഞ്ഞു. നിമിഷയുടെ മോചനത്തിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടലുകൾ നടത്തണമെന്നും ഇവരുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. മനപ്പൂർവ്വമല്ലാതെ സംഭവിച്ച പാളിച്ചയാണെന്നും മരിച്ച തലാലിന്റെ കുടുംബവും യെമൻ ജനതയും ക്ഷമിക്കുമെന്ന പ്രതീക്ഷയിൽ നിമിഷയുടെ മോചനത്തിനായി അവസാന വട്ട ശ്രമം എന്ന നിലയിലാണ് അമ്മയും കുഞ്ഞും യെമനിലേക്ക് പോകാൻ തീരുമാനിച്ചത്. സേവ് നിമിഷ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് നടപടികൾ സ്വീകരിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here