റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കുമായി മനോദൗർബല്യമുള്ള മുൻ ട്രക്ക് ഡ്രൈവർ പാഞ്ഞത് 27 കിലോമീറ്റർ

0

റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കുമായി മനോദൗർബല്യമുള്ള മുൻ ട്രക്ക് ഡ്രൈവർ പാഞ്ഞത് 27 കിലോമീറ്റർ. അപകടകരമായി വണ്ടിയോടിച്ചതോടെ പലയിടത്തും പ്രശ്നങ്ങളുണ്ടായി. കാബിനിൽ കിടന്നുറങ്ങിയ മറ്റൊരു ഡ്രൈവർ വിവരമറിയുന്നത് യാത്രക്കാർ ട്രക്ക് തടഞ്ഞു നിർത്തി ബഹളമുണ്ടാക്കിയപ്പോൾ മാത്രം. ലോറി ഡ്രൈവറുടെ പരാതിയെത്തുടർന്നു കൊരട്ടി പൊലീസെത്തി പിടികൂടി.

മധ്യപ്രദേശ് സ്വദേശിയാണ് ദേശീയപാതയിലൂടെ ട്രക്ക് ഓടിച്ച് പരിഭ്രാന്തി പരത്തിയത്. മണ്ണുത്തി-നെടുമ്പാശേരി നാലുവരിപ്പാതയിൽ ഇന്നലെ പുലർച്ചെ 4.30 നാണ് സംഭവം . കർണാടകയിൽ നിന്നു കൊച്ചിയിലേക്ക് ഗൃഹോപകരണങ്ങളുമായി വരുന്ന ട്രക്കിന്റെ ഡ്രൈവർ പാലിയേക്കര ടോൾ പ്ലാസയ്ക്കു സമീപം വണ്ടി നിർത്തി ശുചിമുറിയിൽ പോയി. ഒപ്പമുള്ള ഡ്രൈവർ കാബിനിൽ ഉറങ്ങുകയായിരുന്നതിനാൽ താക്കോൽ എടുത്തില്ല. ഈ തക്കം നോക്കി റോഡരികിൽ നിന്നു യുവാവ് കാബിനിൽ കയറി ട്രക്ക് സ്റ്റാർട്ട് ചെയ്തു.

പുലർച്ചെയായതിനാൽ വാഹനങ്ങളുടെ തിരക്കു കുറവായിരുന്നു. ലോഡുണ്ടായിരുന്നതിനാൽ കൊടകര വരെയുള്ള ഭാഗങ്ങളിൽ ഇയാൾ സാധാരണ വേഗത്തിലാണു വാഹമോടിച്ചത്.
പോട്ട ജംക്‌ഷൻ മുതൽ വാഹനം ഇരുദിശകളിലേക്കും വെട്ടിക്കാൻ തുടങ്ങി. ഇതേത്തുടർന്ന് റോഡിൽ പലരുമായും തർക്കവുമുണ്ടായി. മുരിങ്ങൂർ ജംക്‌ഷൻ പിന്നിടുന്നതിനിടെ ടൂറിസ്റ്റ് ബസിനു മുന്നോട്ടു പോകാൻ കഴിയാത്ത വിധം ട്രക്ക് ഓടിച്ചതോടെ ബസ് ജീവനക്കാർ വിവരം പൊലീസിൽ അറിയിച്ചു.

?പൊങ്ങത്തു വച്ച് ബസ് കുറുകെയിട്ട് ട്രക്ക് തടയുകയായിരുന്നു. ബസ് ജീവനക്കാരും യാത്രക്കാരും പുറത്തിറങ്ങി ബഹളം വച്ചതോടെയാണു കാബിനിൽ കിടന്നുറങ്ങുകയായിരുന്ന കോതമംഗലം സ്വദേശിയായ ഡ്രൈവർ എഴുന്നേറ്റത്. ഡ്രൈവിങ് സീറ്റിൽ സഹപ്രവർത്തകനു പകരം പരിചയമില്ലാത്തയാളെ കണ്ടതോടെ ഇദ്ദേഹം പരിഭ്രാന്തനായി. ശുചിമുറിയിൽ കയറിയ ഡ്രൈവർ ഫോൺ കാബിനിൽ തന്നെ വച്ചതിനാൽ ഉറങ്ങുകയായിരുന്ന സുഹൃത്തിനെ വിവരമറിയിക്കാൻ കഴിഞ്ഞിരുന്നില്ല. കൊരട്ടി പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു. മധ്യപ്രദേശ് സ്വദേശിക്കു കൊച്ചിയിൽ ബന്ധുക്കളുണ്ട്. ലോറി ഡ്രൈവർക്കു പരാതിയില്ലാത്തതിനാൽ പൊലീസ് കോടതിയിൽ ഹാജരാക്കി വിട്ടയച്ചു.

Leave a Reply