ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്നുണ്ടാകും

0

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ എഫ്‌.ഐ.ആര്‍. റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്നുണ്ടാകും. ഉച്ചയ്‌ക്കു ഒന്നേമുക്കാലിനാണു വിധി പറയുക.
കേസ്‌ റദ്ദാക്കുകയോ സി.ബി.ഐയ്‌ക്കു വിടുകയോ ചെയ്യണമെന്നാണു ദിലീപിന്റെ ആവശ്യം. ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്‌ഥരും ബാലചന്ദ്രകുമാറും നടത്തിയ ഗൂഢാലോചനയാണു കേസെന്നാണു പ്രതിഭാഗത്തിന്റെ വാദം. പ്രാഥമിക തെളിവുകളുള്ള കേസാണെന്നാണു പ്രോസിക്യൂഷന്റെ എതിര്‍വാദം. പരാതിക്കാരനും അന്വേഷണ ഉദ്യോഗസ്‌ഥനും ഒരാള്‍ തന്നെയായതിനാല്‍ മറ്റൊരു ഏജന്‍സി അന്വേഷിക്കുന്നതല്ലേ ഉചിതമെന്നു വാദവേളയില്‍ കോടതി ചോദിച്ചിരുന്നു. അതിനാല്‍, ദിലീപിന്റെ അഭിഭാഷകര്‍ ശുഭാപ്‌തി വിശ്വാസത്തിലാണ്‌. അന്വേഷണം സി.ബി.ഐയ്‌ക്കു വിടാനുള്ള സാധ്യത ക്രൈംബ്രാഞ്ച്‌ തള്ളിക്കളയുന്നില്ല.

എട്ടു ചാറ്റുകളുടെ വിശദാംശങ്ങള്‍ വിവരിച്ച്‌ സായ്‌ ശങ്കര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്‌ സൈബര്‍ ഹാക്കര്‍ സായ്‌ശങ്കറില്‍നിന്നു നിര്‍ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ചിനു ലഭിച്ചതായി സൂചന. അന്വേഷണ സംഘത്തിന്റെ കൈയിലുള്ള ദിലീപിന്റെ മൊബൈല്‍ ഫോണിന്റെ ടൂളില്‍ നിന്നും എട്ടു ചാറ്റുകളുടെ വിശദാംശങ്ങള്‍ ചോദ്യം ചെയ്യലിനിടെ സായ്‌ ശങ്കര്‍ നല്‍കി.
വീണ്ടെടുത്ത എട്ടു ചാറ്റുകളിലൊന്ന്‌ ഫോറന്‍സിക്‌ ഉദ്യോഗസ്‌ഥയും ദിലീപും തമ്മിലുള്ളതാണെന്ന സൂചനയുണ്ട്‌.മുമ്പു മായ്‌ച്ചു നശിപ്പിച്ച ചാറ്റുകളാണു വീണ്ടെടുത്തത്‌. ദിലീപ്‌ മാസ്‌ക്‌ ചെയ്‌ത്‌ നശിപ്പിക്കാന്‍ ശ്രമിച്ച ഏതാനും ഫോട്ടോകള്‍ അണ്‍മാസ്‌ക്‌ ചെയ്യാനും കഴിഞ്ഞു.
രണ്ടര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ സായ്‌ശങ്കര്‍ അന്വേഷണ സംഘത്തിനു കൈമാറിയെന്നാണു വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here