ജെസ്ന മരിയയെ കണ്ടെത്താൻ സിബിഐ ഇന്റർപോൾ മുഖേന 191 രാജ്യങ്ങളിൽ യെലോ നോട്ടിസ് പുറപ്പെടുവിച്ചു

0

കൊച്ചി∙ പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്നു 4 വർഷം മുൻപു കാണാതായ ജെസ്ന മരിയയെ കണ്ടെത്താൻ സിബിഐ ഇന്റർപോൾ മുഖേന 191 രാജ്യങ്ങളിൽ യെലോ നോട്ടിസ് പുറപ്പെടുവിച്ചു. 2018 മാർച്ച് 22നു കാണാതായ ജെസ്ന എവിടെയാണെന്ന കാര്യത്തിൽ സൂചനകളൊന്നും കിട്ടാത്ത സാഹചര്യത്തിലാണു യെലോ നോട്ടിസ്. ജെസ്നയുടെ ഫോട്ടോ, കേസിനെ സംബന്ധിച്ച വിവരങ്ങൾ, തിരിച്ചറിയാനുള്ള അടയാളങ്ങൾ തുടങ്ങിയവ ഇതര രാജ്യങ്ങളിലെ ഇന്റർപോളിനു കൈമാറി.

ജെസ്‌നയെ കണ്ടെത്താൻ സഹോദരൻ ജെയ്സ് ജോൺ ജയിംസ് ഉൾപ്പെടെ നൽകിയ ഹർജിയിൽ 2021 ഫെബ്രുവരി 19നാണു കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ ഇതുവരെ ജെസ്‌നയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അന്വേഷണം വേഗത്തിലാക്കാൻ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ട് ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്‌ഷൻ (കാസ) എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ച പ്രകാരം സിബിഐ മുദ്ര വച്ച കവറിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

Leave a Reply