ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ഏഴ് വിക്കറ്റ് ജയം

0

മുംബൈ: ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ഏഴ് വിക്കറ്റ് ജയം. രാഹുൽ ത്രിപാഠിയുടെയും ഐഡൻ മാർക്രത്തിന്‍റെയും അർധ സെഞ്ചുറി പ്രകടനമാണ് ഹൈദരാബാദിന് ജയം സമ്മാനിച്ചത്. സ്കോർ: കോൽക്കത്ത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 175. ഹൈദരാബാദ് 17.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 176.

കോൽക്കത്ത ഉയർത്തിയ 176 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഹൈദരാബാദിന് തുടക്കത്തിൽതന്നെ ഓപ്പണർ അഭിഷേക് ശർമ്മയെ (3) നഷ്ടമായി. അധികം വൈകാതെ നായകൻ കെയ്ൻ വില്യംസണും (17) പവലിയൻ കയറി.

പിന്നീട് രാഹുൽ ത്രിപാഠിയും ഐഡൻ മാർക്രവും ചേർന്ന് കോൽക്കത്ത ബൗളർമാരെ തലങ്ങുംവിലങ്ങും പായിച്ചു. സ്കോർ 133ൽ എത്തിയപ്പോൾ അന്ദ്രെ റസലിനു മുന്നിൽ ത്രിപാഠി വീണു. 37 പന്തിൽ ആറ് സിക്സും നാല് ഫോറും ഉൾപ്പെടെ 71 റണ്‍സായിരുന്നു ത്രിപാഠിയുടെ സന്പാദ്യം.

ത്രിപാഠിക്കു പിന്നാലെ ക്രീസിലെത്തിയ നിക്കോളാസ് പൂരനെ കാഴ്ചക്കാരനായി മാർക്രം വെടിക്കെട്ട് പ്രടകനം കാഴ്ച വച്ചു. 36 പന്തിൽ നാല് സിക്സും ആറ് ഫോറും ഉൾപ്പെടെ 68 റണ്‍സുമായി പുറത്താകാതെ മാർക്രം ഹൈദരാബാദിന് ജയം സമ്മാനിച്ചു.

കോൽക്കത്തയ്ക്കായി റസൽ രണ്ട് വിക്കറ്റ് നേടി. നിതീഷ് റാണയുടെയും ആന്ദ്രെ റസലിന്‍റെയും മിന്നും പ്രകടനമാണ് കോൽക്കത്തയെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്. അതേസമയം ഹൈദരാബാദ് ബൗളർമാരുടെ മുന്നിൽ കോൽക്കത്തയുടെ ഓപ്പണറുമാരായ വെങ്കിടേഷ് അയ്യരും (6) ആരോണ്‍ ഫിഞ്ചും (7) പരാജയപ്പെട്ടു.

ഇതോടെ നായകൻ ശ്രേയസ് അയ്യർ വലിയ അടികൾക്ക് മുതിരാതെ സ്കോർ പതുകെ ഉയർത്തി. 25 പന്തിൽ 28 റണ്‍സെടുത്താണ് ശ്രേയസ് അയ്യർ മടങ്ങിയത്. ഇതിനിടെ സുനിൽ നരെയ്നെയും (6) കോൽക്കത്തയ്ക്ക് നഷ്ടമായി.

നിതീഷ് റാണെ 36 പന്തിൽ രണ്ട് സിക്സും ആറ് ഫോറും ഉൾപ്പെടെ 54 റണ്‍സെടുത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച റസൽ 25 പന്തിൽ നാല് വീതം സിക്സും ഫോറും ഉൾപ്പെടെ 49 റണ്‍സുമായി പുറത്താകാതെ നിന്നു.

ഹൈദരാബാദിനായി നടരാജൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഉംറാൻ മാലിക് രണ്ട് വിക്കറ്റും നേടി

Leave a Reply