സുബൈറിനെ കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ചത് സഞ്ജിത്തിന്റെ കാർ തന്നെയെന്ന് സ്ഥിരീകരിച്ച് സുനിത; മകന്റെ മരണശേഷം കാറിനെ കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകന്റെ അമ്മ

0

പാലക്കാട് : പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ കൊലപ്പെടുത്താൻ എത്തിയ സംഘം ഉപയോഗിച്ചത് പാലക്കാട് കൊല്ലപ്പെട്ട ആർ എസ് എസ് പ്രവർത്തകൻ സഞ്ജിതിന്റെ കാർ തന്നെയെന്ന് സ്ഥിരീകരണം. സഞ്ജിതിന്റെ അമ്മ സുനിതയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സഞ്ജിത്ത് കൊല്ലപ്പെടുന്നതിന് ഒന്നര മാസം മുൻപ് തകരാർ പരിഹരിക്കാൻ വർക്‌ഷോപ്പിൽ കൊടുത്ത കാർ ആയിരുന്നു അത് എന്നാൽ മകന്റെ മരണ ശേഷം കാർ എവിടെയായിരുന്നെന്ന് അന്വേഷിച്ചിട്ടില്ലെന്നും സഞ്ജിത്തിന്റെ കാറിൽ കൊലയാളികൾ വന്ന വിവരം വാർത്തയിലൂടെയാണ് അറിഞ്ഞതെന്നും സുനിത പറഞ്ഞു.

കാർ എവിടെയാണ് കൊടുത്തതെന്നോ മറ്റു വിവരങ്ങളോ അറിയില്ലായിരുന്നു. മകന്റെ മരണശേഷം കാറിനെ കുറിച്ച് ചിന്തിച്ചില്ലെന്നതാണ് സത്യം. കാർ എവിടെയാണോന്നോ ആരാണ് ഉപയോഗിക്കുന്നത് എന്നോ അറിയില്ലെന്നും അമ്മ പറഞ്ഞു.

സഞ്ജിതിന്റെ അച്ഛൻ ആറുമുഖനും ഇക്കാര്യം നേരത്തെ സ്ഥിരീകരിച്ചിരുന്നു. സഞ്ജിത്ത് മരിക്കും മുമ്പ് കാർ കേടായിരുന്നു. അത് നന്നാക്കാൻ വർക്ക്ഷോപ്പിൽ നൽകിയിരിക്കുകയായിരുന്നു. പിന്നീട് തിരികെ വാങ്ങിയിരുന്നില്ല. ഏത് വർക്ക്ഷോപ്പിലെന്നറിയില്ല. താൻ തിരുപ്പൂരിലാണുള്ളത്. സഞ്ജിത്തിന്റെ സഹോദരനും തിരുപ്പൂരിലാണ് ഉള്ളത്. തിരുപ്പൂരിൽ കട നടത്തുകയാണ് തങ്ങൾ. സഞ്ജിത്തിന്റെ കാർ സുബൈറിന്റെ കൊലയാളി സംഘം ഉപയോഗിച്ചു എന്ന് വാർത്തകളിലാണറിഞ്ഞത്. സഞ്ജിത്തിന് വലിയ സുഹൃദ് വലയം ഉണ്ട്. അവരാരെങ്കിലുമാണോ ഇതിന് പിന്നിലെന്ന് അറിയില്ല. കാർ സംബന്ധിച്ച് കൂടുതൽ അറിയില്ലായിരുന്നു, ഏത് വർക്ക്ഷോപ്പിലാണെന്നും അറിയില്ലായിരുന്നു. അതിനാലാണ് സഞ്ജിത്തിന്റെ മരണശേഷം കാർ തിരികെയെടുക്കാഞ്ഞതെന്നും ആറുമുഖൻ പറഞ്ഞു.

ഇക്കാര്യം സഞ്ജിത്തിന്റെ ഭാര്യ അർഷികയും സ്ഥിരീകരിച്ചു. സഞ്ജിത്ത് മരിക്കുന്നതിന് ഒന്നരമാസം മുമ്പ് വർക്ക്ഷോപ്പിൽ നൽകിയിരുന്നു. ഏത് വർക്ക്ഷോപ്പ് എന്നറിയില്ല. മുപ്പതിനായിരത്തിനടുത്ത് ചെലവ് വരുമെന്ന് പറഞ്ഞു. തൻ്റെ കൈയ്യിലും പണമില്ലായിരുന്നു. സഞ്ജിത്തിൻ്റെ മരണശേഷം കാറിനെക്കുറിച്ച് അന്വേഷിച്ചില്ല എന്നും അർഷിക പറഞ്ഞു. സഞ്ജിത്തിൻ്റെ ഭാര്യയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇന്നലെ രാത്രിയാണ് മമ്പറത്തെ വീട്ടിലെത്തി ചോദ്യം ചെയ്തത്.

എസ്ഡിപിഐ പ്രവർത്തകൻ സുബൈറിനെ വധിച്ച കൊലയാളി സംഘം ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ടാമത്തെ കാറും കണ്ടെത്തിയിരുന്നു. കഞ്ചിക്കോട് നിന്നാണ് വാഹനം കണ്ടെത്തിയത്. KL9 AQ 79 Ol എന്ന ഓൾട്ടോ 800 കാർ ആണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് കാർ കണ്ടതെന്ന് സമീപത്തെ കടയുടമ പറയുന്നു. രണ്ട് മണിയോടെയാണ് കാർ കണ്ടത്. ഹൈവേക്കടുത്താണ് ഇത്. സംശയം തോന്നി രാത്രി 10 മണിയോടെ പൊലീസിനെ അറിയിച്ചതായി കടയുടമ രമേശ് കുമാർ പറഞ്ഞു.

അതേസമയം സുബൈർ കൊലപാതകത്തിൽ തമിഴ്നാട് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. അഞ്ചംഗ കൊലയാളി സംഘം കൊഴിഞ്ഞാമ്പാറ എത്തിയശേഷം തമിഴ്നാട്ടിലേക്ക് കടന്നതായാണ് പൊലീസിന് ലഭിക്കുന്ന സൂചന. പ്രതികൾ സഞ്ചരിച്ച വാഗണാർ കാറിൻറേതെന്നു കരുതുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. കാർ കേന്ദ്രീകരിച്ചാണ് അന്വേഷണ സംഘം മുന്നോട്ട് നീങ്ങുന്നത്. കൃത്യമായി തയാറാക്കിയ പദ്ധതി പ്രകാരമാണ് കൊല നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊല്ലെപ്പെട്ട സുബൈറിൻറെ നീക്കങ്ങൾ ദിവസങ്ങളായി സംഘം നിരീക്ഷിച്ചതായാണ് വിവരം. അഞ്ച് മാസം മുമ്പ് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ‍ സഞ്ജിത്തിൻറെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നീളുന്നുണ്ട്. കൊലപാതകം രാഷ്ട്രീയ കാരണങ്ങളാലാണെന്ന സുബൈറിൻറെ പിതാവ് അബൂബക്കറിൻറെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. അഥേസമയം, സുബൈറിൻറെ കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്നാണ് എഫ്ഐആറിൽ പറയുന്നത്. രാഷ്ട്രീയ വിരോധം വെച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് എഫ്ഐആർ. മാരകായുധങ്ങൾ ഉപയോഗിച്ചുള്ള സംഘടിത ആക്രമണമാണ് നടന്നത്.

കൊല്ലപ്പെട്ട സുബൈറിൻറെ അച്ഛൻ അബൂബക്കറിൻറെ പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പാലക്കാട് കസബ പൊലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് പള്ളിയിൽ നിന്ന് പ്രാർത്ഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് ഉപ്പയുടെ കൺമുന്നിൽ വെച്ച് സുബൈറിനെ കൊലപ്പെടുത്തിയത്. സംഭവ സ്ഥലം സന്ദർശിച്ച പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കസബ പൊലീസ് സ്‌റ്റേഷനിൽ പ്രത്യേക യോഗം ഇന്നലെ ചേർന്നിരുന്നു.

തുടർന്ന് പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നേതൃത്വം നൽകുന്ന സംഘത്തിൽ മൂന്ന് സിഐമാരുണ്ട്. പാലക്കാട്, ചിറ്റൂർ, ആലത്തൂർ ഡിവൈഎസ്പിമാർ പ്രത്യേക സംഘത്തിന് പുറത്തുനിന്ന് സഹായം നൽകും. കൊലയാളി സംഘത്തിൽ അഞ്ചുപേർ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവർ കൊഴിഞ്ഞാമ്പാറ ഭാഗത്തേക്ക് കൃത്യത്തിന് ശേഷം പോയതെന്നും പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.

അക്രമിസംഘത്തിലെ രണ്ട് പേരെ താൻ കണ്ടുവെന്നാണ് പാലക്കാട് എലപ്പുള്ളി പാറയിൽ കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ പിതാവ് അബൂബക്കർ പറഞ്ഞത്. ഇവർ മുഖം മൂടി ധരിച്ചിരുന്നില്ല. ഇരുവരെയും കണ്ടാൽ തിരിച്ചറിയുമെന്നും അബൂബക്കർ പറഞ്ഞു. വീടിന് നേരെ ഇതിന് മുമ്പ് ആക്രമണം ഉണ്ടായിരുന്നതായി സുബൈറിൻ്റെ മകൻ സജാദ് പറഞ്ഞു. വീടിന് നേരെ ചിലർ കല്ലെറിഞ്ഞിരുന്നു. പൊലീസിൽ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. ഉപ്പയുടേത് വാഹനാപകടം എന്നാണ് ആദ്യം കരുതിയത് എന്നും സജാദ് പറഞ്ഞു.

വ്യക്തമാകുന്നത് ഉന്നത തല ഗൂഢാലോചനയെന്നും എസ്ഡിപിഐ

പാലക്കാട് എലപ്പുളിയിൽ സുബൈറിനെ പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടിക്കൊന്ന സംഭവം സംസ്ഥാനത്തെ വീണ്ടും കലാപഭൂമിയാക്കാനുള്ള ആർഎസ്എസ് നീക്കത്തിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ പറഞ്ഞു. കൊലപാതകത്തിൽ ഉന്നത തല ഗൂഢാലോചനയാണ് വ്യക്തമാകുന്നത് എന്നും എസ്ഡിപിഐ വാർത്താക്കുറിപ്പിൽ പറയുന്നു.

രാമനവമി, വിഷു തുടങ്ങിയ വിശേഷ ദിവസങ്ങൾ അന്യമതസ്ഥരുടെ രക്തമൊഴുക്കി ആഘോഷിക്കുന്ന ആർഎസ്എസ് നീക്കം രാജ്യത്തിന്റെ സമാധാനത്തിനു ഭീഷണിയാണ്. റമദാൻ വ്രതമെടുത്ത് ജുമുഅ നമസ്‌കാരത്തിനു ശേഷം ബാപ്പയോടൊപ്പം ബൈക്കിൽ പോകുമ്പോഴാണ് ആർഎസ്എസ് സംഘം ആസൂത്രിതമായി സുബൈറിനെ കൊലപ്പെടുത്തിയിരിക്കുന്നത്. കൊലപാതകത്തിൽ ഉന്നത തല ഗൂഢാലോചനയാണ് വ്യക്തമാകുന്നത്. കാറിടിപ്പിച്ച ശേഷം വെട്ടിവീഴ്ത്തുന്നതിന് പ്രത്യേക പരിശീലനം നൽകി സംസ്ഥാനത്ത് ക്രിമിനൽ സംഘത്തെ ആർഎസ്എസ് തയ്യാറാക്കി നിർത്തിയിരിക്കുന്നു എന്ന അപകട സൂചനയാണ് നൽകുന്നത്.

സമീപകാലത്ത് നടന്ന കൊലപാതകങ്ങളിലുൾപ്പെടെ വ്യക്തമായ തെളിവുകളുണ്ടായിട്ടും ആർഎസ്എസ്സിന്റെ ഉന്നത നേതാക്കളിലേക്ക് അന്വേഷണം എത്താതിരുന്നത് കൊലപാതകങ്ങൾ ആവർത്തിക്കാൻ അക്രമികൾക്ക് പ്രോൽസാഹനമാവുകയാണ്. വളരെ കൃത്യമായ ആസൂത്രണത്തിലൂടെ നടത്തിയ കൊലപാതകത്തിൽ സമഗ്രമായ അന്വേഷണത്തിലൂടെ കൃത്യത്തിൽ പങ്കെടുത്തവരെയും ഗൂഢാലോചനയിൽ പങ്കാളികളായവരെയും പിടികൂടാൻ പോലീസ് തയ്യാറാവണമെന്നും എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാൻ ആവശ്യപ്പെട്ടു.

പകവീട്ടിലെന്ന് സംശയിച്ച് എംഎൽഎ

പകവീട്ടലാണെന്ന് സംശയിക്കുന്നതായി മലമ്പുഴ എം എൽ എയും മുതിർന്ന സിപിഎം നേതാവുമായ എ പ്രഭാകരൻ. നാട്ടിലെ സമാധാനം തകർക്കാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാലക്കാട് മമ്പറത്ത് മുൻപ് നടന്ന കൊലപാതകവുമായി ഇപ്പോഴത്തെ കൊലപാതകത്തിന് ബന്ധമുണ്ടോയെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു.

‘വിഷു ദിവസത്തിൽ ഇങ്ങിനെയൊരു അക്രമം നടന്നതിനെ ശക്തമായി അപലപിക്കുന്നു. അക്രമം വ്യാപിക്കാതിരിക്കാൻ മുൻകരുതലെടുക്കാൻ പൊലീസിനോട് ആവശ്യപ്പെടും. പച്ചമനുഷ്യനെ വെട്ടിക്കൊലപ്പെടുത്തിയത് എന്ത് രാഷ്ട്രീയമാണ്? മുൻപ് ഒരു അക്രമം നടന്നതിന്റെ പകവീട്ടലാകാനാണ് സാധ്യത. തനിക്കിതേപ്പറ്റി കൃത്യമായി അറിയില്ല. പള്ളിയിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം ഉണ്ടായതെന്നാണ് അറിഞ്ഞത്. മമ്പറത്ത് വെച്ച് ഒരു അക്രമം നടന്നതിന്റെ പേരിലാണ് ഈ കൊലപാതകം എന്ന് സംശയിക്കുന്നു. അക്രമികൾ തേടുന്നയാളെ കിട്ടാതാവുമ്പോൾ കിട്ടുന്നവനെ കൊലപ്പെടുത്തുന്ന രീതിയാണ്. വളരെയേറെ മോശമാണ് ഇത്തരം അക്രമങ്ങളെന്നും സിപിഎം സംസ്ഥാന നേതാവ് കൂടിയായ എ പ്രഭാകരൻ വിമർശിച്ചു.

സുബൈർ വധം; തുടർ അക്രമസംഭവങ്ങൾ ഉണ്ടാകരുത്, സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം

പാലക്കാട് എലപ്പുള്ളിപാറയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. തുടർ അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കാനാണ് ഡിജിപിയുടെ നിർദ്ദേശം. ജില്ലാ പൊലീസ് മേധാവി മാർക്കാണ് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്. അവശ്യമായ കരുതൽ നടപടികൾ സ്വീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here