കാൽ നൂറ്റാണ്ട് മുൻപ് മതം നോക്കാതെ മയ്യത്ത് കുളിപ്പിച്ച് ശിവരാമൻ; വർഷങ്ങൾക്കിപ്പുറം ശിവരാമന് ചിതയൊരുക്കാൻ സ്ഥലം വിട്ടു നൽകി മുസ്ലീം കുടുംബം

0

കാട്ടൂർ (തൃശൂർ): വർഷങ്ങൾക്ക് മുൻപ് ഒരു മതത്തിന്റെയും വേർതിരിവുകളില്ലാതെ മയ്യത്ത് കുളിപ്പിച്ച് അദ്ദേഹം ചെയ്ത നന്മ അദ്ദേഹത്തെ തന്നെ തേടിയെത്തി, അവസാനകാലം വിശ്രമിക്കാൻ ആറടിമണ്ണായി. കാൽ നൂറ്റാണ്ടു മുൻപാണ് കാട്ടൂർ കുട്ടമംഗലം മലയാറ്റിൽ ശിവരാമൻ (67) പിതാവിനു തുല്യം സ്നേഹിക്കുകയും ബാപ്പയെന്നു വിളിക്കുകയും ചെയ്തിരുന്ന അഹമ്മദ് മരിച്ചത്. ആൻ ശിവരാമൻ അഹമ്മദിന്റെ മക്കളോട് ഒരു ആഗ്രഹമേ പറഞ്ഞുള്ളൂ, മൃതദേഹം കുളിപ്പിക്കാൻ തന്നെ അനുവദിക്കണം എന്ന്. മക്കൾ അതു സമ്മതിച്ചു. കാലങ്ങൾക്കുശേഷം ശിവരാമൻ കഴിഞ്ഞ ദിവസം മരിച്ചത് മറ്റൊരു മുസ്‌ലിം കുടുംബത്തിന്റെ വാടക വീട്ടിൽ. ചിതയൊരുക്കാൻ സ്വന്തമായി മണ്ണില്ലാത്ത അവരുടെ വിഷമം മനസ്സിലാക്കി ആ വീട്ടുടമ സ്വന്തം പറമ്പിൽ ചിതയ്ക്ക് ഇടം നൽകി.

ചികിത്സയ്ക്കായി സ്ഥലവും വീടുമെല്ലാം വിൽക്കേണ്ടി വന്ന ശിവരാമന് സ്വന്തം മണ്ണിൽ ചിതയൊരുക്കിയത് കാട്ടൂർ പൊഞ്ഞനം ദുബായ്മൂല സ്വദേശിയും പൊഞ്ഞനം ജുമാ മസ്ജിദ് പ്രസിഡന്റ് പടവലപ്പറമ്പിൽ മുഹമ്മദാലിയുടെ മകനുമായ ഷാഹുൽ ഹമീദാണ്.

30 വർഷത്തോളം ഖത്തറിൽ ഡ്രൈവറായിരുന്ന ശിവരാമൻ വർഷങ്ങളായി വൃക്ക– ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു. 8 വർഷമായി വാടകയ്ക്കാണു താമസം. അബുദാബിയിലായിരുന്ന ഷാഹുൽ ഹമീദ് ഒന്നര വർഷമായി നാട്ടിൽ വ്യാപാര സ്ഥാപനങ്ങൾ നോക്കിനടത്തുകയാണ്.

ശിവരാമന്റെ മരണവിവരം അറിയിച്ച ബന്ധുക്കൾ വടൂക്കരയിലെ ശ്മശാനത്തിൽ സംസ്കരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് ഷാഹുൽ ഹമീദിനോട് പറഞ്ഞത്. എന്നാൽ, സ്വന്തം പറമ്പിൽ ചടങ്ങുകൾ ചെയ്യാൻ കഴിയാത്തതിൽ കുടുംബത്തിനു സങ്കടമുണ്ടെന്നു മനസ്സിലാക്കിയ ഷാഹുൽ ഹമീദ് വീടിനോടു ചേർന്ന പുരയിടത്തിൽ സംസ്കാരം നടത്താൻ അനുവദിച്ചു. ‘‘ആ കുടുംബത്തിന്റെ വിശ്വാസമനുസരിച്ച് അവരുടെ പ്രിയപ്പെട്ടവനെ യാത്രയാക്കാൻ കഴിയണമെന്നു തോന്നി.’’– ഷാഹുൽ ഹമീദ് പറഞ്ഞു.

വ്യാഴാഴ്ചയായിരുന്നു സംസ്കാരം. അതിനു ശേഷം ലഭിച്ച ഫോൺ കോളുകളിൽ നിന്നാണ് 25 വർഷം മുൻപ് ശിവരാമൻ, അഹമ്മദിന്റെ മൃതദേഹം കുളിപ്പിക്കാൻ സന്നദ്ധത അറിയിച്ചതും മറ്റും ഷാഹുൽ ഹമീദ് അറിയുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here