വിഷു, ഈസ്റ്റർ ഉത്സവ ആഘോഷങ്ങൾക്കിടെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിൽപന; മലപ്പുറത്ത് ലക്ഷങ്ങൾ വില വരുന്ന എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ

0

മലപ്പുറം: കൊണ്ടോട്ടിയിലും പരിസരപ്രദേശങ്ങളിലും വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപന നടത്തിവരുന്ന സംഘത്തിലെ രണ്ട് പേരെ പോലീസും ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വോഡും ചേർന്ന് പിടികൂടി. കോഴിക്കോട് പുതിയങ്ങാടി സ്വദേശി പള്ളിക്കണ്ടി അഷറഫ് (30), കണ്ണൂർ ചാലാട് സ്വദേശി കുഞ്ഞാമിനാസ് വീട്ടിൽ സർഷാദ് (40) എന്നിവരെയാണ് കൊണ്ടോട്ടി ബസ്സ്റ്റാന്റ് പരിസരത്തുനിന്നു പിടികൂടിയത്.

അന്തർദേശീയ മാർക്കറ്റിൽ എട്ട് ലക്ഷത്തോളം രൂപ വില വരുന്ന മാരക ലഹരി മരുന്നായ എം.ഡി.എം.എ ഇവരിൽ നിന്നും കണ്ടെടുത്തു.
വിഷു, ഈസ്റ്റർ ഉത്സവ ആഘോഷങ്ങൾക്കിടെയുള്ള ചില്ലറ വിൽപനക്കായി ബാംഗ്ലൂരിൽ നിന്നാണ് പ്രതികൾ മയക്കുമരുന്ന് കൊണ്ടുവന്നത്. ഇവരെ ചോദ്യം ചെയ്തതിൽ മുമ്പും സമാന രീതിയിൽ മയക്കുമരുന്ന് കടത്തികൊണ്ടു വിൽപന നടത്തിയിരുന്നതായി വിവരം ലഭിച്ചു.

ഒരാഴ്ച മുമ്പ് എത്തിച്ച അര കിലോ ബ്രൗൺ ഷുഗറുമായി രണ്ട് പേരെ ആന്റി നർക്കോട്ടിക്ക് സ്‌ക്വോഡ് കൊണ്ടോട്ടിയിൽ നിന്നും പിടികൂടിയിരുന്നു. മയക്കുമരുന്നിന്റെ ഉറവിടത്തെപറ്റിയും, പ്രതികളുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെയും, പ്രതികൾക്ക് ഇതിന് വേണ്ടി സാമ്പത്തിക സഹായം നൽകിയവരെയും കുറിച്ചും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply