തകര്‍ത്തടിച്ച് രോഹിത്തും കിഷനും, ബാംഗ്ലൂരിനെതിരെ മുംബൈക്ക് നല്ല തുടക്കം

0

പൂനെ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ടോസ് നഷ്ടമായി ബാറ്റ് ചെയ്യുന്ന മുംബൈ ഇന്ത്യന്‍സിന് പവര്‍ പ്ലേയില്‍ നല്ല തുടക്കം. പവര്‍ പ്ലേ പിന്നിടുമ്പോള്‍ മുംബൈ ആറോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 49 റണ്‍സെന്ന നിലയിലാണ്. 22 പന്തില്‍ 22 റണ്‍സോടെ ഇഷാന്‍ കിഷനും 14 പന്തില്‍ 26 റണ്‍സോടെ രോഹിത് ശര്‍മയും ക്രീസില്‍.

കരുതലോടെ തുടക്കം

പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ ഒരു റണ്‍സും രണ്ടാം ഓവറില്‍ അഞ്ച് റണ്‍സും മാത്രം നേടിയ മുംബൈ കരുതലോടെയാണ് തുടങ്ങിയത്. മുഹമ്മദ് സിറാജ് എറിഞ്ഞ രണ്ടാം ഓവറിലെ അഞ്ചാം പന്തിലാണ് മുംബൈ അദ്യ ബൗണ്ടറിയടിച്ചത്. മൂന്നാം ഓവറില്‍ ഡേവിഡ് വില്ലിക്കെതിരെയും ഒരു ബൗണ്ടറി നേടിയെങ്കിലും ഏഴ് റണ്‍സെ ആ ഓവറില്‍ മുംബൈ നേടിയുള്ളു. ആദ്യ മൂന്നോവറില്‍ 13 റണ്‍സ് മാത്രമെടുത്ത മുംബൈ മുഹമ്മദ് സിറാജ് എറിഞ്ഞ നാലാം ഓവറില്‍ 16 റണ്‍സടിച്ച് ടോപ് ഗിയറിലായി.

സിറാജിനെ സിക്സും ഫോറും അടിച്ച് രോഹിത് ഫോമിലായതോടെ മുംബൈ സ്കോര്‍ ബോര്‍ഡ് കുതിച്ചു. പവര്‍ പ്ലേയില്‍ തന്നെ ഹസരങ്കയെ ബൗള്‍ ചെയ്യിപ്പിക്കാനുള്ള ഫാഫ് ഡൂപ്ലെസിയുടെ തീരുമാനവും ഗുണം ചെയ്തില്ല. ഹസരങ്കയെ മൂന്ന് ബൗണ്ടറിയടിച്ചാണ് മുംബൈ വരവേറ്റത്. ആകാശ് ദീപ് എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ഏഴ് റണ്‍സെ പക്ഷെ മുംബൈക്ക് നേടാനായുള്ളു.

നേരത്തെ ടോസ് നേടിയ ബാംഗ്ലൂര്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളോടെയാണ് ഇരു ടീമും ഇറങ്ങുന്നത്. ബാംഗ്ലൂര്‍ ടീമില്‍ റൂഥര്‍ഫോര്‍‍ഡിന് പകരം ഗ്ലെന്‍ മാക്സ്‌വെല്‍ തിരിച്ചെത്തി. മാക്സ്‌വെല്ലിന്‍റെ സീസണിലെ ആദ്യ മത്സരമാണിത്.

മുംബൈ ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. ടൈമല്‍ മില്‍സിന് പകരം ജയദേവ് ഉനദ്ഘട്ടും ഡാനിയേല്‍ സാംസിന് പകരം രമണ്‍ദീപ് സീംഗും മുംബൈയുടെ അന്തിമ ഇലവനിലെത്തി. മലയാളി താരം ബേസില്‍ തമ്പിയും മുംബൈയുടെ അന്തിമ ഇലവനിലുണ്ട്.

ഈ സീസണില്‍ മൂന്നില്‍ രണ്ട് ജയവുമായി നാല് പോയിന്‍റുള്ള റോയല്‍ ചലഞ്ചേഴ്‌‌സ് ബാംഗ്ലൂര്‍ അഞ്ചാം സ്ഥാനക്കാരാണ്. അതേസമയം കളിച്ച മൂന്ന് മത്സരങ്ങളും തോറ്റ മുംബൈ ഒന്‍പതാം സ്ഥാനത്തും. തോറ്റ് തുടങ്ങിയെങ്കിലും തുട‍ർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ഫാഫ് ഡുപ്ലെസിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മുംബൈക്കെതിരെ ഇറങ്ങുന്നത്. തോറ്റ് തുടങ്ങിയ മുംബൈയാവട്ടെ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളിലാണ് തലതാഴ്‌ത്തി മടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here