ജീവിതം ദുസഹമായ ശ്രീലങ്കയില്‍നിന്ന്‌ തമിഴ്‌നാട്ടിലേക്ക്‌ വീണ്ടും അഭയാര്‍ഥികള്‍

0

ചെന്നൈ: ജീവിതം ദുസഹമായ ശ്രീലങ്കയില്‍നിന്ന്‌ തമിഴ്‌നാട്ടിലേക്ക്‌ വീണ്ടും അഭയാര്‍ഥികള്‍. ലങ്കയിലെ ജാഫ്‌ന, മന്നാര്‍ മേഖലകളില്‍നിന്ന്‌ ബോട്ടില്‍ ധനുഷ്‌കോടിയിലെത്തിയ ഇവരെ തീരരക്ഷാസേന കസ്‌റ്റഡിയിലെടുത്ത്‌ മണ്ഡപം പോലീസ്‌ സ്‌റ്റേഷനിലെത്തിച്ചു.
രണ്ടു സംഘങ്ങളായാണ്‌ അഭയാര്‍ഥികളെത്തിയത്‌. വെള്ളിയാഴ്‌ച രണ്ടു കുട്ടികളുമായി ദമ്പതികള്‍ കടല്‍താണ്ടി തമിഴ്‌നാട്ടിലെത്തിയിരുന്നു. ഇതോടെ ഇന്ത്യന്‍ തീരത്തെത്തിയ ലങ്കന്‍ അഭയാര്‍ഥികളുടെ എണ്ണം 39 ആയി.
കടക്കെണിയില്‍പ്പെട്ട്‌ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ദ്വീപുരാഷ്‌ട്രത്തില്‍നിന്നു നിരവധി പേരാണ്‌ കടല്‍കടക്കുന്നത്‌. അവശ്യസാധനങ്ങളുടെ കുതിച്ചുയരുന്ന വില അടക്കം നിരവധി ഘടകങ്ങള്‍ ലങ്കന്‍ നിവാസികളെ ഏതുവിധേനെയും രാജ്യംവിടാന്‍ പ്രേരിപ്പിക്കുന്നു. ഭക്ഷണസാധനങ്ങള്‍ക്കും ഇന്ധനങ്ങള്‍ക്കും തീവില തുടരുകയാണ്‌. പൊതുവിപണിയില്‍ ഒരു കിലോഗ്രാം അരിക്ക്‌ 200-240 രൂപയിലെത്തി.
പ്രതിസന്ധിയില്‍നിന്നു കരകയറാന്‍ ലങ്കയെ സഹായിക്കുന്ന മുന്‍നിര രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ട്‌. കേന്ദ്രസര്‍ക്കാര്‍ കയറ്റിയയച്ച അരി, പച്ചക്കറി, മറ്റ്‌ നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഇന്നലെ കൊളംബോയിലെത്തി. അടിയന്തര സഹായമെന്ന നിലയില്‍ 2,70,000 മെട്രിക്‌ ടണ്‍ ഇന്ധനം നേരത്തെ ലങ്കയ്‌ക്ക്‌ ഇന്ത്യ ലഭ്യമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here