ഖുറാൻ കത്തിച്ച് സ്വീഡനിൽ പ്രക്ഷോഭം; നിരവധി പേർ അറസ്റ്റിൽ

0

സ്റ്റോക്ഹോം: സ്വീഡനിൽ തീവ്രവലതുപക്ഷ സംഘങ്ങളുടെ മുസ്ലിം വിരുദ്ധ പ്രക്ഷോഭം അക്രമാസക്തമായി. ഇസ്ലാമിക ​ഗ്രന്ഥമായ ഖുറാൻ കത്തിക്കുകയും കാറുകൾ അ​ഗ്നിക്കിരയാക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് നിരവധി പേർ അറസ്റ്റിലായി. നിരവധിപേർക്ക് പരിക്കേറ്റു. ഖുറാൻ കത്തിച്ച പ്രക്ഷോഭകാരികൾ പൊലീസുമായി ഏറ്റുമുട്ടി. പ്രതിഷേധം അക്രമാസക്തമായതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും സംഘർഷാവസ്ഥ ഉടലെടുത്തു. കലാപത്തിൽ 26 പൊലീസ് ഉദ്യോഗസ്ഥർക്കും 14 പൗരന്മാർക്കും പരിക്കേറ്റതായി പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി എപി റിപ്പോർട്ട് ചെയ്തു.

സ്വീഡനിലെ കുടിയേറ്റ-മുസ്ലിം വിരുദ്ധ പാർട്ടിയായ ഹാർഡ്ലൈൻ പ്രവർത്തകരാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കുടിയേറ്റ വിരുദ്ധ-ഇസ്ലാം വിരുദ്ധ കക്ഷിയുടെ നേതാവായ റാസ്മസ് പലുദാൻ സ്വീഡനിൽ മുസ്ലീങ്ങൾ വ്രതമനുഷ്ടിക്കുന്ന റമദാൻ മാസത്തിൽ രാജ്യത്തുടനീളം യാത്ര പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് പല ഭാ​ഗങ്ങളിലും പ്രശ്നങ്ങൾ ഉടലെടുത്തു.

20ലധികം പൊലീസ് വാഹനങ്ങൾ കത്തിച്ചതായും റിപ്പോർട്ടുണ്ട്. രാജ്യത്തെ അക്രമ സംഭവങ്ങളെ സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലീന ആൻഡേഴ്സൺ അപലപിച്ചു. സ്വീഡിഷ് പൊലീസിനെ ആക്രമിക്കുന്നവർ സ്വീഡിഷ് ജനാധിപത്യ സമൂഹത്തെ ആക്രമിക്കുകയാണെന്നും കുറ്റവാളികളെ അറസ്റ്റ് ചെയ്യുമെന്നും അവർ പറഞ്ഞു. അക്രമസംഭവങ്ങൾ രാജ്യത്തെ പൊലീസുകാരെ ലക്ഷ്യമിട്ടാണെന്നും കലാപകാരികൾ പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചെന്നും എന്ന് ദേശീയ പൊലീസ് മേധാവി ആൻഡേഴ്‌സ് തോൺബെർഗ് മാധ്യമങ്ങളോട് പറഞ്ഞു. സ്വീഡനിലെ സംഭവത്തെ തുടർന്ന് ഇറാഖ് വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച ബാഗ്ദാദിലെ സ്വീഡിഷ് ചാർജ് ഡി അഫയേഴ്സിനെ വിളിച്ചുവരുത്തി മുന്നറിയിപ്പ് നൽകി. സ്വീഡനിൽ ഖുറാൻ കത്തിച്ചതിനെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. സ്കാൻഡിനേവിയൻ രാജ്യത്തെ ചില തീവ്രവാദികൾ മുസ്ലീങ്ങൾക്കെതിരായ ബോധപൂർവമായ സൃഷ്ടിക്കുന്ന പ്രകോപനങ്ങളെ അപലപിക്കുന്നതായി സൗദി അറേബ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here