ഏകീകൃത കുർബാനയില്‍ പ്രതിഷേധം; ബിഷപ്പ് ഹൗസിന് മുന്നിൽ ഉന്തുംതള്ളും

0

കൊച്ചി: ഏകീകൃത കുർബാനയിൽ സിനഡ് തീരുമാനം തള്ളി എറണാകുളം അങ്കമാലി അതിരൂപത വൈദികർ. ഓശാന ഞായർ മുതൽ ഏകീകൃത കുർബാന നടപ്പാക്കാൻ അനുവദിക്കില്ലെന്നാണ് വിമതരുടെ നിലപാട്. ബിഷപ്പ് ആന്റണി കരിയിലിനെ സമ്മർദ്ദത്തിലാക്കിയാണ് സിനഡ് തീരുമാനം. സിനഡ് സർക്കുലർ നിലനിൽക്കില്ലെന്നും വൈദികർ പറഞ്ഞു. ബിഷപ്പ് ഹൗസിന് മുന്നിലെ പ്രതിഷേധം ഉന്തുംതള്ളിലും കലാശിച്ചു. കർദ്ദിനാൾ അനുകൂലികളും വിമതരും തമ്മിലാണ് സംഘർഷമുണ്ടായത്. ജനഭിമുഖ കുർബാന തുടരുമെന്ന് വൈദികർ അറിയിച്ചു. ആർച്ച് ബിഷപ്പിന്റെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം.

എന്താണ് നിലവിലെ കുർബാന ഏകീകരണ തർക്കം

1999ലാണ് സിറോ മലബാർ സഭയിലെ ആരാധനാക്രമം പരിഷ്കരിക്കാൻ സിനഡ് ശുപാർശ ചെയ്തത്. അതിന് വത്തിക്കാൻ അനുമതി നൽകിയത് ഈ വർഷം ജൂലൈയിലാണ്. കുർബാന അർപ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം. കുർബാനയുടെ ആമുഖ ഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. നിലവിൽ ചങ്ങനാശ്ശേരി അതിരൂപതയിലുളളത് ഏകീകരിച്ച രീതി തന്നെയാണ്. എന്നാൽ എറണാകുളം അങ്കമാലി അതിരൂപത,തൃശ്ശൂർ, തലശ്ശേരി അതിരൂപതകളിൽ ജനാഭിമുഖ കുർബനയാണ് നിലനിൽക്കുന്നത്. കുർബാനയുടെ പാഠം എല്ലാവരും അംഗീകരിച്ചെങ്കിലും അത് അർപ്പിക്കുന്ന രീതിയിലാണ് തർക്കം.

LEAVE A REPLY

Please enter your comment!
Please enter your name here