പാക്കിസ്ഥാനിൽ രാഷ്ട്രീയ അനിശ്ചിതത്വം; കെയർടേക്കർ പ്രധാനമന്ത്രിയായി മുൻ ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദിനെ നാമനിർദേശം ചെയ്ത് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

0

പാക്കിസ്ഥാനിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ, കെയർടേക്കർ പ്രധാനമന്ത്രിയായി മുൻ ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദിനെ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നാമനിർദേശം ചെയ്തു. കെയർടേക്കർ പ്രധാനമന്ത്രിയുടെ പേരു നിർദേശിക്കാൻ ആവശ്യപ്പെട്ട് പ്രസിഡന്റ് ആരിഫ് അൽവി പ്രധാനമന്ത്രിക്കും പ്രതിപക്ഷ നേതാവ് ഷഹ്ബാസ് ഷരീഫിനും കത്തയച്ചിരുന്നു. എന്നാൽ, പിരിച്ചുവിട്ട നടപടി തന്നെ ഭരണഘടനാവിരുദ്ധമായതിനാൽ പേരു നിർദേശിക്കാൻ ഷഹ്ബാസ് വിസമ്മതിച്ചു. പുതിയ ആളെ നിയമിക്കുംവരെ ഇമ്രാൻ പ്രധാനമന്ത്രിയായി തുടരും.

ഇതിനിടെ, അവിശ്വാസ പ്രമേയം നിലനിൽക്കില്ലെന്നു വ്യക്തമാക്കി തള്ളിയതിനെതിരെയും തുടർന്നു പാർലമെന്റ് പിരിച്ചുവിട്ടതിനെതിരെയുമുള്ള കൂടുതൽ വാദം കേൾക്കുന്നതിനായി സുപ്രീം കോടതി ഇന്നത്തേക്കു കേസ് മാറ്റി. തിങ്ങിനിറഞ്ഞ കോടതിമുറിയിൽ 3 മണിക്കൂർ നീണ്ട വാദത്തിനുശേഷമായിരുന്നു ഇത്. ചീഫ് ജസ്റ്റിസ് ഉമർ ബന്ദ്യാൽ, ജസ്റ്റിസ് ഇജാസുൽ അഹ്‌സാൻ, ജസ്റ്റിസ് മസ്ഹർ ആലം ഖാൻ മിയാൻഖെൽ, ജസ്റ്റിസ് മുനീബ് അഖ്തർ, ജസ്റ്റിസ് ജമാൽ ഖാൻ മണ്ടോഖൈൽ എന്നിവരടങ്ങിയ ബെഞ്ച് ആണ് വിഷയം പരിഗണിച്ചത്. ഇന്നു തന്നെ വിധി പറയണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് തള്ളി. വിധി പറയും മുൻപ് എല്ലാ കക്ഷികളുടെയും വാദം കേൾക്കും. പ്രസിഡന്റ് ആരിഫ് അൽവി, സുപ്രീം കോടതി ബാർ അസോസിയേഷൻ, രാഷ്ട്രീയ പാർട്ടികൾ എന്നിവരെയെല്ലാം കക്ഷി ചേർത്തിട്ടുണ്ട്. വാദം ഇന്ന് ഉച്ചയ്ക്ക് 12 നു നടക്കും. അവിശ്വാസവുമായി ബന്ധപ്പെട്ട് പ്രസിഡന്റും പ്രധാനമന്ത്രിയും എടുത്ത എല്ലാ തീരുമാനങ്ങളും കോടതി പരിശോധിക്കും

അവിശ്വാസ പ്രമേയ നടപടികളിൽ ചില വ്യവസ്ഥാ ലംഘനങ്ങൾ നടന്നിട്ടുണ്ടെന്ന് ജസ്റ്റിസ് അഹ്‌സാൻ പരാമർശിച്ചതായാണ് റിപ്പോർട്ട്. വോട്ടെടുപ്പിനു മുൻപു ചർച്ച നടത്തണമെന്നു നിയമത്തിൽ വ്യക്തമായി പറയുന്നുണ്ടെങ്കിലും അത് നടന്നിട്ടില്ലെന്ന് ചീഫ് ജസ്റ്റിസും നിരീക്ഷിച്ചു. റൂളിങ് നൽകാൻ ഡപ്യൂട്ടി സ്പീക്കർക്കുള്ള അധികാരത്തെക്കുറിച്ച് ജസ്റ്റിസ് അക്തർ സംശയം പ്രകടിപ്പിച്ചു.

പാർട്ടിയുടെ കോർ കമ്മിറ്റിയുടെ അംഗീകാരം നേടിയ ശേഷമാണ് മുൻ ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദിന്റെ പേര് ഇമ്രാൻ നിർദേശിച്ചതെന്ന് മുൻ വാർത്താവിതരണ മന്ത്രിയും പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് പാർട്ടിയുടെ മുതിർന്ന നേതാവുമായ ഫവാദ് ചൗധരി പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിൽ വിരമിച്ച ഗുൽസാർ അഹമ്മദ്, പാനമ കേസിൽ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അയോഗ്യനാക്കിയ അഞ്ചംഗ ബെഞ്ചിൽ അംഗമായിരുന്നു. ജനക്കൂട്ടം നശിപ്പിച്ച ക്ഷേത്രം പുനർനിർമിക്കാനും അക്രമികളിൽ നിന്ന് അതിനുള്ള പണം ഈടാക്കാനും ഉത്തരവിട്ടതും ഇദ്ദേഹമാണ്. പുനർനിർമിച്ച ക്ഷേത്രത്തിലെ ചടങ്ങിലും അദ്ദേഹം പങ്കെടുത്തു.

കെയർടേക്കർ പ്രധാനമന്ത്രിയുടെ നിയമനത്തിൽ യോജിപ്പില്ലെങ്കിൽ സ്പീക്കർ രൂപീകരിക്കുന്ന കമ്മിറ്റിയിലേക്ക് 2 നോമിനികളെ വീതം അയയ്ക്കണമെന്നും പ്രസിഡന്റ് അൽവി കത്തിൽ പറഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രിയുമായും പ്രതിപക്ഷ നേതാവുമായും കൂടിയാലോചിച്ച് കാവൽ പ്രധാനമന്ത്രിയെ നിയമിക്കാൻ ഭരണഘടന പ്രസിഡന്റിന് അധികാരം നൽകിയിട്ടുണ്ടെന്ന് പ്രസിഡന്റിന്റെ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here