ഭീകരതയുടെ പേരില്‍ പാക്‌- അഫ്‌ഗാന്‍ പോര്‌

0

ഭീകരതയുടെ പേരില്‍ പാക്‌- അഫ്‌ഗാന്‍ പോര്‌. വെള്ളിയാഴ്‌ച അഫ്‌ഗാന്‍ അതിര്‍ത്തി കടന്നു പാക്‌ സൈന്യം നടത്തിയ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടതോടെയാണു പോര്‌ മുറുകിയത്‌. കൊല്ലപ്പെട്ടത്‌ ഭീകരരാണെന്നു പാകിസ്‌താന്‍ ആവര്‍ത്തിച്ചപ്പോള്‍ സ്‌ത്രീകളും കുട്ടികളുമടക്കമുള്ള നിരപരാധികളെ കൊലപ്പെടുത്തിയെന്നും അനന്തഫലം അനുഭിക്കാന്‍ പാകിസ്‌താന്‍ തയാറായിക്കൊള്ളണമെന്നും താലിബാന്‍ പ്രതികരിച്ചു.
ഖോസ്‌ത്‌, കുനാര്‍ പ്രവിശ്യകളില്‍ വെള്ളിയാഴ്‌ച രാത്രിയാണു പാകിസ്‌താന്‍ വ്യോമാക്രമണം നടത്തിയത്‌. വടക്കന്‍ വസീറിസ്‌താനില്‍ ഏഴു പാകിസ്‌താന്‍ സൈനികര്‍ അഫ്‌ഗാനില്‍നിന്നുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ട്‌ ദിവസങ്ങള്‍ക്കുള്ളിലായിരുന്നു പ്രത്യാക്രമണം.
അഫ്‌ഗാന്‍ ജനതയുടെ ക്ഷമയെ പരീക്ഷിക്കരുതെന്നും അല്ലാത്തപക്ഷം അനന്തരഫലം അനുഭവിക്കാന്‍ തയാറായിവേണം ഇത്തരം ചെയ്‌തികള്‍ക്കു മുതിരാനെന്നും അഫ്‌ഗാന്‍ സാംസ്‌കാരികവകുപ്പ്‌ സഹമന്ത്രി സബീയുള്ള മുജാഹിദ്‌ പ്രതികരിച്ചു.
സംഭവത്തെത്തുടര്‍ന്ന്‌ അഫ്‌ഗാനിലെ പാകിസ്‌താന്‍ പ്രതിനിധി മന്‍സൂര്‍ അഹമ്മദ്‌ ഖാനെ കാബൂളിലേക്കു വിളിച്ചുവരുത്തി താലിബാന്‍ ഭരണകൂടം പ്രതിഷേധം അറിയിച്ചു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അഭ്യര്‍ഥിച്ചു.
അഫ്‌ഗാനില്‍നിന്ന്‌ അതിര്‍ത്തി കടന്നുള്ള ആക്രമണം പെരുകുന്നതില്‍ പാകിസ്‌താന്‍ ആശങ്ക അറിയിച്ചു. ഭീകരര്‍ അഫ്‌ഗാന്റെ മണ്ണ്‌ താവളമാക്കി പാകിസ്‌താനില്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുകയാണ്‌. സൈനികരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ സമീപകാലത്ത്‌ വര്‍ധിച്ചിട്ടുണ്ട്‌. അക്രമികളെ അടിച്ചമര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്നും പാക്‌ വിദേശകാര്യമന്ത്രാലയം ഇന്നലെ ആവശ്യപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here