ആലപ്പുഴയില്‍ പിടിച്ചത് ഫോര്‍മാലിന്‍ കലര്‍ന്ന ഒരുമാസം പഴക്കമുള്ള 92 കിലോ കേര, ഏഴുകിലോ സിലോപ്പിയും; കണ്ടെത്തിയത് ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധനയിൽ

0

ആലപ്പുഴ: ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധനയില്‍ ആലപ്പുഴ വഴിച്ചേരി മാര്‍ക്കറ്റില്‍നിന്ന് ഫോര്‍മാലിന്‍ കലര്‍ന്ന ഒരുമാസം പഴക്കമുള്ള 92 കിലോ കേരയും ഏഴുകിലോ സിലോപ്പിയയും പിടികൂടി.

മീന്‍ചന്തകള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് ഫോര്‍മാലിന്‍ ചേര്‍ത്ത മീന്‍ കണ്ടെത്തിയത്. ചൊവ്വാഴ്ചരാവിലെ ഒന്‍പതിനു ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ വ്യാപാരികളുമായി ചെറിയരീതിയില്‍ വാക്കേറ്റവും ബഹളവുമുണ്ടായി.പിന്നീട്, പോലീസെത്തിയാണു നടപടികള്‍ പൂര്‍ത്തിയാക്കിയത്. പിടികൂടിയ മത്സ്യം നശിപ്പിച്ചു.

ഫുഡ്‌സേഫ്റ്റി ജില്ലാ അസിസ്റ്റന്റ് കമ്മിഷണര്‍ രഘുനാഥക്കുറുപ്പ്, ആലപ്പുഴ സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ എം. മീരാദേവി, കുട്ടനാട് സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ചിത്രാ മേരിതോമസ്, ബിജുരാജ് എന്നിവരാണു പരിശോധനയ്ക്കു നേതൃത്വം നല്‍കിയത്. ഇടുക്കി നെടുങ്കണ്ടത്ത് പച്ചമീന്‍കഴിച്ച പൂച്ച ചാകുകയും മീന്‍കറി കൂട്ടിയവര്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടാകുകയും ചെയ്തതിനെത്തുടര്‍ന്നാണു സംസ്ഥാനതലത്തില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്.

ഫോര്‍മാലിന്‍ അപകടകാരി

അര്‍ബുദത്തിനു കാരണമാകുന്ന ഫോര്‍മാള്‍ഡിഹൈഡ് എന്ന രാസപദാര്‍ഥത്തില്‍നിന്നാണ് ഫോര്‍മാലിന്‍ വേര്‍തിരിച്ചെടുക്കുന്നത്.മോര്‍ച്ചറികളില്‍ മൃതദേഹങ്ങള്‍ കേടാകാതിരിക്കാനാണു പ്രധാനമായും ഉപയോഗിക്കുന്നത്.

ഫോര്‍മാലിന്റെ ഉപയോഗം ഛര്‍ദി, കുടല്‍പ്പുണ്ണ്, മറ്റ് ഉദരരോഗങ്ങള്‍ എന്നിവയ്ക്കു കാരണമാകുമെന്ന് കോന്നി മെഡിക്കല്‍ കോളേജ് മെഡിസിന്‍ വിഭാഗം മേധാവി ഡോ. ബി. പദ്മകുമാര്‍ പറഞ്ഞു. തുടര്‍ച്ചയായി ഉപയോഗിക്കുന്നത് അര്‍ബുദത്തിനും കാരണമായേക്കാം.

Leave a Reply