എസ്ഡിപിഐ പ്രവർത്തകൻ സുബൈറിന്റെ കൊലപാതകം; അക്രമി സംഘം ഉപേക്ഷിച്ച കാർ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ പേരിലെന്ന് മോട്ടോർ വാഹന വകുപ്പ്; പാലക്കാട് നടന്നത് പ്രതികാര കൊലയോ ?

0

പാലക്കാട്: പാലക്കാട് എസ്ഡിപിഐ പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിൽ വൻ വഴിത്തിരിവ്. സുബൈറിനെ കൊലപ്പെടുത്താൻ അക്രമി സംഘം ഉപയോഗിച്ച കാറിന്റെ നമ്പർ, മാസങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട ബിജെപി- ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് വ്യക്തമായി. ഈ കാർ കൊലയാളി സംഘം കുത്തിയതോട് തന്നെ ഉപേക്ഷിച്ചിരുന്നു. ഇതിപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലാണ്.

കെ എൽ 11 എ ആർ 641 എന്ന നമ്പറിലുള്ള ഇയോൺ കാർ ഉപയോഗിച്ചാണ് സുബൈറും പിതാവും സഞ്ചരിച്ച ബൈക്കിനെ അക്രമികൾ ഇടിച്ചുവീഴ്ത്തിയത്. പിന്നീട് കുത്തിയതോട് തന്നെ ഈ കാർ പ്രതികൾ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പൊലീസ് പരിശോധനയിലാണ് ഈ കാർ സഞ്ജിത്തിന്റേതാണെന്ന് വ്യക്തമായത്.

ഇയോൺ കാറിന് പുറമെ ഗ്രേ നിറത്തിലുള്ള വാഗൺ ആർ കാറുമാണ് അക്രമി സംഘം ഉപയോഗിച്ചത്. ഗ്രേ കളർ വാഗൺ ആർ കാറിൽ പ്രതികൾ രക്ഷപ്പെട്ടതായാണ് സംശയം. പാലക്കാട് എലപ്പുള്ളിയിലാണ് സുബൈറിനെ ഇന്ന് ഉച്ചയോടെ വെട്ടിക്കൊലപ്പെടുത്തിയത്. കുത്തിയതോട് സ്വദേശിയാണ് കൊല്ലപ്പെട്ട സുബൈർ. 47 വയസായിരുന്നു. രാഷ്ട്രീയ വൈര്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചു.

പള്ളിയിൽ നിന്ന് നിസ്കരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അക്രമം നടന്നത്. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി. തുടർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ട് കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സുബൈറിന്റെ പിതാവിന് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റിട്ടുണ്ട്. നിരവധി തവണ സുബൈറിനെ വെട്ടിയതായാണ് വിവരം. സുബൈർ എസ് ഡി പി ഐ പ്രാദേശിക പ്രവർത്തകനാണ്. സുബൈറിന്റെ ശരീരത്തിൽ നിരവധി വെട്ടുകളേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാലക്കാട് ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ പകവീട്ടലാണോ ഇതെന്ന് സംശയം ഉയർന്നിട്ടുണ്ട്. സുബൈറിനെ തന്നെ ലക്ഷ്യമിട്ടാണ് അക്രമി സംഘം എത്തിയത്. ഇദ്ദേഹത്തിന്റെ പിതാവിനെ അക്രമികൾ ആക്രമിച്ചിട്ടില്ല. പാലക്കാട് എലപ്പുള്ളി ജങ്ഷനിൽ പട്ടാപ്പകൽ നടന്ന കൊലപാതകം നാടിനെ നടുക്കി.

വ്യക്തമാകുന്നത് ഉന്നത തല ഗൂഢാലോചനയെന്നും എസ്ഡിപിഐ

പാലക്കാട് എലപ്പുളിയില്‍ സുബൈറിനെ പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടിക്കൊന്ന സംഭവം സംസ്ഥാനത്തെ വീണ്ടും കലാപഭൂമിയാക്കാനുള്ള ആര്‍എസ്എസ് നീക്കത്തിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ പറഞ്ഞു. കൊലപാതകത്തില്‍ ഉന്നത തല ഗൂഢാലോചനയാണ് വ്യക്തമാകുന്നത് എന്നും എസ്ഡിപിഐ വാർത്താക്കുറിപ്പിൽ പറയുന്നു.

രാമനവമി, വിഷു തുടങ്ങിയ വിശേഷ ദിവസങ്ങള്‍ അന്യമതസ്ഥരുടെ രക്തമൊഴുക്കി ആഘോഷിക്കുന്ന ആര്‍എസ്എസ് നീക്കം രാജ്യത്തിന്റെ സമാധാനത്തിനു ഭീഷണിയാണ്. റമദാന്‍ വ്രതമെടുത്ത് ജുമുഅ നമസ്‌കാരത്തിനു ശേഷം ബാപ്പയോടൊപ്പം ബൈക്കില്‍ പോകുമ്പോഴാണ് ആര്‍എസ്എസ് സംഘം ആസൂത്രിതമായി സുബൈറിനെ കൊലപ്പെടുത്തിയിരിക്കുന്നത്. കൊലപാതകത്തില്‍ ഉന്നത തല ഗൂഢാലോചനയാണ് വ്യക്തമാകുന്നത്. കാറിടിപ്പിച്ച ശേഷം വെട്ടിവീഴ്ത്തുന്നതിന് പ്രത്യേക പരിശീലനം നല്‍കി സംസ്ഥാനത്ത് ക്രിമിനല്‍ സംഘത്തെ ആര്‍എസ്എസ് തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നു എന്ന അപകട സൂചനയാണ് നല്‍കുന്നത്.

സമീപകാലത്ത് നടന്ന കൊലപാതകങ്ങളിലുള്‍പ്പെടെ വ്യക്തമായ തെളിവുകളുണ്ടായിട്ടും ആര്‍എസ്എസ്സിന്റെ ഉന്നത നേതാക്കളിലേക്ക് അന്വേഷണം എത്താതിരുന്നത് കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാന്‍ അക്രമികള്‍ക്ക് പ്രോല്‍സാഹനമാവുകയാണ്. വളരെ കൃത്യമായ ആസൂത്രണത്തിലൂടെ നടത്തിയ കൊലപാതകത്തില്‍ സമഗ്രമായ അന്വേഷണത്തിലൂടെ കൃത്യത്തില്‍ പങ്കെടുത്തവരെയും ഗൂഢാലോചനയില്‍ പങ്കാളികളായവരെയും പിടികൂടാന്‍ പോലീസ് തയ്യാറാവണമെന്നും എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാന്‍ ആവശ്യപ്പെട്ടു.

പകവീട്ടിലെന്ന് സംശയിച്ച് എംഎൽഎ

പകവീട്ടലാണെന്ന് സംശയിക്കുന്നതായി മലമ്പുഴ എം എൽ എയും മുതിർന്ന സിപിഎം നേതാവുമായ എ പ്രഭാകരൻ. നാട്ടിലെ സമാധാനം തകർക്കാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാലക്കാട് മമ്പറത്ത് മുൻപ് നടന്ന കൊലപാതകവുമായി ഇപ്പോഴത്തെ കൊലപാതകത്തിന് ബന്ധമുണ്ടോയെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു.

‘വിഷു ദിവസത്തിൽ ഇങ്ങിനെയൊരു അക്രമം നടന്നതിനെ ശക്തമായി അപലപിക്കുന്നു. അക്രമം വ്യാപിക്കാതിരിക്കാൻ മുൻകരുതലെടുക്കാൻ പൊലീസിനോട് ആവശ്യപ്പെടും. പച്ചമനുഷ്യനെ വെട്ടിക്കൊലപ്പെടുത്തിയത് എന്ത് രാഷ്ട്രീയമാണ്? മുൻപ് ഒരു അക്രമം നടന്നതിന്റെ പകവീട്ടലാകാനാണ് സാധ്യത. തനിക്കിതേപ്പറ്റി കൃത്യമായി അറിയില്ല. പള്ളിയിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം ഉണ്ടായതെന്നാണ് അറിഞ്ഞത്. മമ്പറത്ത് വെച്ച് ഒരു അക്രമം നടന്നതിന്റെ പേരിലാണ് ഈ കൊലപാതകം എന്ന് സംശയിക്കുന്നു. അക്രമികൾ തേടുന്നയാളെ കിട്ടാതാവുമ്പോൾ കിട്ടുന്നവനെ കൊലപ്പെടുത്തുന്ന രീതിയാണ്. വളരെയേറെ മോശമാണ് ഇത്തരം അക്രമങ്ങളെന്നും സിപിഎം സംസ്ഥാന നേതാവ് കൂടിയായ എ പ്രഭാകരൻ വിമർശിച്ചു.

Leave a Reply