സൂര്യാസ്തമയത്തിന് ശേഷം ചെങ്കോട്ടയിൽ പ്രസംഗിക്കുന്ന ആദ്യ പ്രധാനമന്ത്രിയായി മോദി ചരിത്രം കുറിക്കും

0

ന്യൂഡൽഹി: ഭാരതത്തിൽ പുതു ചരിത്രം കുറിക്കാൻ ഒരുങ്ങിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിൽ വ്യാഴാഴ്ച നടത്താനൊരുങ്ങുന്ന പ്രസംഗമാണ് രാജ്യത്തിന്റെ ചരിത്രതാളുകളിൽ ഇടം പിടിക്കാൻ പോകുന്നത്. ഒമ്പതാം സിഖ് ഗുരു തേജ് ബഹദൂറിന്റെ നാനൂറാം ജന്മവാർഷികത്തിൽ രാത്രി ഒമ്പതരയ്ക്കാണ് മോദിയുടെ പ്രസംഗം.

ഈ പ്രസം​ഗത്തോടെ സൂര്യാസ്തമയശേഷം ചെങ്കോട്ടയിൽ പ്രസംഗിക്കുന്ന ആദ്യ പ്രധാനമന്ത്രിയായി മോദി മാറും. സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയുടെ കവാടത്തിലാണ് പ്രധാനമന്ത്രിമാരുടെ പ്രസംഗം. സ്വാതന്ത്ര്യദിനത്തിലല്ലാതെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്നത് ഇതു രണ്ടാം തവണ മാത്രമാണ്. നേരത്തെ നേതാജി സുഭാഷ് ചന്ദ്ര ബോസ്, ആസാദ് ഹിന്ദ് സർക്കാർ രൂപവത്കരിച്ചതിന്റെ 75-ാം വാർഷികത്തിൽ മോദി ചെങ്കോട്ടയിൽ പ്രസംഗിച്ചിരുന്നു.

മുഗൾ ഭരണാധികാരിയായിരുന്ന ഔറംഗസേബ്, ചെങ്കോട്ടയിൽ നിന്നാണ് 1675 ൽ ഗുരു തേജ് ബഹദൂറിനെ വധിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇക്കാരണത്താലാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തിനായി ചെങ്കോട്ട തന്നെ തിരഞ്ഞെടുത്തിരിക്കുന്നത്. മതാന്തര സമാധാനവും സാമുദായിക സാഹോദര്യവും എന്ന വിഷയത്തിലാകും പ്രധാനമന്ത്രിയുടെ പ്രസംഗം. ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റിയുമായി സഹകരിച്ച് സാംസ്‌കാരിക മന്ത്രാലയമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ചടങ്ങിൽ അദ്ദേഹത്തിന്റെ സ്മരണാർത്ഥം നാണയവും തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി പ്രകാശനം ചെയ്യും. സിഖ് സംഗീതജ്ഞർ വിവിധരാഗങ്ങളിൽ ശബാദ് കീർത്തനം അവതരിപ്പിക്കും. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും വിദേശത്തുനിന്നുമുള്ള പ്രമുഖരും ആഘോഷങ്ങളുടെ ഭാഗമാകും. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് സിഖ് ഗുരുവിന്റെ 400-ാം ജന്മവാർഷികദിന പരിപാടി സംഘടിപ്പിക്കുന്നത്.

Leave a Reply