കണ്ണൂര്‍: കണ്ണൂരിലെ സി.പി.എം രാഷ്‌ട്രീയത്തിലെ മാസ് ഹീറോ പി. ജയരാജന്റെ ഫോട്ടോ ഷൂട്ട് വൈറല്‍. ഭീഷ്‌മപര്‍വം സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച സീന്‍ പുനരവതരിപ്പിച്ചിരിക്കുകയാണ് പി. ജയരാജനും യുവ സഖാക്കളും. സൈബര്‍ ഇടങ്ങളിലെ ട്രെന്‍ഡിനൊപ്പം ചേര്‍ന്ന് സി.പി.എം നേതാവ് പി. ജയരാജനുമെത്തിയത് അണികള്‍ക്ക് ആവേശമായിട്ടുണ്ട്.
അമല്‍ നീരദ് ചിത്രത്തിലെ സീനിന്റെ ചുവടുപിടിച്ച് ഒട്ടേറെ വീഡിയോകള്‍ എത്തിയിരുന്നുവെങ്കിലും അതില്‍ വൈറലായത് പിജെയുടേത് തന്നെ. കോളജ്, സ്‌കൂള്‍, ഓഫീസുകള്‍ എവിടെ ഗ്രൂപ്പ് സെല്‍ഫിയുണ്ടോ അവിടെ ചാമ്പിക്കോ ഡയലോഗ് ഉറപ്പാണ്. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി ചരിത്ര-ചിത്ര-ശില്‍പ്പ പ്രദര്‍ശനം നടക്കുന്ന കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ വെച്ചായിരുന്നു ജയരാജനും സഖാക്കളും ചാമ്പിക്കോ വീഡിയോ പകര്‍ത്തിയത്. ജയരാജന്റെ മകന്‍ ജെയിന്‍ രാജ് ആണ് ഫോട്ടോഷൂട്ടിന്റെ വീഡിയോ തലൈവര്‍ എന്ന തലക്കെട്ടോടെ സമൂഹമാധ്യമത്തില്‍ പോസ്‌റ്റ് ചെയ്‌തത്. ഇരുപതോളം പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കൊപ്പമാണ് മൈക്കളപ്പന്‍ ആയി ജയരാജന്‍ വിഡിയോയിലെത്തുന്നത്. അഞ്ഞൂറ്റി കുടുംബത്തിലെ മൈക്കളപ്പനായെത്തുന്ന മമ്മൂട്ടി കുടുംബത്തിനൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുക്കുന്ന രംഗത്തിലെ ചാമ്പിക്കോ എന്ന ഡയലോഗും ട്രെന്‍ഡിങ്ങാണ്. സ്‌റ്റൈലിഷ് ആയ കഥാപാത്രവും സ്ലോ മോഷനും പശ്‌ചാത്തല സംഗീതവും കൊണ്ട് അമല്‍ നീരദ് സൃഷ്‌ടിച്ച രംഗം അതേ രീതിയില്‍ റീ ക്രിയേറ്റ് ചെയ്ാനാണ് യപലരും മത്സരിക്കുന്നത്.