പ്രേതത്തെപോലെ നീളമേറിയ കോമ്പല്ലുകൾ; ജീവനുള്ള മത്സ്യത്തെ തിരികെ കടലിലേക്ക് വിട്ടത് പേടി കൊണ്ട്; കരയ്ക്കടിഞ്ഞ ഡ്രാക്കുള മത്സ്യം ചർച്ചയാകുമ്പോൾ

0

ഒരേ സമയം കൗതുകമുണർത്തുന്നതും അതുപോലെ തന്നെ ഭയപെടുത്തുന്നതുമായ ഒരു മത്സ്യമാണ് കഴിഞ്ഞ ദിവസം കരയ്ക്കടിഞ്ഞത്.
കലിഫോർണിയയിലെ ബീച്ചിൽ നടക്കാൻ പോയ ഒരാളാണ് തീരത്തടിഞ്ഞ നിലയിൽ ചലനമറ്റ മത്സ്യത്തെ കണ്ടത്. അടുത്തു ചെന്നു പരിശോധിച്ചപ്പോൾ അയാൾ ഞെട്ടിപ്പോയി…മീനിന്റെ വായ്ക്കുള്ളിൽ ഡ്രാക്കുളയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ നീളമുള്ള രണ്ട് കോമ്പല്ലുകൾ. താമസിയാതെ മീനിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഡ്രാക്കുള മീനെന്ന ചെല്ലപ്പേരും താമസിയാതെ മീനിനു വീണു. നീളമുള്ള ശരീരം വലിയ കണ്ണുകളും മീനിനുണ്ട്.

ചിത്രമെടുത്ത ശേഷം കാൽനടക്കാരൻ മീനിനെ തിരിച്ചു കടലിലേക്കു വിട്ടു. ചലനമറ്റെങ്കിലും അതിന്റെ ജീവൻ പോയിരുന്നില്ല. താമസിയാതെ അതു കടലിൽ നീന്തിത്തിരിച്ചുപോയി. അപൂർവമായ ഈ മത്സ്യം ഏതാണെന്ന് സംശയം സമൂഹമാധ്യമങ്ങളിൽ നിലനിന്നിരുന്നു. ഒടുവിൽ മ്യൂസിയം ഓഫ് വെർട്ടിബ്രേറ്റ് സുവോളജിയിലെ ക്യുറേറ്ററായ ക്രിസ്റ്റഫർ മാർട്ടിൻ ഈ മത്സ്യത്തെ തിരിച്ചറിഞ്ഞു. ലാൻസെറ്റ്ഫിഷ് എന്നറിയപ്പെടുന്ന മീനായിരുന്നു ഇത്. അലെപിസോറസ് ഫെറോക്‌സ് എന്നറിയപ്പെടുന്ന ഈ വേട്ടക്കാരൻ മീനിന് 7 അടി വരെ നീളത്തിൽ വളരാനാകും. ഭൂമിയിൽ ധ്രുവപ്രദേശങ്ങളിലേത് ഒഴിച്ചുള്ള സമുദ്രമേഖലകളിൽ ഈ മത്സ്യത്തിന്റെ സാന്നിധ്യമുണ്ട്.

350 മുതൽ 6500 അടി വരെ താഴ്ചയുള്ള മേഖലകളിലാണ് ഇവയെ കണ്ടെത്തുന്നത്. സൂര്യപ്രകാശം കുറവുള്ള സമുദ്രമേഖലയാണ് ഇത്. ചിലപ്പോൾ വളരെ ഉയരത്തിലേക്ക് ഊളിയിട്ടു പൊങ്ങി ഇരകളെ അകത്താക്കാനും ഈ മത്സ്യത്തിനു കഴിവുണ്ട്. സമുദ്രത്തിലെ വലിയ വേട്ടക്കാരനാണു ലാൻസെറ്റ് ഫിഷ്. മീനുകൾ, കണവകൾ, കൊഞ്ചു വർഗത്തിൽ പെട്ട ജീവികൾ എന്നിവയെയെല്ലാം ഇവ ഭക്ഷണത്തിനായി വേട്ടയാടാറുണ്ട്. വലിയ അളവിൽ ഇവ ഭക്ഷണം അകത്താക്കും. അപൂർവമത്സ്യങ്ങളാണെങ്കിലും ചിലപ്പോഴൊക്കെ മീൻപിടിത്തക്കാരുടെ ട്രോളിങ് വലയിൽ ഇവ അകപ്പെടാറുണ്ട്. ഇവയുടെ മാംസം ഭക്ഷ്യയോഗ്യമാണെങ്കിലും രുചി കുറവാണ്.

LEAVE A REPLY

Please enter your comment!
Please enter your name here