പാക്കിസ്ഥാനിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തക ബിൽക്കിസ് ബാനു ഇദ്ഹി അന്തരിച്ചു

0

കറാച്ചി ∙ പാക്കിസ്ഥാനിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തക ബിൽക്കിസ് ബാനു ഇദ്ഹി (74) അന്തരിച്ചു. പാക്കിസ്ഥാനിലെ ‘മദർ തെരേസ’ എന്നറിയപ്പെട്ടിരുന്ന വിഖ്യാത ജീവകാരുണ്യ പ്രവർത്തകൻ അബ്ദുൽ സത്താർ ഇദ്ഹിയുടെ ഭാര്യയാണ്. പാവപ്പെട്ടവർക്കു വേണ്ടിയുള്ള സമർപ്പിത ജീവിതമായിരുന്നു ദമ്പതികളുടേത്.

പാക്കിസ്ഥാനിലെ ഏറ്റവും വലിയ സാമൂഹികസേവന സംഘടനയാണ് ഇദ്ഹി ഫൗണ്ടേഷൻ. 2016 ൽ ഇദ്ഹിയുടെ മരണത്തിനു ശേഷം ബിൽക്കീസും മകൻ ഫൈസലുമായിരുന്നു ഫൗണ്ടേഷനെ നയിച്ചത്. പിഞ്ചുകുട്ടികളെ തെരുവിൽ ഉപേക്ഷിക്കരുതെന്ന അഭ്യർഥനയുമായി ബിൽക്കിസ് രാജ്യത്തു സ്ഥാപിച്ച അമ്മത്തൊട്ടിൽ ഒരുപാട് കുരുന്നുകളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു.

പാക്കിസ്ഥാനിൽ അകപ്പെട്ടുപോയ ബധിരയും മൂകയുമായ ഇന്ത്യൻ പെൺകുട്ടി ഗീതയ്ക്കു വർഷങ്ങളോളം ആഭയം നൽകിയത് ബിൽക്കിസ് ബാനുവുമായിരുന്നു. 10 വർഷത്തോളം ബിൽക്കീസിന്റെ സംരക്ഷണയിലായിരുന്നു ഗീത. ഗീത ഇന്ത്യയിലേക്കു മടങ്ങിയപ്പോൾ ബിൽക്കീസും പേരക്കുട്ടികളും അനുഗമിച്ചു. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചിരുന്നു.

ബിൽക്കിസിന്റെ വിയോഗത്തിൽ പാക്കിസ്ഥാൻ പ്രസിഡന്റ് ആരിഫ് ആൽവി, പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് എന്നിവർ അനുശോചിച്ചു.1986 ൽ അബ്ദുൽ സത്താറും ബിൽക്കിസും മാഗ്സസെ പുരസ്കാരത്തിന് അർഹരായി. ലെനിൻ പീസ് പ്രൈസ്, മദർ തെരേസ രാജ്യാന്തര പുരസ്കാരം എന്നിവയെല്ലാം ബിൽക്കിസിനു ലഭിച്ചിട്ടുണ്ട്.

Leave a Reply