കൊട്ടാരക്കര നെടുവത്തൂര്‍ പുല്ലാമലയില്‍ ഭാര്യയെ വെട്ടിക്കൊന്നു ഗൃഹനാഥന്‍ ജീവനൊടുക്കി

0

കൊട്ടാരക്കര(കൊല്ലം): കൊട്ടാരക്കര നെടുവത്തൂര്‍ പുല്ലാമലയില്‍ ഭാര്യയെ വെട്ടിക്കൊന്നു ഗൃഹനാഥന്‍ ജീവനൊടുക്കി. തടസം പിടിക്കാനെത്തിയ ഭാര്യാ സഹോദരിയുടെ കൈ വെട്ടിയ ശേഷമാണ്‌ ഇയാള്‍ അടുത്തുള്ള കുടുബ വീടായ തെക്കേ ചേരിയില്‍ വീട്ടില്‍ തൂങ്ങി മരിച്ചത്‌.
നെടുവത്തൂര്‍ പുല്ലാമല കല്ലുവിള താഴതില്‍ രമാവതി(55)യെയാണ്‌ ഭര്‍ത്താവ്‌ രാജന്‍ (62)വെട്ടി കൊലപ്പെടുത്തിയത്‌. സഹോദരിയെ ആക്രമിക്കുന്നത്‌ തടഞ്ഞ കുറുബാലൂര്‍ അപര്‍ണാലയത്തില്‍ അശോകന്റ ഭാര്യ രതി(48)യ്‌ക്കാണ്‌ വെട്ടേറ്റത്‌. ഇടത്‌ കൈപ്പത്തി അറ്റ നിലയില്‍ രതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ 11.45-നായിരുന്നു സംഭവം. ഏറെ നാളുകളായി രാജന്‍ മദ്യപാനത്തിന്‌ അടിമയായിരുന്നു. രാജനും രമാവതിയും തമ്മില്‍ കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഏറെ നാളായി പിണങ്ങി കഴിയുകയായിരുന്നു. രമയുടെ മാതാവ്‌ രണ്ടാഴ്‌ച മുമ്പാണ്‌ മരിച്ചത്‌. അന്നേ ദിവസം രാജന്‍ മദ്യപിച്ചെത്തി ബഹളം വച്ചതിനെ തുടര്‍ന്ന്‌ രമാവതി പുത്തൂര്‍ പോലീസില്‍ പരാതി നല്‍കി.
ഇരുവരെയും സ്‌റ്റേഷനില്‍ വിളിച്ചു വരുത്തുകയും വീട്ടില്‍ കയറരുതെന്ന്‌ രാജനെ പോലീസ്‌ വിലക്കുകയും ചെയ്‌തിരുന്നു. രണ്ടാഴ്‌ചയായി ഇയാള്‍ സ്വന്തം കുടുംബ വീട്ടിലായിരുന്നു താമസം. ഇന്നലെ അടുത്തുള്ള വീട്ടില്‍ ലോണ്‍ അടയ്‌ക്കാനുള്ള പണം കൊടുത്ത ശേഷം രമാവതി സഹോദരി രതിയോടൊപ്പം തിരികെ വരുമ്പോള്‍ മദ്യലഹരിയിലായിരുന്ന രാജന്‍ ഒളിഞ്ഞിരുന്ന്‌ വെട്ടുകത്തി കൊണ്ടു രമാവതിയെ വെട്ടുകയായിരുന്നു. സമീപത്തെ റബര്‍ തോട്ടത്തില്‍ വച്ചായിരുന്നു ആക്രമണം. സഹോദരിയെ ആക്രമിക്കുന്നത്‌ കണ്ട്‌ തടസം പിടിക്കുന്നതിനിടയിലാണ്‌ രതിക്ക്‌ വെട്ടേറ്റത്‌.
കൂലിപ്പണിക്കാരനായ രാജന്‍ തെങ്ങുകയറ്റ തൊഴിലാളികൂടിയായിരുന്നു. രാജേഷ്‌, രമേശ്‌ എന്നിവര്‍ മക്കളാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here