മുഖ്യന് പിന്നാലെ കോടിയേരിയും ചികിത്സയ്ക്കായി അമേരിക്കയിലേക്ക്; സെക്രട്ടറിയുടെ ചുമതല പാർട്ടി സെന്ററിന്

0

മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികിത്സക്കായി അമേരിക്കയിലേക്ക്. അടുത്ത ആഴ്ചയാകും കോടിയേരിയും അമേരിക്കയിലെത്തുന്നത്. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷമായിരിക്കും മടക്കം. സെക്രട്ടറിയുടെ ചുമതല പാർട്ടി സെന്ററായിരിക്കും നിർവഹിക്കുക.

മുഖ്യമന്ത്രി പിണറായി വിജയൻ തുടർ ചികിത്സയ്ക്കായി ഈ മാസം 23നാണ് അമേരിക്കയിലേക്ക് പോകുന്നത്. മെയ് പകുതി വരെ മുഖ്യമന്ത്രി അമേരിക്കയിൽ തുടരും. മുഖ്യമന്ത്രി അടുത്ത മാസം പത്തിന് തിരിച്ചെത്തുമെന്നാണ് സൂചന.

ഇത് മൂന്നാം തവണയാണ് ചികിത്സാ ആവശ്യത്തിനായുള്ള മുഖ്യമന്ത്രിയുടെ യാത്ര. അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് ചികിത്സ. യാത്രക്കായി കേന്ദ്രസർക്കാരിനോട് അനുമതി തേടിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ചികിത്സയ്ക്കായി 29.82 ലക്ഷം രൂപ അനുവദിച്ച ഉത്തരവ് സർക്കാർ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.

അമേരിക്കയിലെ മേയോ ക്ലിനിക്കിൽ തുടർ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ 23ന് തിരിക്കുന്നതിനാൽ, അടുത്തയാഴ്ചത്തെ മന്ത്രിസഭായോഗം 27ന് രാവിലെ 9ന് ഓൺലൈനായി ചേരും. മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് ഓൺലൈൻ വഴി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. അതിന്റെ അടുത്തയാഴ്ചത്തെ മന്ത്രിസഭായോഗവും ഇതേ രീതിയിലാകും.

പതിനെട്ട് ദിവസത്തേക്കാണ് മുഖ്യമന്ത്രിയുടെ യാത്ര. ആരൊക്കെയാവും മുഖ്യമന്ത്രിയെ അനുഗമിക്കുകയെന്ന് പിന്നീടറിയാം. മേയ് പത്തിനോ പതിനൊന്നിനോ അദ്ദേഹം തലസ്ഥാനത്ത് തിരിച്ചെത്തിയേക്കും. ചികിത്സയ്ക്കായി പോകുന്ന വിവരം ഇന്നലെ മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിൽ അറിയിച്ചു. ജനുവരിയിൽ മേയോ ക്ലിനിക്കിൽ ചികിത്സയ്ക്കായി മുഖ്യമന്ത്രി പോയപ്പോൾ തന്നെ തുടർ ചികിത്സ വേണ്ടിവരുമെന്ന് അറിയിച്ചിരുന്നു. സി.പി.എമ്മിന്റെ പാർട്ടി കോൺഗ്രസ് ഉൾപ്പെടെയുള്ള തിരക്കുകളിലായതിനാൽ യാത്ര വൈകുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here