സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ കേരളത്തിന്റെ രണ്ടാം മത്സരം ഇന്ന്‌

0

സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ കേരളത്തിന്റെ രണ്ടാം മത്സരം ഇന്ന്‌. മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയത്തില്‍ രാത്രി എട്ട്‌ മുതല്‍ നടക്കുന്ന മത്സരത്തില്‍ കരുത്തരായ ബംഗാളാണ്‌ എതിരാളികള്‍. ആദ്യ മത്സരത്തില്‍ രാജസ്‌ഥാനെ 5-0 ത്തിനു തോല്‍പ്പിച്ച കേരളത്തിന്‌ ജയിച്ചാല്‍ സെമി ഫൈനല്‍ സാധ്യത സജീവമാക്കാം.
കേരളവും ബംഗാളും ഓരോ ജയം വീതം നേടി. പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിന്‌ തോല്‍പ്പിച്ചാണു ബംഗാളിന്റെ വരവ്‌. ആദ്യ മത്സരത്തില്‍ നായകന്‍ ജിജോ ജോസഫ്‌ കേരളത്തിനായി ഹാട്രിക്ക്‌ നേടിയിരുന്നു. നിജോ ഗില്‍ബേര്‍ട്ട്‌, അജിഅലക്‌സ് എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി. ജിജോ തന്നെയാണ്‌ മത്സരത്തില്‍ ശ്രദ്ധാകേന്ദ്രം. സ്‌ട്രൈക്കര്‍മാരായ സഫ്‌നാദും വിഗ്‌നേഷും ലക്ഷ്യം കണ്ടെത്തിയാല്‍ കേരളത്തിന്‌ മത്സരം അനായാസമാകും. തിങ്ങിനിറയുന്ന ആരാധകരാണു കേരളത്തിന്റെ ശക്‌തി. പ്രതിരോധത്തിലൂന്നിയ പ്രത്യാക്രമണമാണ്‌ ബംഗാളിന്റെ കരുത്ത്‌. പഞ്ചാബിനെ തോല്‍പ്പിച്ചത്‌ ടീമില്‍ ആത്മവിശ്വാസമുണ്ടാക്കി.
ഇന്നലെ കോട്ടപ്പടി സ്‌റ്റേഡിയത്തില്‍ നടന്ന കര്‍ണാടകയും ഒഡീഷയും തമ്മില്‍ നടന്ന 3-3 നു സമനിലയായി. ഒഡീഷയ്‌ക്കായി ജാമി ഓറം (15), ബികാശ്‌ കുമാര്‍ സഹോ (65), ചന്ദ്ര മുധുലി (76) എന്നിവരാണു ഗോളടിച്ചത്‌. കര്‍ണാടകയ്‌ക്കായി സുധീര്‍ കൊട്ടികല ഇരട്ട ഗോളടിച്ചു (29, 62). മലയാളി താരം ബാവു നിഷാദിന്റെ വകയാണ്‌ ഒരു ഗോള്‍ (34).
ഒന്നാം പകുതി ഇരുടീമുകളുടെയും ആക്രമണങ്ങള്‍ കൊണ്ടു നിറഞ്ഞു. 13-ാം മിനിറ്റില്‍ ഒഡീഷയെ തേടി ആദ്യ അവസരമെത്തി. മധ്യനിരതാരം ജാമിര്‍ ഓറം വിങ്ങില്‍നിന്ന്‌ ബോക്‌സിലേക്ക്‌ നല്‍കിയ പാസ്‌ ലക്ഷ്യം കണ്ടില്ല. രണ്ട്‌ മിനിറ്റിനു ശേഷം ഒഡീഷ ലീഡ്‌ നേടി. ഇടതു വിങ്ങിലൂടെ മുന്നേറിയ മധ്യനിരതാരം ചന്ദ്ര മുധുലി പോസ്‌റ്റിലേക്ക്‌ നീട്ടി നല്‍കിയ പാസ്‌ നിലയുറപ്പിച്ചിരുന്ന ജാമി ഓറം ഗോളാക്കി. ഗോള്‍ വഴങ്ങിയതോടെ ഉണര്‍ന്നുകളിച്ച കര്‍ണാടകയ്‌ക്ക് 23-ാം മിനിറ്റില്‍ ആദ്യ അവസരമെത്തി. ഇടതു വിങ്ങില്‍നിന്നു നായകന്‍ സുനില്‍ കുമാര്‍ രണ്ട്‌ പ്രതിരോധ താരങ്ങളെ മറികടന്ന്‌ ബോക്‌സിലേക്ക്‌ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. 29-ാം മിനിറ്റില്‍ കര്‍ണാടക സമനില പിടിച്ചു. വലതു വിങ്ങിലൂടെ മുന്നേറിയ മധ്യനിരതാരം പ്രശാന്ത്‌ കലിങ്ക ബോക്‌സിലേക്ക്‌ നല്‍കിയ പന്ത്‌ സുധീര്‍ കൊട്ടികല ഗോളാക്കി മാറ്റി. 34-ാം മിനിറ്റില്‍ മലയാളി താരം ബാവു നിഷാദിലൂടെ കര്‍ണാടക ലീഡ്‌ നേടി. ബോക്‌സിന്‌ പുറത്തുനിന്നു പോസ്‌റ്റ് ലക്ഷ്യമാക്കി അടിച്ച പന്ത്‌ ഒഡീഷ പ്രതിരോധ താരത്തിന്റെ ദേഹത്ത്‌ തട്ടി ഗോളായി.
രണ്ടാം പകുതിയിലും ഇരുടീമുകളും തുടക്കം മുതല്‍ തന്നെ ആക്രമണത്തിനു ശ്രമിച്ചു. 50-ാം മിനിറ്റില്‍ ഒഡീഷയ്‌ക്ക് മികച്ച അവസരം ലഭിച്ചു. ബോക്‌സിലേക്ക്‌ നീട്ടിനല്‍കിയ ലോങ്‌ ത്രോ ഫരീദ്‌ ഹെഡ്‌ ചെയ്‌തെങ്കിലും ബാറില്‍ തട്ടി. 55 -ാം മിനിറ്റില്‍ കര്‍ണാടക താരം സുലൈമലൈ എടുത്ത ഫ്രീകിക്ക്‌ ഒഡീഷ ഗോള്‍ കീപ്പര്‍ അതിമനോഹരമായി തട്ടിഅകറ്റി. 62-ാം മിനിറ്റില്‍ ഒഡീഷ പ്രതിരോധം കണ്ണടച്ച നിമിഷം സുധീര്‍ കൊട്ടികല ഗോളാക്കി. മൂന്ന്‌ മിനിറ്റിനു ശേഷം ഒഡീഷ ഗോള്‍ മടക്കി പിഴവിനു പരിഹാരം കണ്ടു. വലത്‌ വിങ്ങില്‍നിന്ന്‌ എറിഞ്ഞ ലോങ്‌ ത്രോ കര്‍ണാടക ഗോള്‍ കീപ്പര്‍ ജയന്ത്‌കുമാര്‍ പഞ്ച്‌ ചെയ്‌ത് അകറ്റാന്‍ ശ്രമിക്കവേ വരുത്തിയ പിഴവ്‌ ഗോളില്‍ കലാശിച്ചു. പന്ത്‌ കിട്ടിയ ബികാശ്‌ കുമാര്‍ സഹോ ഗോള്‍ കീപ്പറുടെയും പ്രതിരോധ താരങ്ങളുടെയും തലയ്‌ക്കു മുകളിലൂടെ പോസ്‌റ്റിലെത്തിച്ചു. ഇരുടീമുകള്‍ക്കും തുടര്‍ന്ന്‌ ഗോളടിക്കാന്‍ അവസരം ലഭിച്ചെങ്കിലും ഒന്നും ഫലത്തിലെത്തിയില്ല. 76 -ാം മിനിറ്റില്‍ ഉഗ്രന്‍ ഗോളിലൂടെ ഒഡീഷ സമനില പിടിച്ചു. വലതു വിങ്ങില്‍നിന്നു കിട്ടിയ പന്ത്‌ ചന്ദ്ര മുദുലിയുടെ റോക്കറ്റ്‌ ഷോട്ടിലൂടെ വലയിലാക്കി. ഇരുടീമുകള്‍ക്കും അടുത്ത മത്സരം നിര്‍ണായകമാണ്‌. കര്‍ണാടകയ്‌ക്ക് സര്‍വീസസും ഒഡിഷയ്‌ക്കു മണിപ്പൂരുമാണ്‌ എതിരാളികള്‍.
ഇന്നലെ മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയത്തില്‍ രാത്രി നടന്ന ബി ഗ്രൂപ്പ്‌ മത്സരത്തില്‍ മണിപ്പൂര്‍ നിലവിലെ ചാമ്പ്യന്‍ സര്‍വീസസിനെ 3-0 ത്തിനു തകര്‍ത്തുവിട്ടു. കളിയുടെ അഞ്ചാം മിനിറ്റില്‍ നായ്‌ബാം ജെനിഷ്‌ സിങ്ങിലൂടെ മണിപ്പുര്‍ മുന്നിലെത്തി. 50-ാം മിനിറ്റില്‍ ലുന്‍മിന്‍ലെന്‍ ഹായ്‌കോപ്‌ ലീഡ്‌ ഇരട്ടിയാക്കി. 74-ാം മിനിറ്റില്‍ ബി. സുനിലിന്റെ സെല്‍ഫ്‌ ഗോള്‍ മണിപ്പൂരിന്‌ അനുഗ്രഹമായി. മണിപ്പുരും സര്‍വീസസും 2-4-4 ഫോര്‍മേഷനിലാണു കളിച്ചത്‌.
ഇന്നു നടക്കുന്ന മറ്റൊരു മത്സരത്തില്‍ രാജസ്‌ഥാന്‍ മേഘാലയയെ നേരിടും. വൈകിട്ട്‌ നാല്‌ മുതല്‍ മലപ്പുറം കോട്ടപ്പടിയിലാണു മത്സരം. ആദ്യ മത്സരത്തില്‍ രാജസ്‌ഥാന്‍ തോറ്റിരുന്നു. മേഘാലയയുടെ ആദ്യ മത്സരമാണ്‌. യോഗ്യതാ മത്സരത്തില്‍ നോര്‍ത്ത്‌ ഈസ്‌റ്റ് സോണ്‍ എ ഗ്രൂപ്പില്‍ അസം, അരുണാചല്‍ പ്രദേശ്‌ എന്നിവരെ തകര്‍ത്താണ്‌ മേഘാലയ ഫൈനല്‍ റൗണ്ടിനു യോഗ്യത നേടിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here