കേരളം ഗുണ്ടാ ഇടനാഴിയായി മാറി; ആർഎസ്എസ്, എസ്ഡിപിഐ വർഗീയത നിറഞ്ഞാടുകയാണ്‌; രണ്ടാം വാർഷികം ആഘോഷിക്കാൻ സർക്കാറിന് ഒരു അവകാശവുമില്ലെന്ന് വി.ഡി സതീശൻ

0

തിരുവനന്തപുരം: കേരളം ഗുണ്ടാ ഇടനാഴിയായി മാറിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ആർഎസ്എസ്, എസ്ഡിപിഐ വർഗീയത നിറഞ്ഞാടുകയാണ്. രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാ ആക്രമണങ്ങളും വർധിക്കുന്നു. ജനങ്ങളുടെ ജീവന് സുരക്ഷയില്ലാത്ത സാഹചര്യമാണ്. രണ്ടാം വാർഷികം ആഘോഷിക്കാൻ സർക്കാറിന് ഒരു അവകാശവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യൽ എഞ്ചിനീയറിങ് എന്ന് മുഖ്യമന്ത്രി ഓമനപ്പേരിട്ട് വിളിക്കുന്ന നയം മൂലമാണ് ഇത്തരമൊരു അവസ്ഥയുണ്ടായത്. മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെ സിപിഎമ്മിന്റെ 14 ജില്ലാ സമ്മേളനങ്ങളിലും വിമർശനമുണ്ടായെന്നും വി.ഡി സതീശൻ പറഞ്ഞു.

വിഷും ഈസ്റ്ററും ഒരുമിച്ച് വന്നിട്ടും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല. കേരളത്തിന്റെ പൊതുഗതാഗത മേഖലയെ ദയാവധത്തിന് വിട്ടുകൊടുത്താണ് സർക്കാർ കെ റെയിൽ നിർമിക്കാൻ പോവുന്നത്. ഘടകക്ഷികളുടെ വകുപ്പുകളിലെല്ലാം സിഐടിയു ഗുണ്ടായിസമാണ്. മുഖ്യമന്ത്രി ഇതെല്ലാം കണ്ടിട്ടും നിശബ്ദനായിരിക്കുകയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

മുഴുവൻ വകുപ്പുകളും സമ്പൂർണ പരാജയമാണ്. ആരോഗ്യവകുപ്പ് ഏറ്റവും മോശം വകുപ്പാണെന്ന് ചീഫ് സെക്രട്ടറി തന്നെ പറയുകയാണ്. അടുത്ത വർഷം ശമ്പളം കൊടുക്കാൻ പണമില്ലെന്നാണ് ധനമന്ത്രി പറയുന്നത്. എന്നാൽ പാർട്ടി നേതാവിനെ ഉന്നത തസ്തികയിൽ നിയമിച്ച് രണ്ടര ലക്ഷം രൂപ ശമ്പളം കൊടുക്കുകയാണ്. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കൊടുക്കാനും ക്ഷേമ പെൻഷൻ വിതരണത്തിനും പണമില്ലെങ്കിലും സ്വന്തക്കാർക്ക് വാരിക്കോരി കൊടുക്കാൻ ഇഷ്ടംപോലെ പണമുണ്ടെന്നും സതീശൻ പറഞ്ഞു.

തൃക്കാക്കര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയെക്കുറിച്ച് ചർച്ച ആരംഭിച്ചിട്ടില്ല. പി.ടി തോമസിന്റെ വീട്ടിൽ പോയത് രാഷ്ട്രീയ ചർച്ചക്കല്ല. അത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

Leave a Reply