കോഴിക്കോട് കോടഞ്ചേരിയിൽ മിശ്ര വിവാഹിതരായ ദമ്പതികൾ ജോയ്‌സ്‌നയും ഭർത്താവ് ഷെജിനും ഹൈക്കോടതിയിൽ ഹാജരായി നിലപാടറിയിച്ചു

0

കൊച്ചി∙ കോഴിക്കോട് കോടഞ്ചേരിയിൽ മിശ്ര വിവാഹിതരായ ദമ്പതികൾ ജോയ്‌സ്‌നയും ഭർത്താവ് ഷെജിനും ഹൈക്കോടതിയിൽ ഹാജരായി നിലപാടറിയിച്ചു. ഭർത്താവിനൊപ്പം പോകാനാണു താൽപര്യമെന്നും വീട്ടുകാരോടു സംസാരിക്കാൻ താൽപര്യമില്ലെന്നും ജോയ്‌സ്‌ന കോടതിയെ അറിയിച്ചു. ഇതോടെ ജോയ്സന അന്യായ തടങ്കലിൽ അല്ലെന്നു വ്യക്തമായതായി കോടതി പ്രഖ്യാപിച്ചു.

മകൾ രാജ്യം വിട്ടു പോയേക്കുമെന്നു മാതാപിതാക്കൾ കോടതിയിൽ ആശങ്കപ്പെട്ടു. നിലവിൽ അതിനു സാധിക്കില്ലെന്നു കോടതി വ്യക്തമാക്കി. പെൺകുട്ടിക്കു സ്വന്തമായി തീരുമാനം എടുക്കാനുള്ള പക്വതയായിട്ടുണ്ടെന്നു പറഞ്ഞ കോടതി, ജോയ്‌സ്‌നയെ ഭർത്താവ് ഷെജിനൊപ്പം അയച്ച് മാതാപിതാക്കൾ നൽകിയ ഹേബിയസ് കോർപസ് ഹർജി തീർപ്പാക്കി.

അഭിഭാഷകർക്കൊപ്പമായിരുന്നു ഷെജിനും ജോയ്‌സ്‌നയും രാവിലെ കോടതിയിൽ ഹാജരായത്. മകളെ കാണാനില്ലെന്നു കാണിച്ച് ജോയ്‌സ്‌നയുടെ പിതാവ് ജോസഫാണ് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഫയൽ ചെയ്തത്. ഹൈക്കോടതി നിർദേശത്തെ തുടർന്നു നേരത്തെ ജോയ്‌സ്‌ന താമരശേരി കോടതിയിൽ ഹാജരായിരുന്നു. സാങ്കേതിക നടപടി ക്രമം എന്ന നിലയിലാണ് ഇന്നു ഹൈക്കോടതിയിൽ ഹാജരായത്. ഇരുവരും വിവാഹശേഷം ആലപ്പുഴയിൽ ഷെജിന്റെ പിതൃവീട്ടിലാണ് താമസിച്ചു വരുന്നത്

Leave a Reply