ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ്‌ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്‌ 18 റണ്‍ ജയം

0

മുംബൈ: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ്‌ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്‌ 18 റണ്‍ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ആറ്‌ വിക്കറ്റിന്‌ 181 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്‌ ഒന്‍പത്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 163 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു.
25 റണ്‍ വഴങ്ങി നാല്‌ വിക്കറ്റെടുത്ത ജോഷ്‌ ഹാസില്‍വുഡാണു ലഖ്‌നൗവിനെ തകര്‍ത്തത്‌. നായകനും ഓപ്പണറുമായ ഫാഫ്‌ ഡു പ്ലെസിസിന്റെ വെടിക്കെട്ടാണ്‌ റോയല്‍ ചലഞ്ചേഴ്‌സിനെ മികച്ച സ്‌കോറിലെത്തിച്ചത്‌. ഫാഫ്‌ 64 പന്തില്‍ രണ്ട്‌ സിക്‌സറും 11 ഫോറുമടക്കം 96 റണ്ണുമായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. ഷാബാസ്‌ അഹമ്മദ്‌ (22 പന്തില്‍ 26), ഗ്ലെന്‍ മാക്‌സ്വെല്‍ (11 പന്തില്‍ ഒരു സിക്‌സറും മൂന്ന്‌ ഫോറുമടക്കം 23 എന്നിവരുടെ സഹായത്തോടെ റോയല്‍ ചലഞ്ചേഴ്‌സ് സ്‌കോര്‍ ആറിന്‌ 181 റണ്ണെന്ന നിലയിലെത്തിച്ചു.
ഓപ്പണര്‍ അനുജ്‌ റാവത്തിനെ (അഞ്ച്‌ പന്തില്‍ നാല്‌) ദുഷ്‌മന്ത ചാമീര ആദ്യ ഓവറില്‍ തന്നെ ലോകേഷ്‌ രാഹുലിന്റെ കൈയിലെത്തിച്ചു റോയല്‍ ചലഞ്ചേഴ്‌സിനെ ഞെട്ടിച്ചിരുന്നു. മൂന്നാമനായി ഇറങ്ങിയ മുന്‍ നായകന്‍ വിരാട്‌ കോഹ്ലി നേരിട്ട ആദ്യ പന്തില്‍ തന്നെ ദീപക്‌ ഹൂഡയ്‌ക്കു ക്യാച്ച്‌ നല്‍കി. മാക്‌സ്വെല്ലും ഫാഫും ചേര്‍ന്നതോടെയാണു റോയല്‍ ചലഞ്ചേഴ്‌സിനു ശ്വാസം വീണത്‌. മാക്‌സ്വെല്ലിനെ ജാസണ്‍ ഹോള്‍ഡറിന്റെ കൈയിലെത്തിച്ച്‌ കൃനാല്‍ പാണ്ഡ്യ കൂട്ടുകെട്ട്‌ പൊളിച്ചു. സൂയാസ്‌ പ്രഭുദേശായി (10) കുറച്ചു നേരം പിടിച്ചുനിന്നു. ജാസണ്‍ ഹോള്‍ഡറാണു സൂയാസിനെ പുറത്താക്കിയത്‌. അവസാന ഓവറില്‍ ഫാഫും മടങ്ങി. ഹോള്‍ഡറുടെ പന്തില്‍ മാര്‍നസ്‌ സ്‌റ്റോനിസാണു നായകനെ പിടികൂടിയത്‌. ദിനേഷ്‌ കാര്‍ത്തിക്ക്‌ എട്ട്‌ പന്തില്‍ 13 റണ്ണുമായിനിന്നു. ലഖ്‌നൗവിനു വേണ്ടി ദുഷ്‌മന്തയും ജാസണ്‍ ഹോള്‍ഡറും രണ്ട്‌ വിക്കറ്റ്‌ വീതമെടുത്തു.

Leave a Reply