ശ്രീലങ്കയ്ക്ക് വീണ്ടും സഹായവുമായി ഇന്ത്യ. 40,000 മെട്രിക് ടൺ ഡീസലാണ് ഇന്ത്യ പുതുതായി ശ്രീലങ്കയ്ക്ക് നൽകിയിരിക്കുന്നത്

0

ശ്രീലങ്കയ്ക്ക് വീണ്ടും സഹായവുമായി ഇന്ത്യ. 40,000 മെട്രിക് ടൺ ഡീസലാണ് ഇന്ത്യ പുതുതായി ശ്രീലങ്കയ്ക്ക് നൽകിയിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയെ ഇന്ത്യ മുൻപും സഹായിച്ചിരുന്നു. ഇത് നാലാം തവണയാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് ഇന്ധന സഹായം നൽകിയത്.

ശ്രീലങ്കയിൽ ഇന്ധനവില വീണ്ടും വർദ്ധിപ്പിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധക്കാരും പൊലീസും തമ്മിൽ പലതവണ ഏറ്റുമുട്ടലുണ്ടായിരുന്നു. 19ന് നടന്ന ഏറ്റുമുട്ടലിൽ ഒരാൾ മരണപ്പെട്ടു. വെടിവയ്പ്പിൽ പത്ത് പേർക്കാണ് പരുക്കേറ്റത്. രാജ്യതലസ്ഥാനത്ത് നിന്ന് 95 കിലോമീറ്റർ അകലെയുള്ള രാംബുക്കാനയിലാണ് പൊലീസ് വെടിവയ്പ്പുണ്ടായത്. ജനക്കൂട്ടം ഹൈവേ തടഞ്ഞാണ് പ്രതിഷേധം നടത്തിയത്. ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. പതിനായിരക്കണക്കിന് ജനങ്ങൾ റോഡിലിറങ്ങി രാജ്യതലസ്ഥാനത്തേക്കുള്ള വഴികൾ തടയുകയും ടയറുകൾ അടക്കം കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്യുകയാണ്.

ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയിൽ പ്രതിഷേധിച്ച് നടക്കുന്ന പ്രക്ഷോഭങ്ങളിൽ ആദ്യമായാണ് ഒരു വെടിവയ്പ്പ് റിപ്പോർട്ട് ചെയ്യുന്നത്. ജനക്കൂട്ടം അക്രമാസക്തരായതിനാലാണ് വെടിവെക്കേണ്ടി വന്നതെന്നാണ് സർക്കാരിന്റെ വിശദീകരണം. ഇന്ധനവുമായി എത്തിയ വാഹനത്തിന് സമരക്കാർ തീ കൊളുത്താൻ ശ്രമിച്ചതായും പൊലീസ് ആരോപിക്കുന്നു. പ്രസിഡന്റ് ഗോതാഭയ രാജപക്സെയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം തുടരുന്നത്.

Leave a Reply